ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ പല അവസരങ്ങളിലും കഴിയാത്ത അവസ്ഥ ഉണ്ടോ? ഇത് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടോ? താഴെ പറയുന്ന ഏതെല്ലാം ചിന്തകള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകാറുണ്ട് എന്ന് പരിശോധിക്കുക.

1.    തീരുമാനങ്ങള്‍ തെറ്റായിപ്പോകുമോ എന്ന ഭയം

ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലും കൃത്യമായ ഒരു തീരുമാനം എടുക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അതു തെറ്റായിപ്പോയാല്‍ എന്ത് ചെയ്യും എന്ന ഭയം എപ്പോഴും തോന്നുന്ന അവസ്ഥ പല ആളുകളിലും കാണാം. തീരുമാനം ശരിയായില്ല എങ്കില്‍ പിന്നെ ഒരു വിധത്തിലും അത് ശരിയാക്കി എടുക്കാന്‍ സാധ്യമല്ല എന്ന വിശ്വാസമാണോ ഉള്ളത്? തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ മാസങ്ങളും വർഷങ്ങളും വരെ കടന്നുപോകുന്ന അവസ്ഥ ചിലപ്പോള്‍ ഉണ്ടാവാം.

2. മറ്റുള്ളവര്‍ എന്ത് പറയും എന്ന പേടി

വ്യക്തമായ ഒരു തീരുമാനം മനസ്സില്‍ ഉണ്ട് എങ്കിലും മറ്റുള്ളവര്‍ വിമർശിക്കുമോ എന്ന ഭയത്തില്‍ തീരുമാനം പറയാതെ മുന്നോട്ട് പോകുകയാണോ? വിമർശനങ്ങൾ കേൾക്കുമ്പോള്‍ മനസ്സു വല്ലാതെ തളർന്ന് പോകുന്ന നിലയില്‍ ധൈര്യമില്ലാത്ത അവസ്ഥയാകാം ഇപ്പോള്‍ ഉള്ളത്.

3. മറ്റുള്ളവരെ വിഷമിപ്പിക്കേണ്ടി വരുമോ എന്ന ആധി

ഇങ്ങനെ ഒരു ആധി മനസ്സില്‍ ഉള്ളതുമൂലം ധൈര്യമായി മറ്റുള്ളവരുടെ മുമ്പിൽ തീരുമാനം അവതരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ വന്നേക്കാം. എടുത്ത തീരുമാനം ശരിയാണ് എന്ന ഉത്തമ ബോധ്യം ഉള്ളപ്പോഴും അതു തുറന്ന് പറയുക ഇത്തരം അവസ്ഥയില്‍ ബുദ്ധിമുട്ടായി മാറും.

4.   ആത്മവിശ്വാസം ഇല്ലായ്മ അനുഭവപ്പെടുക

ഒരു തീരുമാനം എടുക്കുക എന്നാല്‍ എനിക്കത് അസാധ്യമാണ് എന്ന ചിന്ത മനസ്സിലേക്ക് വരുന്ന അവസ്ഥ. അതിനാൽ തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ ഒരിക്കലും ശരിയാവില്ല എന്നത് ഒരു വിശ്വാസംപോലെ മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടാവും. എന്റെ ചിന്തകള്‍ ശരിയാണോ എന്ന ആശയക്കുഴപ്പം ഇതുമൂലം ഉണ്ടാവും.

5.   ഭാവിയെപ്പറ്റി പ്രതീക്ഷ ഇല്ലാതെയാവുക

ഭാവി ഒരിക്കലും ശരിയാക്കിയെടുക്കാന്‍ കഴിയില്ല എന്ന ചിന്ത മനസ്സില്‍ കയറിപ്പറ്റിയാല്‍ മനസ്സ് വിഷാദത്തിലേക്ക് പോകും. നിസ്സഹായ അവസ്ഥ തോന്നാനും ഇതു കാരണമാകും.

പരിഹാര മാർ​ഗം...

തീരുമാനങ്ങള്‍ എടുക്കാന്‍ അതിയായ ബുദ്ധിമുട്ടു നേരിടുന്നവര്‍ അതിനു കാരണമായ മാനസികാവസ്ഥ എന്താണെന്നു കണ്ടെത്താന്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ  സഹായം തേടുക. മനസ്സിനെ ബാധിച്ചിരിക്കുന്ന വിഷാദം, ഉൽകണ്‌ഠ എന്നീ പ്രശ്നങ്ങളാണ് ഇതിന്റെ പിന്നിലുള്ള കാരണങ്ങള്‍. ഇത് തിരിച്ചറിയാനും എങ്ങനെ ഈ അവസ്ഥ മറികടക്കാനാവും എന്ന് പഠിച്ചെടുക്കാനും മന:ശാസ്ത്ര ചികിത്സയിലൂടെ സാധിക്കും. കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി എന്ന ചികിത്സാരീതി ഈ അവസ്ഥ മാറ്റിയെടുക്കാന്‍ വളരെ സഹായകരമാണ്.

വിഷാദം, ഉൽകണ്‌ഠ എന്നീ അവസ്ഥകള്‍ മറ്റുള്ളവര്‍ അറിയും എന്ന ഭയത്തില്‍ ചികിത്സ തേടാതെയിരിക്കുന്നത് ജീവിതം ദുഷ്കരമാക്കും. ഏത് പ്രായക്കാരെയും, ഏതു വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക സ്ഥിതിയും ഒക്കെയുള്ള ആളുകളെയും മാനസിക പ്രശ്നങ്ങള്‍ ബാധിക്കാം. മാനസിക പ്രശ്നം വരിക എന്നാല്‍ അതൊരു തെറ്റല്ല. പരിഹരിച്ചു മുന്നോട്ടുള്ള ജീവിതത്തില്‍ സമ്മർദ്ദം കുറച്ചു കൊണ്ടുവരിക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. 

ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി നാം ഒരു ദിവസം എത്ര സമയം ഉപയോഗിക്കുന്നുണ്ടായിരിക്കും? പക്ഷേ മനസ്സിന്റെ  ആരോഗ്യത്തിന്റെ കാര്യത്തില്‍ എത്രമാത്രം പ്രാധാന്യം നാം നൽകുന്നുണ്ട്?മാനസിക സമ്മർദ്ദം കൂടാന്‍ സാധ്യതയുള്ള ഈ കൊവിഡ് കാലത്ത് മനസ്സിന്റെ സമാധാനം നിലനിർത്താനും നെഗറ്റീവ് ചിന്തകളെ മാറ്റിയെടുക്കാനും മാനസിക വ്യായാമങ്ങൾ കൂടി നമ്മള്‍ ശീലിച്ചു തുടങ്ങണം.

കൊവിഡ് പേടിയില്ല; ചൈനയില്‍ ബിയര്‍ ഫെസ്റ്റിവലില്‍ മാസ്‌കില്ലാതെ ആയിരങ്ങള്‍...

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI RegNo. 40415)
PH: 8281933323
Telephone consultation only