സ്വന്തം കുഞ്ഞിന്റെ പേര്  മനസ്സിലാക്കാൻ ബുദ്ധിമുട്ടിയ ഒരു അച്ഛനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.  സ്പേസ് എക്‌സ്, ടെസ്‌ല കമ്പനികളുടെ സിഇഒയും ദി ബോറിങ് കമ്പനിയുടെ സഹസ്ഥാപകനുമായ ഇലോൺ മസ്ക് ആണ് ആ അച്ഛന്‍. അടുത്തിടെ ജർമനിയിൽ ടെസ്‌ലയുമായി ബന്ധപ്പെട്ടൊരു പരിപാടിക്കെത്തിയപ്പോഴാണ് ഇലോൺ മസ്ക് സ്വന്തം കുട്ടിയുടെ പേരിന്‍റെ ഉച്ചാരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടിയത്. 

അതിന്‍റെ പ്രധാന കാരണം മകന്‍റെ വ്യത്യസ്തമായ പേര് തന്നെയാണ്. മസ്കിന്റെയും ഗേൾഫ്രണ്ട് ഗ്രിംസിന്റെയും കുട്ടിക്ക് ഇവര്‍ ഇട്ട പേര് 'X Æ A-12' (എക്സ് ആഷ് എ 12) എന്നാണ്. മാസങ്ങള്‍ക്ക് മുന്‍പ് ജനിച്ച കുട്ടിക്ക് നൽകിയ ഈ പേര് അന്നേ വാർത്തകളിൽ ഇടം നേടിയിരുന്നു. 

കഴിഞ്ഞ ദിവസം ജർമനിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഒരു മാധ്യമപ്രവര്‍ത്തകന്‍ എക്സ് ആഷ് എ 12 എന്ത് പറയുന്നു എന്ന് മാസ്കിനോട് ചോദിച്ചു. പെട്ടെന്ന് എന്താണ് ചോദിച്ചത് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടിയ മസ്ക് ചോദ്യം അവർത്തിക്കാമോ എന്ന് അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാം. രണ്ടാം വട്ടം എക്സ് ആഷ് എ 12 എന്ന് പറഞ്ഞപ്പോൾ ഏകദേശം സംഭവം പിടികിട്ടിയ മസ്ക് "നിങ്ങൾ എന്റെ കുട്ടിയെപ്പറ്റിയാണോ പറയുന്നത്? അതൊരു പാസ്സ്‌വേർഡ് പോലെയുണ്ട്" എന്നാണ് മറുപടി പറഞ്ഞത്.

 

 

"അവൻ സുഖമായിരിക്കുന്നു. അടുത്ത തവണ അവനെയും കൊണ്ടുവരാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു"- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും വീഡിയോ വൈറലായതോടെ ഇലോൺ മസ്കിനെ ട്രോളി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റ്  ചെയ്തത്. 

Also Read: നീ എന്തൊരു അമ്മയാണെന്ന് പറയുന്നവരോട് സാന്ദ്രയുടെ മറുപടി; കുറിപ്പ് വൈറല്‍...