നാട്ടുകാരും പ്രിയപ്പെട്ടവരുമെല്ലാം വരിയായി വന്ന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ അച്ചടക്കത്തോടെ ശാന്തനായി നടന്നെത്തുന്ന ബ്രഹ്മദത്തനെ വീഡിയോയില്‍ കാണാം. തുടര്‍ന്ന് വരാന്തയില്‍ കിടത്തിയിരിക്കുന്ന ദാമോദരന്റെ ഭൗതിക ശരീരത്തിന് നേരെ ബ്രഹ്മദത്തന്‍ പല തവണ തുമ്പിക്കയ്യുയര്‍ത്തുന്നു

വളര്‍ത്തുമൃഗങ്ങള്‍ക്ക് അവയെ പരിപാലിച്ച് സ്‌നേഹപൂര്‍വ്വം കൊണ്ടുനടക്കുന്ന മനുഷ്യരോട് തീര്‍ച്ചയായും ഒരു ആത്മബന്ധമുണ്ടായിരിക്കും. ഇക്കാര്യത്തില്‍ ആനകള്‍ക്കുള്ള കൂറ് പേര് കേട്ടതാണ്. ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഏറെ പേര്‍ പങ്കുവച്ചൊരു വീഡിയോയും ഇതുതന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

പാപ്പാന്റെ മരണത്തില്‍ പങ്കുകൊള്ളാന്‍, അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ ആനയാണ് വീഡിയോയിലുള്ളത്. കോട്ടയം സ്വദേശിയായ കുന്നക്കാട് ദാമോദരന്‍ എന്ന പാപ്പാനാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിനിടെയാണ് പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന ആന അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. 

നാട്ടുകാരും പ്രിയപ്പെട്ടവരുമെല്ലാം വരിയായി വന്ന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ അച്ചടക്കത്തോടെ ശാന്തനായി നടന്നെത്തുന്ന ബ്രഹ്മദത്തനെ വീഡിയോയില്‍ കാണാം. തുടര്‍ന്ന് വരാന്തയില്‍ കിടത്തിയിരിക്കുന്ന ദാമോദരന്റെ ഭൗതിക ശരീരത്തിന് നേരെ ബ്രഹ്മദത്തന്‍ പല തവണ തുമ്പിക്കയ്യുയര്‍ത്തുന്നു. 

കണ്ടുനിന്നവരെ എല്ലാം ഒരേസമയം കണ്ണീരിലാഴ്ത്തുന്നതായിരുന്നു ഈ കാഴ്ച. ഒടുവില്‍ ദാമോദരന്റെ മകന്‍ രാജേഷ് ബ്രഹ്മദത്തന്റെ അടുക്കലെത്തി, അവനെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇതും കണ്ടുനില്‍ക്കുന്നവരുടെ ഹൃദയം സ്പര്‍ശിക്കുന്നൊരു രംഗം തന്നെയാണ്. ബിജു നിള്ളങ്ങള്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ ഒരൊറ്റ ദിവസത്തിനുള്ളില്‍ തന്നെ എട്ടര ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

Also Read:- കുഴിയില്‍ വീണ കാട്ടാനയെ മുകളിലേയ്ക്ക് കയറ്റി; ജെസിബിയോട് കാട്ടാനയുടെ 'നന്ദിപ്രകടനം'; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona