അത്ഭുതപ്പെടുത്തുന്ന ഓര്‍മ്മശക്തിയും, പൊതുവിജ്ഞാനത്തിലുള്ള അത്യപൂര്‍വ്വമായ അറിവുമെല്ലാം വ്യത്യസ്തരാക്കുന്ന ചില കുട്ടികളുണ്ട്. പ്രതിഭ തന്നെയെന്ന് സംശയമില്ലാതെ നമുക്ക് സമ്മതിച്ചുകൊടുക്കേണ്ടി വരും. 

അങ്ങനെയൊരു കുട്ടിയെ കുറിച്ചാണ് പറയുന്നത്. ചെന്നൈ സ്വദേശിയായ നിയാല്‍ തൊഗുലുവയാണ് ഈ താരം. ഭാഷയാണ് നിയാലിന്റെ വിഷയം. അതായത് വിവിധ ഭാഷകള്‍ എഴുതാനും വായിക്കാനുമെല്ലാം പഠിക്കുക. 

ഇപ്പോള്‍ എട്ട് വയസേയുള്ളൂ നിയാലിന്. ഈ പ്രായത്തില്‍ നിയാലിന് അറിയാവുന്ന ഭാഷകളുടെ എണ്ണമെത്രയെന്നോ? മാതൃഭാഷയായ തമിഴ് ഉള്‍പ്പെടെ 106 ഭാഷകളാണ് നിയാലിന് വഴങ്ങിയിരിക്കുന്നത്. ഇവയെല്ലാം എഴുതാനും വായിക്കാനുമറിയാം. എന്നാല്‍ ഒഴുക്കോടെ സംസാരിക്കാന്‍ 10 ഭാഷയിലേ കഴിയൂ. നിലവില്‍ പുതിയ അഞ്ച് ഭാഷകള്‍ കൂടി പഠിക്കുന്നുണ്ട് നിയാല്‍. 

എപ്പോഴോ മുതല്‍ തുടങ്ങിയതാണ് ഭാഷകളോടുള്ള പ്രേമം. പിന്നീട് ഗൂഗിളും യൂട്യൂബും കൂടി സഹായിച്ചതോടെ ആ ഇഷ്ടം കേറിയങ്ങ് വളര്‍ന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയില്‍ പല പല ഭാഷകളിലേക്ക് ആവേശത്തോടെ നിയാലെത്തി. പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. 

ഇന്റര്‍നെറ്റിന്റെ ഉപയോഗമാണ് മകനില്‍ ഈ താല്‍പര്യം കൊണ്ടുവന്നതെന്ന് അച്ഛന്‍ ശങ്കര്‍ നാരായണന്‍ പറയുന്നു. ഇപ്പോള്‍ പല ഭാഷകളും അവയിലെ ഉച്ചാരണങ്ങളുമെല്ലാം തങ്ങളെ പോലും പഠിപ്പിക്കുന്നത് മകനാണെന്നും അദ്ദേഹം പറയുന്നു.