ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മൂന്ന് ആനകളാണ് വീഡിയോയിലുള്ളത്. ഇക്കൂട്ടത്തില്‍ പ്‌ളോയ് തോംഗ് എന്ന മുത്തശ്ശിയാനയ്ക്ക് ഇരുകണ്ണിനും കാഴ്ചയില്ല. അതിനാല്‍ തന്നെ തറയില്‍ എവിടെയാണ് ഭക്ഷണമെന്ന് ഇതിന് തിരിച്ചറിയാനും സാധിക്കുന്നില്ല

ആനകളെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. വലിയ കരുണയും കരുതലുമുള്ള മൃഗമാണ് ആനയെന്നും, ഏത് ഉപകാരത്തിനും എല്ലായ്‌പോഴും സ്മരണയുള്ള മൃഗമാണ് ആനയെന്നുമെല്ലാം നമ്മള്‍ ഇത്തരത്തില്‍ കേട്ടിട്ടുള്ള കാര്യങ്ങളാണ്. 

ഇതോടൊപ്പം തന്നെ ആനയുടെ ശ്രദ്ധ, ബുദ്ധിശക്തി എന്നിവയെ കുറിച്ചും നമ്മള്‍ കാര്യമായി കേട്ടിരിക്കാം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നൊരു ചെറുവീഡിയോയെ കുറിച്ചാണിനി പറയുന്നത്. തായ്‌ലാന്‍ഡിലെ 'എലഫന്റ് നേച്ചര്‍ പാര്‍ക്കി'ല്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മൂന്ന് ആനകളാണ് വീഡിയോയിലുള്ളത്. ഇക്കൂട്ടത്തില്‍ പ്‌ളോയ് തോംഗ് എന്ന മുത്തശ്ശിയാനയ്ക്ക് ഇരുകണ്ണിനും കാഴ്ചയില്ല. അതിനാല്‍ തന്നെ തറയില്‍ എവിടെയാണ് ഭക്ഷണമെന്ന് ഇതിന് തിരിച്ചറിയാനും സാധിക്കുന്നില്ല. ഉടനെ ചാന എന്ന് പേരുള്ള കുട്ടിയാന മുത്തശ്ശിയെ സഹായിക്കാനെത്തുകയാണ്. 

ഭക്ഷണം ഇട്ടിരിക്കുന്ന ദിശയില്‍ പിറകിലേക്ക് നടക്കുകയാണ് ചന. ചനയുടെ കാലടി ശബ്ദം പിന്തുടര്‍ന്ന് പതിയെ തോംഗ് ഭക്ഷണത്തിനരികിലെത്തുന്നു. തുടര്‍ന്ന് സന്തോഷപൂര്‍വ്വം മൂവരും കഴിക്കുന്നു. ഒരേസമയം ആനകളുടെ പരസ്പരമുള്ള കരുതലും അതേസമയം തന്നെ മൂര്‍ച്ചയേറിയ അവരുടെ ശ്രദ്ധയും ഈ വീഡിയോയിലൂടെ വ്യക്തമാകുന്നു. 

തായ് നടിയായ ലേക് ചൈലേര്‍ട്ട് ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'എലഫന്റ് നേച്ചര്‍ പാര്‍ക്കി'ന്റെയും 'സേവ് എലഫന്റ് ഫൗണ്ടേഷ'ന്റെയും സ്ഥാപക കൂടിയാണ് ലേക്. നിരവധി പേരാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടെ തോംഗിന്റെ കാഴ്ചശക്തി എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്ന സംശയവും ചിലര്‍ ചോദിച്ചു. അതിനെ രക്ഷപ്പെടുത്തി വനത്തിലെത്തിക്കുമ്പോള്‍ തന്നെ കാഴ്ചാപ്രശ്‌നമുണ്ടായിരുന്നുവെന്നും പിന്നീടത് പരിപൂര്‍ണ്ണമായി നഷ്ടപ്പെടുകയായിരുന്നുവെന്നും ലേക് മറുപടിയും നല്‍കി.

View post on Instagram

Also Read:- മെത്തയ്ക്കടിയിൽ ചെറിയൊരു അനക്കം, നോക്കിയപ്പോൾ കണ്ടത് 18 പാമ്പിൻ കുഞ്ഞുങ്ങൾ