ശരീരവേദന മാറാൻ മസാജ് ചെയ്യുന്നത് പലപ്പോഴും ഗുണം ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാമ്പുകൾ മസാജ് ചെയ്യുന്ന വീഡിയോയാണ് വെെറലായിരിക്കുന്നത്.

ഈജിപ്തിലെ കെയ്‌റോ സ്പാ ആണ് മസാജിനായി പാമ്പുകളെ ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പുറത്ത് കൂടി പാമ്പുകള്‍ ഇഴഞ്ഞുനീങ്ങുന്നത് വീഡിയോയിൽ കാണാം. വിഷമില്ലാത്ത പാമ്പുകളെയാണ് മസാജ് ചെയ്യാനായി ഉപയോഗിക്കുന്നത്. റോയിട്ടേഴ്‌സാണ് വീഡിയോ പങ്കുവച്ചത്.

ഇരുപത്തിയെട്ടോളം പാമ്പുകളെ ഉപയോഗിച്ചാണ് അരമണിക്കൂര്‍ മസാജ് ചെയ്യുന്നത്. 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന മസാജിന് ആറ് ഡോളറാണ് നിരക്കായി ഈടാക്കുന്നത്.

പാമ്പുകളെ ഉപയോഗിച്ചുള്ള മസാജ് വഴി പേശി വേദന പോകുമെന്ന് സ്പാ ഉടമ സഫ്വത് സെഡ്കി പറഞ്ഞു. രക്തയോട്ടം വര്‍ധിക്കുന്നതിന് ഇത് ഗുണകരമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഇത് വഴി സാധിക്കുമെന്നും സഫ്വത് പറഞ്ഞു.

തുടക്കത്തില്‍ പേടി തോന്നിയിരുന്നുവെങ്കിലും  പിന്നീട് ആശ്വാസവും ആത്മവിശ്വാസവും വര്‍ധിച്ചുവെന്ന് സ്ഥിരമായി മസാജ് ചെയ്യുന്ന ഡയ സെയ്ൻ പറഞ്ഞു.