Asianet News MalayalamAsianet News Malayalam

എപ്പോഴും മനസിൽ കടന്ന് വരുന്നത് നെ​ഗറ്റീവ് ചിന്തകളാണോ, വല്ലാത്ത ഭയം മനസ്സിനെ അലട്ടുന്നുണ്ടോ..?

മരണഭയം എന്നത് അകാരണ ഭയം (ഫോബിയ), ഉൽകണ്‌ഠ എന്നീ മാനസികപ്രശ്നങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകുന്നു എന്നതിന്റെ ലക്ഷണങ്ങള്‍ ആകാം. മരണം എന്നതിലേക്ക്‌ എല്ലാ മനുഷ്യരും ഒരുനാള്‍ എത്തിച്ചേരും. 

dr priya varghese column about death anxiety and negative thinking
Author
Trivandrum, First Published Oct 23, 2020, 10:17 AM IST

മരിച്ചുപോകുമോ എന്ന വല്ലാത്ത ഭയം മനസ്സിനെ അലട്ടുന്നുണ്ടോ?

എന്റെ ഭർത്താവിനോ/ഭാര്യയ്ക്കോ മക്കൾക്കോ അപകടം സംഭവിക്കുമോ?

എന്റെ മാതാപിതാക്കളുടെ ആരോഗ്യനില വഷളാകുമോ?

കൊവിഡ് കാലത്ത് ഇങ്ങനെ ഒരിക്കലെങ്കിലും ചിന്തിച്ച് ഭയക്കാത്ത ആളുകള്‍ കുറവായിരിക്കും. എന്നാൽ ഈ ചിന്തകള്‍ നിരന്തരംസമാധാനം കെടുത്തുന്ന അവസ്ഥ ഉണ്ടോ? അമിതമായ ആകുലതകളും നെഗറ്റീവ് ചിന്തകളും കാരണം ശരിയായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണോ?

മരണം എന്ന വാക്ക് കേൾക്കുന്നത് തന്നെ പലരിലും വലിയ ഭയം ഉണ്ടാക്കിയേക്കാം. പല കാരണങ്ങളാല്‍ ആളുകള്‍ മരണപ്പെടുന്ന വാർത്തകള്‍ വായിച്ച് തനിക്കും അങ്ങനെ സംഭവിക്കുമോ എന്ന് സങ്കൽപിച്ച് മനസ്സ് വിഷമിപ്പിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ നിരവധിയാണ്.

മരണഭയം എന്നത് അകാരണ ഭയം (ഫോബിയ), ഉൽകണ്‌ഠ എന്നീ മാനസികപ്രശ്നങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകുന്നു എന്നതിന്റെ ലക്ഷണങ്ങള്‍ ആകാം. മരണം എന്നതിലേക്ക്‌ എല്ലാ മനുഷ്യരും ഒരുനാള്‍ എത്തിച്ചേരും. എന്നാല്‍ അതിനെപ്പറ്റി മാത്രം എപ്പോഴും ചിന്തിച്ചു ഭയന്ന് മാസങ്ങളോളവും വർഷങ്ങളോളവും ജീവിച്ചാലോ? അത് ജീവിതമല്ല മരിച്ച് ജീവിക്കുന്ന ഒരു മാനസികാവസ്ഥയാവും ഉണ്ടാക്കുക.

 കാര്യമായ രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയില്‍ ആയിരിക്കും ഉൽകണ്ഠമൂലം ഞാന്‍ മരിച്ചുപോകുമോ എന്ന ഭയം മനസ്സില്‍ നിറയുന്നത്. ഉൽകണ്‌ഠ ഒരു മാനസിക പ്രശ്നമാണ്. മാനസിക പ്രശ്നം എന്ന വാക്ക് ഉപയോഗിച്ചു എന്നതുകൊണ്ട് അതൊരിക്കലും മാറ്റിയെടുക്കാന്‍ കഴിയാത്ത അതിതീവ്രമായ മാനസിക പ്രശ്നമാണ് എന്നു തെറ്റിദ്ധരിക്കരുത്. 

ലഘുവായ ഒരു മാനസിക പ്രശ്നം മാത്രമാണ് ഉൽകണ്‌ഠ (anxiety). സാധാരണ നമ്മള്‍ ടെൻഷൻ എന്നു പറയുന്ന അവസ്ഥ. ഈ ടെൻഷന്‍ എന്ന അവസ്ഥ ജീവിതത്തില്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടില്ലാത്ത ആളുകള്‍ ഉണ്ടാവില്ല. പക്ഷേ ഈ അവസ്ഥ അധികകാലം പരിഹരിക്കപ്പെടാതെ നിലനിൽക്കുമ്പോൾ ആ വ്യക്തിയുടെ മനസ്സിന്റെയും ജീവിതത്തിന്റെയും സമാധാനവും സുസ്ഥിതിയും നഷ്ടപ്പെടാന്‍ അത് കാരണമാകുന്നു.

വളരെ നാളുകള്‍ ഉൽകണ്ഠ അനുഭവിക്കുമ്പോള്‍ പല ആളുകൾക്കും തിരിച്ചറിയാന്‍ കഴിയാറുണ്ട് ഇത് മനസ്സിന്റെ് ടെൻഷന്‍ ആണ് എന്നും ഇത്തരം ചിന്തകള്‍ മാറ്റിയേ മതിയാവൂ എന്നുമൊക്കെ. പക്ഷേ അപ്പോഴെല്ലാം ചികിത്സ എടുക്കാന്‍ ധൈര്യം ഇല്ലാതെ പോകുന്നതിന്റെ പ്രധാന കാരണം മറ്റുള്ളവര്‍ ആരെങ്കിലും ചികിത്സ എടുക്കുന്ന വിവരം അറിഞ്ഞാലോ എന്ന ഭയമാണ്. 

സൈക്കോളജിസ്റ്റിനെ സമീപിക്കുന്നവര്‍ എല്ലാവരും തീവ്രമായ മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ മാത്രമാണ് എന്ന സമൂഹത്തിന്റെ തെറ്റായ ധാരണയാണ് മാറേണ്ടത്. കുട്ടികളില്‍ പഠനത്തില്‍ പിന്നോക്കാവസ്ഥ, ശ്രദ്ധക്കുറവ് മുതിർന്നവരില്‍ ജോലിയിലെ മാനസിക സമ്മർദ്ദം, ആത്മവിശ്വാസക്കുറവ്, കുടുംബ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള മരുന്നാവശ്യമില്ലാതെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളാണ് അധികമായും സൈക്കോളജിസ്റ്റ് ചികത്സിക്കുന്നത്. 

ഉൽകണ്‌ഠ പോലെയുള്ള മാനസിക പ്രശ്നങ്ങള്‍ മന:ശാസ്ത്ര ചികിത്സയിലൂടെ പൂർണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന അവസ്ഥയാണ്‌. ചിന്തകളില്‍ മാറ്റം വരുത്തിയെടുക്കേണ്ടത് എങ്ങനെയെന്ന പരിശീലനമാണ് ചികിത്സാരീതി. ഒരു പുതിയ ശീലം ഉണ്ടാക്കിയെടുക്കാന്‍ കഴിയുക എന്നതുപോലെ സമയവും ക്ഷമയും പ്രതിബദ്ധതയും അതിനാവശ്യമാണ്. ചികിത്സ തേടുന്നത് യഥാർത്ഥ  വിദ്യാഭ്യാസ യോഗ്യതയുള്ള മന:ശാസ്ത്രജ്ഞരില്‍ നിന്നുമാണ് എന്ന് ഉറപ്പുവരുത്തുക.

തീരുമാനങ്ങള്‍ എടുക്കാനും അതില്‍ ഉറച്ച് നിൽക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ...?

എഴുതിയത്:
പ്രിയ വ‌ർ​ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പുഷ്പഗിരി മെഡിക്കല്‍ കോളേജ് (CDC), തിരുവല്ല
Consultation near TMM Hospital, Thiruvalla
For appointments call: 8281933323


 

Follow Us:
Download App:
  • android
  • ios