മിസോറാമിലെ ഐസോളിൽ കച്ചവടക്കാരില്ലാതെ വിശ്വാസത്തിൽ മാത്രം പ്രവർത്തിക്കുന്ന ഒരു കടയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കനേഡിയനായ കാലേബ് ഫ്രൈസെൻ പങ്കുവെച്ച പോസ്റ്റിൽ, ആളുകൾ സാധനങ്ങൾ എടുത്ത ശേഷം പണം ഒരു കസേരയിൽ വെച്ച് പോകുന്നതാണ് കാണുന്നത്.
മനുഷ്യർക്ക് മനുഷ്യനെ വിശ്വസിക്കാൻ കഴിഞ്ഞാൽ തന്നെ ഈ ലോകം അതിമനോഹരമാകും. അതുപോലെ മനോഹരമായ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മിസോറാമിലെ ഐസോളിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. കനേഡിയനായ കാലേബ് ഫ്രൈസെൻ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം തന്നെ ആളുകളെ ആകർഷിച്ച് കഴിഞ്ഞു. ഇന്ത്യയിലെ ചില നാടുകളിൽ കാണുന്ന പരസ്പരവിശ്വാസത്തെയും സത്യസന്ധതയേയും കാണിച്ചു തരുന്നതായിരുന്നു പോസ്റ്റ് .
കച്ചവടക്കാരില്ലാത്ത ഒരു കടയാണ് പോസ്റ്റിൽ കാണുന്നത്. അവിടെ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ പണം ഒരു കസേരയിൽ വെച്ച് സാധനവുമായി മടങ്ങും. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും മിസോറാമിലെ ഐസോളിൽ ഇത് പതിവ് കാഴ്ചയാണ്. ഐസോളിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് കാലേബ് ഫ്രൈസെൻ റോഡരികിൽ ഒരു കൈപ്പടയിലുള്ള കുറിപ്പും അതിനടുത്ത് കുറച്ച് ചൂലുകളും വെച്ചിരിക്കുന്നത് കണ്ടത്. മിസോ ഭാഷയിൽ 'HMUNPHIAH LEI TUR A AWM E!! ₹ 50 / PIECE' എന്നായിരുന്നു ബോർഡ്. ഇതിന്റെ അർത്ഥം 'ചൂലുകൾ വിൽപ്പനയ്ക്ക്!! ഒന്നിന് 50 രൂപ' എന്നാണ്.
അവിടെ ആരുമുണ്ടായിരുന്നില്ല. പകരം, ആവശ്യമുള്ളവർക്ക് ഒരു ചൂൽ എടുക്കാം, അതിന്റെ വിലയായ 50 രൂപ അവിടെയുള്ള കസേരയിൽ വെച്ചാൽ മതി. 'അതിശയകരമാം വിധത്തിൽ വിശ്വാസത്തിന്മേൽ അധിഷ്ഠിതമായ സമൂഹം' എന്നാണ് കാലേബ് ഇതിനെ വിശേഷിപ്പിച്ചത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. അപൂർവമായിക്കൊണ്ടിരിക്കുന്ന സത്യസന്ധതയുടെ കാഴ്ചയായിട്ടാണ് ആളുകൾ ഇതിനെ കണ്ടത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ലോകത്തിന് ഇത്തരത്തിൽ മാതൃകയാകുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. കർണാടകയിലെ തീരദേശ മേഖലകളിലും ഇത്തരം രീതികൾ നിലനിൽക്കുന്നുണ്ടെന്ന് ചിലർ കമന്റ് ചെയ്തു.
