'അച്ഛനമ്മമാരുടെ കൈപിടിച്ച് ഏത് ഇരുട്ടുള്ള മുറിയിലേക്കും അവര്‍ നടക്കും, ഏത് പാതിരാത്രിയിലും എങ്ങോട്ടും യാത്ര ചെയ്യും, ഈ ലോകത്തിന്റെ ഏതുകോണിലേക്കും ആ വിരല്‍ത്തുമ്പിന്റെ മാത്രം ബലത്തില്‍ അവര്‍ ഇറങ്ങിത്തിരിക്കും...'
കുഞ്ഞുങ്ങളെ അവരുടെ കുഞ്ഞ് കുസൃതികള്‍ക്കടക്കം വഴക്ക് പറയുക എന്നല്ലാതെ നമ്മള്‍ അവരോട് ചെയ്യുന്ന തെറ്റുകള്‍ക്ക് പലപ്പോഴും ഒരു സോറി പറയാന്‍ പോലും നമ്മള്‍ തയ്യാറാകാറില്ല, അല്ലേ? കുട്ടിയല്ലേ, അവന്/അവള്‍ക്ക് നമ്മുടെ തെറ്റ് മനസിലാകരുത്, അങ്ങനെയാണെങ്കില്‍ പിന്നീടും ആ കണ്ണില്‍ നമ്മളെ കണ്ടേക്കും... എന്നെല്ലാമായിരിക്കും മിക്ക മാതാപിതാക്കളും ചിന്തിക്കുക.
എന്നാല്‍ നമ്മള്‍ കുട്ടികളോട് തെറ്റ് തുറന്നുസമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുമ്പോഴോ? കുഞ്ഞുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാവുകയും, കുഞ്ഞിന് അത് പുതിയ അനുഭവമാവുകയും ചെയ്യുമെന്നാണ് അനുഭവസ്ഥനായ ഒരച്ഛന്‍ ചൂണ്ടിക്കാട്ടുന്നത്. അത്തരമൊരനുഭവത്തെ പറ്റി എഴുതിയിരിക്കുകയാണ് ഷിബു ഗോപാലകൃഷ്ണന്‍. ഹൃദ്യമായ ആ കുറിപ്പ് വായിക്കാം...
കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍...
കുഞ്ഞുങ്ങളോട് നിങ്ങള്‍ സോറി പറയാറുണ്ടോ, വല്ലപ്പോഴും ഒരു താങ്ക്‌സ് എങ്കിലും.
മക്കള്‍ മാതാപിതാക്കളെ അവര്‍പോലുമറിയാതെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ്. ബുദ്ധി ഉറയ്ക്കുന്നതുവരെയുള്ള അവരുടെ പരിശ്രമം മുഴുവന്‍ അച്ഛനെപ്പോലെയും അമ്മയെപ്പോലെയും ആകാനായിരിക്കും. നമ്മള്‍ പഠിപ്പിക്കുന്നത് മാത്രമല്ല, നമ്മള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കാത്തതും അവര്‍ നമ്മളില്‍ നിന്നും പകര്‍ത്തും. അമാനുഷിക ശക്തിയുള്ള വലിയ മനുഷ്യരായിരിക്കും അവര്‍ക്ക് അച്ഛനുമമ്മയും.
അച്ഛനമ്മമാരുടെ കൈപിടിച്ച് ഏത് ഇരുട്ടുള്ള മുറിയിലേക്കും അവര്‍ നടക്കും, ഏത് പാതിരാത്രിയിലും എങ്ങോട്ടും യാത്ര ചെയ്യും, ഈ ലോകത്തിന്റെ ഏതുകോണിലേക്കും ആ വിരല്‍ത്തുമ്പിന്റെ മാത്രം ബലത്തില്‍ അവര്‍ ഇറങ്ങിത്തിരിക്കും. അച്ഛനുമമ്മയും ഉള്ള എല്ലായിടങ്ങളും അവര്‍ക്കു പറുദീസകളായിരിക്കും. തെറ്റുകള്‍ പറ്റാത്ത മാതൃകാമനുഷ്യരായിരിക്കും അവര്‍ക്കു അവരുടെ അച്ഛനുമമ്മയും.
നമ്മള്‍ ശാസിക്കും, അവരുടെ നന്മയ്ക്കെന്നു കരുതി വിസമ്മതിക്കും, വിയോജിക്കും. അവരുടെ തെറ്റുകള്‍ക്ക് പിറകെ നമ്മള്‍ നമ്മളുടെ മൈക്രോസ്‌കോപ്പിക് കണ്ണുകളുമായി സഞ്ചരിക്കും. ചൂണ്ടിക്കാണിക്കും, തിരുത്തും, അടവുകള്‍ പലതും പ്രയോഗിക്കും. പ്രതിച്ഛായാ നഷ്ടം ഭയന്ന് നമ്മള്‍ നമ്മളുടെ പിഴവുകളെ ചിലപ്പോഴെങ്കിലും ഒളിയ്ക്കാന്‍ ശ്രമിക്കും. നമുക്ക് സാധിക്കാത്ത കാര്യങ്ങള്‍ പോലും അവര്‍ ചെയ്യണമെന്ന് നമ്മള്‍ വാശിപിടിക്കും, നമ്മളെ അതില്‍നിന്നെല്ലാം ബുദ്ധിപൂര്‍വം ഒഴിവാകും.
ഒരിക്കല്‍, ഒരിക്കലെങ്കിലും, നമുക്ക് പറ്റിയ ഏതെങ്കിലും ഒരു പിഴവിന്റെ പേരില്‍ അവരോടു സോറി പറഞ്ഞിട്ടുണ്ടോ. അപ്പോള്‍ അവരുടെ മുഖത്ത് നക്ഷത്രങ്ങള്‍ പൂക്കും. അതുവരെയില്ലാത്ത ഒരു ആത്മവിശ്വാസം അവരില്‍ മുളപൊട്ടും. നമ്മളെ പോലെ അവര്‍ പൊട്ടിത്തെറിക്കില്ല. സോറികളെല്ലാം അവഗണിച്ചു പിന്നെയും പിടിവാശി കാണിക്കില്ല. നേര്‍ത്ത ഒരു പുഞ്ചിരിയോടെ അവര്‍ നമ്മളെ തോല്‍പ്പിച്ചു കളയും - ഇറ്റ്‌സ് ഓക്കേ അച്ഛാ. നമ്മള്‍ നേര്‍ത്തു നേര്‍ത്തു ഇല്ലാതാവും.
സ്‌നാക്ക്‌സ് ബോക്‌സ് എടുത്തു വയ്ക്കാന്‍ മറന്നു. രാവിലെ പെന്‍സില്‍ ബോക്‌സ് എടുത്തു വയ്ക്കാത്തതിന് വഴക്കു പറഞ്ഞ എന്നോട് വൈകുന്നേരം ഇറ്റ്‌സ് ഓക്കേ കൊണ്ടു തീര്‍ത്ത അവന്റെ ചങ്കില്‍ കൊള്ളുന്ന പ്രതികാരം.
