ശരാശരി ജീവിതനിലവാരം മാത്രമുള്ള ഓരോ സാധാരണക്കാരനും നിത്യേന ശപിച്ചുകൊണ്ടാണ് പൊതുനിരത്തിലൂടെ യാത്ര ചെയ്യാറ്, അല്ലേ? റോഡിലെ ചതിക്കുഴികളെല്ലാം വെട്ടിച്ച്, വൈകീട്ട് വീട്ടിലെത്തിയാല്‍ എത്തി, അല്ലെങ്കില്‍ വിധി- എന്ന മട്ടിലാണ് ജനം വണ്ടിയോടിക്കുന്നത് തന്നെ. 

എത്രയെത്ര ജീവനുകളാണ് റോഡിലെ കുഴികളില്‍ വീണ് പൊലിഞ്ഞുപോയിരിക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നമൊന്നും നമ്മുടെ നാട്ടില്‍ മാത്രമല്ല ഉള്ളതെന്നാണ് ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

ഇംഗ്ലണ്ടിലെ മിഡില്‍സ്ബര്‍ഗില്‍ നടന്ന വ്യത്യസ്തമായ ഒരു പ്രതിഷേധത്തിന്റെ കഥയാണ് പറഞ്ഞുവരുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവം നടക്കുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന നിരത്തിലെ വമ്പന്‍ കുഴികള്‍ക്ക് ചുറ്റും ഒരു സുപ്രഭാതത്തില്‍ ചില ചിത്രങ്ങള്‍ പ്രത്യേക്ഷപ്പെട്ടു. 

കണ്ടവര്‍ ഓരോരുത്തരും മൂക്കത്ത് വിരല്‍ വച്ച്, ചിരിച്ചുകൊണ്ട് അതിലെ കടന്നുപോയി. ഈ ചിരികള്‍ക്ക് പിന്നില്‍ കൃത്യമായ കാരണവുമുണ്ടായിരുന്നു. റോഡിലെ കുഴികളടയ്ക്കാത്തതിന് അജ്ഞാതനായ 'ചിത്രകാരന്‍' വരച്ചിട്ടത് മുഴുവന്‍ ലിംഗങ്ങളുടെ ചിത്രമായിരുന്നു. 

ഇത് കണ്ടില്ലെന്ന് നടിക്കാന്‍ അധികൃതര്‍ക്കാകുമോ? മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നടപടിയെടുത്തു കൗണ്‍സില്‍ ഭരണകര്‍ത്താക്കള്‍. പിന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡിലെ കുഴികളടച്ചു. ഒരു വർഷത്തോളമായി കേടായിക്കിടന്ന റോഡാണ് ഇങ്ങനെ ധൃതി പിടിച്ച് അധികാരികൾ നന്നാക്കിയത്. അല്‍പം കടന്നുപോയ പ്രതിഷേധമാര്‍ഗമായിരുന്നുവെങ്കിലും സംഗതി വിജയം കണ്ടതോടെ നാട്ടുകാരും അജ്ഞാതനായ 'ചിത്രകാരന്' നന്ദി പറഞ്ഞു.