ചിലര്‍ക്ക് സ്വന്തം മക്കളെപ്പോലെയോ കുടുംബാംഗങ്ങളെ പോലെയോ ആണ് വളര്‍ത്തുപട്ടികള്‍. അവരെ സംബന്ധിച്ച് പട്ടികള്‍ക്ക്, എന്തെങ്കിലും അസുഖം വന്നാല്‍ പിന്നെ അത് ഭേദമാകുന്നത് വരെയും ആശങ്കകളായിരിക്കും. എന്നാല്‍ നമ്മളറിയാതെ നമ്മുടെ വീട്ടിലെ പട്ടിക്ക് എന്തെങ്കിലും അസുഖമുണ്ടായാലോ? നമ്മളറിയാതെ അത് കഷ്ടപ്പെടുന്നുണ്ടെങ്കിലോ?

അത്തരമൊരു സാധ്യതയിലേക്ക് വിരല്‍ചൂണ്ടുകയാണ് ബ്രിട്ടനില്‍ നടന്ന ഒരു പഠനം. അതായത്, ഉടമസ്ഥര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഒരസുഖം പട്ടിക്കുണ്ടായിരിക്കും. എന്നാല്‍ അതിന് തന്റെ അസുഖത്തെപ്പറ്റി ഉടമസ്ഥനെ ധരിപ്പിക്കാനും ആകില്ല. മറ്റൊന്നുമല്ല, ഗുരുതരമായ മാനസിക പ്രശ്‌നങ്ങളെ കുറിച്ചാണ് ഗവേഷകര്‍ പറയുന്നത്. 

ബ്രിട്ടനില്‍ ഏതാണ്ട് പത്ത് ലക്ഷം പട്ടികള്‍ക്കെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. വിഷാദരോഗം, ഉത്കണ്ഠ, നിരന്തരമുണ്ടാകുന്ന പാനിക് അറ്റാക് എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനപ്പെട്ട വിഷമതകള്‍. ശാരീരികമായ പ്രശ്‌നങ്ങളാണെങ്കില്‍ അത് ഏതെങ്കിലും തരത്തില്‍ പ്രകടിപ്പിക്കാനും അതുവഴി ഉടമസ്ഥന് അത് കണ്ടെത്താനും കഴിയും എന്നാല്‍ മാനസികപ്രശ്‌നങ്ങളുടെ അവസ്ഥ അതല്ലല്ലോ. അതിനാല്‍ത്തന്നെ ഇത് പകുതിയോളം ഉടമസ്ഥരും തിരിച്ചറിയുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. 

മാനസികരോഗങ്ങള്‍ ക്രമേണ പട്ടിയുടെ പെരുമാറ്റത്തേയും പ്രതികൂലമായി ബാധിക്കും. മനുഷ്യരുമായി അടുത്തിടപഴകുന്ന പട്ടിയാണെങ്കല്‍ സ്വാഭാവികമായും ഇത് മനുഷ്യരേയും ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ പട്ടികളിലുണ്ടാകുന്ന പെരുമാറ്റപ്രശ്‌നങ്ങള്‍ വെറും ശാരീരികമായ വ്യതിയാനങ്ങളായി കാണരുതെന്നും അത് പിന്നീട് അപകടകരമായ അവസ്ഥകള്‍ ക്ഷണിച്ചുവരുത്തുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.