Asianet News MalayalamAsianet News Malayalam

ഇടയ്ക്കിടെ മധുരം കഴിക്കണമെന്ന് തോന്നുന്നുണ്ടോ? പരിഹാരമുണ്ട്...

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍‌ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. 

Effective Ways to Cut off Unhealthy Sugar Cravings
Author
Thiruvananthapuram, First Published Feb 12, 2021, 4:43 PM IST

'വണ്ണം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിച്ചു. എന്നിട്ടും യാതൊരു പ്രയോജനവുമില്ല' എന്ന് പറയുന്നവരാണ് പലരും. ശരിയായ സമയത്ത് ശരിയായ ഭക്ഷണം എന്നതാണ് വണ്ണം കുറയ്ക്കാനുള്ള ഒരേയൊരു വഴി. ഒപ്പം വ്യായാമവും വേണം. 

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍‌ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ മധുരം ഒഴിവാക്കാനാണ് പലര്‍ക്കും മടി. വണ്ണം കുറയ്ക്കണമെങ്കില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഉറപ്പായും ഒഴിവാക്കണം. കാരണം പഞ്ചസാരയില്‍ കലോറി വളരെ കൂടുതലാണ്.  അമിതമായി മധുരം കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കും കാരണമാകാം. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇടയ്ക്കിടെ മധുരം കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത് തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വെള്ളം ധാരാളം കുടിക്കാം. നിര്‍ജ്ജലീകരണം പലപ്പോഴും മധുരം കഴിക്കാനുള്ള തോന്നലുണ്ടാക്കും. വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. നാരങ്ങാ വെള്ളം, സംഭാരം എന്നിവ കുടിക്കാം. 

രണ്ട്...

മധുരം കഴിക്കാനുള്ള തോന്നല്‍ ഉണ്ടാകുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. മഗ്നീഷ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം  മധുരം കഴിക്കാനുള്ള തോന്നലിനെ തടയും. അതുപോലെ തന്നെ നട്സ് കഴിക്കുന്നതും നല്ലതാണ്. 

മൂന്ന്...

ഒരിക്കലും ഒരു നേരത്തെ ഭക്ഷണം പോലും ഒഴിവാക്കരുത്. ഭക്ഷണം ഒഴിവാക്കുന്നത് മധുരം കഴിക്കാനുള്ള തോന്നലുണ്ടാക്കും. മാത്രവുമല്ല ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. മറിച്ച് അവ വിശപ്പ് കൂട്ടാനും അതുവഴി ശരീരഭാരം കൂടാനും കാരണമാകും.

നാല്...

ആവശ്യമായ അളവില്‍ പ്രോട്ടീന്‍ ശരീരത്തിലെത്തിയില്ലെങ്കിലും മധുരം കഴിക്കാന്‍ തോന്നും. പ്രത്യേകിച്ച് പ്രഭാത ഭക്ഷണത്തില്‍ മതിയായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തിയാല്‍ മധുരക്കൊതി കുറയ്ക്കാം. അവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. 

അഞ്ച്...

ഭക്ഷണക്രമത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറയ്ക്കുന്നതും നല്ലതാണ്. ഒപ്പം ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: വണ്ണം കൂടുമെന്ന പേടി വേണ്ട; ഈ ഭക്ഷണങ്ങള്‍ ധൈര്യമായി കഴിക്കാം...

Follow Us:
Download App:
  • android
  • ios