വാര്‍ധക്യത്തില്‍ സ്വസ്ഥമായ വിശ്രമജീവിതം ഉണ്ടാകാനാണ് ഒട്ടുമിക്കയാളുകളും ആഗ്രഹിക്കുക. എന്നാല്‍ ഭൗതികമായ ചുറ്റുപാടുകളും അതിന്റെ ബാധ്യതകളും മൂലം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ധാരാളം വയോധികര്‍ നമുക്ക് ചുറ്റുമുണ്ടാകാം. പരസഹായമില്ലാതെ നടക്കാന്‍ പോലും ഏറെ ബുദ്ധിമുട്ടുന്ന ആരോഗ്യാവസ്ഥയിലും എങ്ങുനിന്നും കനിവെത്താതെ അവര്‍ അധ്വാനിച്ചുകൊണ്ടേയിരിക്കും.

ഇങ്ങനെയൊരു വ്യക്തിയെക്കുറിച്ചാണ് ഗുരുവായൂര്‍ സ്വദേശിയായ സന്തോഷ് തന്റെ ഫേസ്ബുക്ക് വാളില്‍ ഒരു കുറിപ്പിലൂടെ പറയുന്നത്. 94ാം വയസിലും ഉപജീവനത്തിനായി ലോട്ടറി വില്‍പന നടത്തുന്ന രാമേട്ടന്‍. ആകസ്മികമായി റോഡില്‍ വച്ച് കണ്ടുമുട്ടിയ അദ്ദേഹത്തിന്റെ അവശനില മനസിലാക്കിയപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സന്തോഷ് അദ്ദേഹത്തിന്റെ കഥ മുഴുവനും അന്വേഷിക്കുകയായിരുന്നു. 

തുടര്‍ന്ന് അവര്‍ ഒന്നിച്ച്, അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തു. വീട്ടിലെ സാഹചര്യങ്ങളും അല്‍പം മോശമാണ്. അതിനാല്‍ത്തന്നെ അധികൃതരുടെ ശ്രദ്ധ, രാമേട്ടന്റെ പരിതസ്ഥിതിയിലേക്ക് ക്ഷണിക്കുകയാണ് സന്തോഷും കൂട്ടുകാരും. 

കുറിപ്പ് വായിക്കാം....

സുഹൃത്തുക്കളെ. ഇന്ന് കുന്നംകുളത്തുനിന്നും ഗുരുവായൂര്‍ ഉള്ള യാത്രയ്ക്കിടയില്‍ ഒരു വയോധികന്‍ ആയ വ്യക്തി ഊന്നുവടിയില്‍ വളരെ ബുദ്ധിമുട്ടി മെല്ലെ മെല്ലെ ലോക്ക്ഡൗണില്‍ അമര്‍ന്നുപോയ കുന്നംകുളത്തിന്റെ ദേശീയ പാതയിലൂടെ നടന്നു പോകുന്നു. 

എതിര്‍ഭാഗത്തു നിന്നും വരികയായിരുന്ന ഞങ്ങള്‍ വണ്ടി നിര്‍ത്തി. അദ്ദേഹത്തിന്റെ തോളില്‍ ഒരു ലോട്ടറി ഏജന്‍സിയുടെ ബാഗ് കണ്ടപ്പോള്‍ ലോട്ടറി കച്ചവടം കഴിഞ്ഞു വരികയാണ് എന്ന് മനസിലായി. അദ്ദേഹത്തിന്റെ കയ്യില്‍ ലോട്ടറി ഉണ്ടെങ്കില്‍ അത് മുഴുവന്‍ വാങ്ങണം എന്ന് ഞങ്ങള്‍ കരുതി. ലോട്ടറി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. 

അപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി ചെറിയ ഒരു തുക അദ്ദേഹത്തിന് നല്‍കി. അദ്ദേഹം അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. കുന്നംകുളത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ ഉള്ള ചിറളയം ആണ് വീട്. അവിടെ കൊണ്ടാക്കിത്തരാം എന്ന ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചു അദ്ദേഹം കാറില്‍ കയറി. 

കെ കെ രാമന്‍ എന്നാണ് ആളുടെ പേര്. വീട് നില്‍ക്കുന്ന സ്ഥലം ഒരു ചെങ്കുത്തായ സ്ഥലമാണ്. അദ്ദേഹത്തിന് ആണ്‍മക്കള്‍ ഇല്ല. വാര്‍ധക്യം മൂലം തീരെ വയ്യാത്ത അവസ്ഥ ആണ്. അവരുടെ വീട്ടില്‍ നിന്നും റോഡിലേക്ക് എത്താന്‍ ഉള്ള വഴി ഒന്ന് ശരിയാക്കുന്നതിന്, സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ ഉത്തരവ് ഇട്ടിരുന്നു.

എന്നാല്‍ രണ്ട് മാസം ആയിട്ടും അത് നടപ്പിലായില്ല എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ കഴിയുന്ന പോലെ സഹായം നല്‍കാം എന്ന് പറഞ്ഞു.

ഇത് വായിക്കുന്ന കുന്നംകുളം നഗരസഭ അധികാരികളും, എം എല്‍ എ അടക്കം ഉള്ളവരും 94 വയസില്‍ ഊന്നുവടിയില്‍ ജീവിതമാര്‍ഗം കണ്ടെത്തുന്ന രാമേട്ടന് വേണ്ടി ഇടപെടും എന്ന് കരുതുന്നു.

സന്തോഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:- 

Also Read:- 'മനോഹരം'; ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ താരമായി മുത്തശ്ശി: വീഡിയോ...