Asianet News MalayalamAsianet News Malayalam

എത്ര വൃത്തിയാക്കിയിട്ടും സംതൃപ്തിക്കുറവ്, എപ്പോഴും ടെൻഷനടിക്കുന്ന ആളാണോ നിങ്ങൾ; കാരണം ഇതാകാം

 ഭക്ഷണം കഴിക്കും മുൻപേ  മൂന്നു തവണയെങ്കിലും കൈ സോപ്പുപയോഗിച്ചു കഴുകും. വീട്ടിൽ എല്ലാവരും ഭക്ഷണം കഴിച്ചു തുടങ്ങി കഴിഞ്ഞാലും അവളുടെ പാത്രം ഒരു തവണകൂടി കഴുകാതെ അവള്‍ ഭക്ഷണം കഴിക്കില്ലായിരുന്നു.

Dr. priya varghese column about Obsessive Compulsive Disorder causes and symptoms
Author
Trivandrum, First Published Nov 27, 2019, 12:31 PM IST

രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മ. പൊതുവേ എല്ലാ കാര്യത്തിലും ടെൻഷൻ ഉള്ള ആളാണവര്‍. ഇപ്പോള്‍ കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്വം വന്നതോടെ ടെൻഷൻ അമിതമായി. പണ്ടേ വൃത്തിയുടെ കാര്യത്തില്‍ ചില നിർബന്ധങ്ങള്‍ അവർക്കുണ്ട്. ഭക്ഷണം കഴിക്കും മുൻപേ മൂന്നു തവണയെങ്കിലും കൈ സോപ്പുപയോഗിച്ചു കഴുകും. 

വീട്ടിൽ എല്ലാവരും ഭക്ഷണം കഴിച്ചു തുടങ്ങി കഴിഞ്ഞാലും അവളുടെ പാത്രം ഒരു തവണകൂടി കഴുകാതെ അവള്‍ ഭക്ഷണം കഴിക്കില്ലായിരുന്നു. കോളേജില്‍ ആദ്യം ഹോസ്റ്റലില്‍ ആയിരുന്നു താമസമെങ്കിലും അവിടുത്തെ ബാത്ത്റൂം അവള്‍ ഉദ്ദേശിക്കുന്ന വൃത്തിയുള്ളതല്ല എന്ന കാരണത്താല്‍ ഹോസ്റ്റല്‍ മാറിയിരുന്നു. 

കൈയ്യില്‍ എന്തെങ്കിലും അഴുക്കായാല്‍ ഉടന്‍ തന്നെ പോയി പല തവണ കൈ കഴുകും. എന്തെങ്കിലും അസുഖം വരുമോ എന്ന ഭയമാണു പിന്നീടവൾക്ക്.  ഇപ്പോള്‍ അമിത വൃത്തിയെന്നത് കുഞ്ഞിന്റെ കാര്യത്തില്‍ വലിയ പ്രശ്നമായിരിക്കുകയാണ്. കുഞ്ഞിനു ഭക്ഷണം കൊടുക്കുമ്പോള്‍ അല്പമെങ്കിലും നിലത്തു വീണാല്‍ അവൾക്കത് വലിയപ്രശ്നമാണ്. 

ഉടൻ തന്നെ അതു വൃത്തിയാക്കിയെങ്കിലേ അവൾക്ക്  സമാധാനമാകൂ. കുട്ടിക്കു ഭക്ഷണം കൊടുക്കുന്നതിനിടയില്‍ പല തവണ മുറി വൃത്തിയാക്കും. കുട്ടിയുടെ കെെയ്യും മുഖവും പല തവണ കഴുകും. ദിവസം നാലു തവണ കുട്ടിയെ കുളിപ്പിക്കും. രാത്രി പല തവണ അടുക്കള വൃത്തിയാക്കിയശേഷം മാത്രമേ ഉറങ്ങൂ. ഉറങ്ങാന്‍ കിടന്നാലും അടുക്കളയില്‍ ഗ്യാസ് ഓഫ്‌ ചെയ്തുകാണുമോ, പുറത്തേക്കുള്ള വാതില്‍ അടച്ചുകാണുമോ എന്നെല്ലാമുള്ള സംശയമാണ്. അതു പരിശോധിക്കാന്‍ അവള്‍ പല തവണ എഴുന്നേൽക്കും. അപ്പോള്‍ അവളെ കാണാതെ കുഞ്ഞു കരയാന്‍ തുടങ്ങും. 

അങ്ങനെ വീട്ടില്‍ എല്ലാവരും അവളെ വഴക്കു പറയാന്‍ തുടങ്ങി. അതിനാല്‍ പല തവണ പോയി ഇതെല്ലാം പരിശോധിച്ച ശേഷം അവള്‍ അവളുടെ ഫോണില്‍ വാതിലിന്റെയയും അടുക്കളയുടെയും ഫോട്ടോ എടുത്തു വയ്ക്കാന്‍ തുടങ്ങി. രാത്രിയില്‍ ഇടയ്ക്ക് ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് ഫോണിലെ ഫോട്ടോ നോക്കി വീണ്ടും വീണ്ടും ഉറപ്പുവരുത്തും കുഴപ്പമൊന്നും ഇല്ലായെന്ന്. അങ്ങനെ ഉറക്കം തീരെയില്ലാതെയായി. 

അവൾക്ക്  ചെറിയ കാര്യങ്ങൾക്ക്  പോലും പെട്ടെന്നു ദേഷ്യം വരാന്‍ തുടങ്ങി. ഒടുവില്‍ ഭർത്താവുമായി ഒത്തുപോകാൻ വയ്യാത്ത അവസ്ഥയായി. മറ്റൊരു വ്യക്തിയുടെ അവസ്ഥ ഇങ്ങനെയായിരുന്നു. അദ്ദേഹത്തിന് വീട്ടില്‍ എല്ലാ സാധനങ്ങളും അതു വച്ച സ്ഥലത്തു തന്നെ കാണണം എന്നു വലിയ നിർബന്ധമാണ്. 

ഒരു കസേരയോ ബുക്കോ മാറിയാല്‍ ഉടന്‍ ഭാര്യയുമായി വഴക്കു തുടങ്ങും. അവരുടെ ഉത്തരവാദിത്വ കുറവാണ് എല്ലാത്തിനും കാരണം എന്നു പറഞ്ഞ് വഴക്കാരംഭിക്കും. അദ്ദേഹം വീട്ടിലുള്ളപ്പോള്‍ എല്ലാവർക്കും  തമ്മില്‍ മിണ്ടാന്‍ തന്നെ ഭയമാണ്. എപ്പോഴാണ് എന്തു കുഴപ്പമാണ് അദ്ദേഹം കണ്ടുപിടിക്കുക എന്നറിയില്ല. 

ഭാര്യ എപ്പോഴും വീട്ടിലെ ഓരോ കാര്യവും അദ്ദേഹം ഉദ്ദേശിക്കുന്നതു പോലെആയിരിക്കാന്‍, വഴക്കുകള്‍ ഒഴിവാക്കാനായി ശ്രമിക്കും. അങ്ങനെ മാതാപിതാക്കള്‍ രണ്ടുപേരും അവരുടെ മകനെ വളർത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കാതെയായി. മകന്‍ വീട്ടില്‍നിന്നും പണം എടുക്കാന്‍ തുടങ്ങി. പിന്നീടു പതുക്കെ മദ്യം മയക്കുമരുന്ന് ഉപയോഗം ആരംഭിച്ചു. അവന്‍ ആവശ്യപ്പെടുന്ന പണം കിട്ടിയില്ലെങ്കില്‍ അവന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. 

ഒരിക്കല്‍ ദേഷ്യം വന്നപ്പോള്‍ അവന്‍ അച്ഛനെ കത്തിയെടുത്തു കുത്തി പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവന്റെ സ്വഭാവം ഏത് അവസ്ഥയിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. വൃത്തി എന്നുള്ളത് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ അമിതമായ വൃത്തി ഒരു വ്യക്തിയുടെയും അവർക്ക്  ചുറ്റുമുള്ളവരുടെയും മനസ്സമാധാനം കെടുത്തി കളയുന്ന സാഹചര്യം വന്നാലോ?.

 ‘ഒബ്സെസീവ് കംപല്‍സീവ് ഡിസോർഡർ (OCD)’ എന്ന അവസ്ഥയാണ് മേൽ പറഞ്ഞ ഉദാഹരണങ്ങളില്‍ കാണാന്‍ കഴിയുന്നത്. മനസ്സിനെ ശല്യപ്പെടുത്തുന്ന ചിന്തകള്‍ വീണ്ടും വീണ്ടും മനസ്സിലേക്കു വരികയും, ആ ചിന്തകളില്‍ നിന്നും മുക്തി നേടാന്‍ നിർബന്ധിതരായി വീണ്ടും വീണ്ടും ചില പ്രവർത്തികളിൽ ഏർപ്പെടുകകയും ചെയ്യുകയാണ് ഈ അവസ്ഥയുടെ പ്രത്യേകത.

 എങ്ങനെ ഒരു പ്രശ്നമുള്ളതിനാല്‍ സമയം ക്രമീകരിച്ച് ഒരു ദിവസം ചെയ്യേണ്ട എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാന്‍ അവർക്ക്  കഴിയാതെ വരുന്നു. ഉത്‌ക്കണ്‌ഠ മൂലമുണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. അധികമായാല്‍ അമൃതും വിഷം എന്നു പറയില്ലേ. അതാണ് ഇവരുടെ കാര്യത്തില്‍ സംഭവിക്കുന്നത്‌. 

ചിലരില്‍ സ്വന്തം കുഞ്ഞിനെ കൊന്നു കളയുമോ എന്ന പേടി, പ്രാർത്ഥനയ്ക്കിടയില്‍ തെറ്റായ ചിന്തകള്‍ മനസ്സിലേക്കു വരിക എന്നിങ്ങനെ പല രീതിയിലും OCD ലക്ഷണങ്ങള്‍ പ്രകടമാക്കാം. ഇതെല്ലാം തന്റെ ചിന്തകള്‍ മാത്രമാണ് എന്ന് ആ വ്യക്തിക്കു നന്നായി അറിയാം. എന്നാൽ സ്വയം ചിന്തകളില്‍ വ്യത്യാസം വരുത്തി ആ അവസ്ഥയെ തരണം ചെയ്യുക എന്നത് അമിത ഉത്‌ക്കണ്‌ഠ അനുഭവപ്പെടുന്നതിനാല്‍ ആ വ്യക്തിക്കു സാധ്യമായി എന്നു വരില്ല.

മനസ്സിലെ ഉത്‌ക്കണ്‌ഠ/ ടെൻഷൻ കുറയ്ക്കാനുള്ള പരിശീലനമാണ് ആദ്യം വേണ്ടത്. ടെൻഷൻ കുറഞ്ഞതിന് ശേഷം Cognitive Behavioural Therapy യിലൂടെ ചിന്തകളിലും പ്രവർത്തികളിലും കാര്യമായ വ്യത്യാസം ഉണ്ടാക്കിയെടുക്കാന്‍ കഴിയുക എന്നതാണ് ഇതിനുള്ള മന:ശാസ്ത്ര ചികിത്സ.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
റാന്നി, പത്തനംതിട്ട
PH: 8281933323
Consultation by appointment

Follow Us:
Download App:
  • android
  • ios