വളര്‍ത്തുമൃഗങ്ങളോട് വീട്ടിലെ ഒരംഗമെന്ന നിലയ്ക്ക് തന്നെ സ്‌നേഹപൂര്‍വ്വം ഇടപെടുന്ന ധാരാളം പേരുണ്ട്. അത്തരക്കാരെ സംബന്ധിച്ച് വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സഹിക്കാവുന്നതല്ല. ഏത് വിധേനയും അവയെ അതില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കാന്‍ അവര്‍ ശ്രമിക്കും. 

സമാനമായൊരു സംഭവമാണ് യുഎസിലെ ഇഡാഹോയില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാറപകടത്തിനിടെ രണ്ട് വയസുള്ള വളര്‍ത്തുനായയെ നഷ്ടപ്പെട്ട കുടുംബം, പിന്നീട് ഫേസ്ബുക്കിലൂടെ അതിനെ അന്വേഷിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചു. ടിലി എന്ന വളര്‍ത്തുനായയുടെ കാഴ്ചയ്ക്കുള്ള സവിശേഷതകളും സ്വഭാവ സവിശേഷതകളുമെല്ലാം ഉള്‍ക്കൊള്ളിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. 

നായയെ കണ്ടെത്തിക്കൊടുക്കുന്നവര്‍ക്ക് കുടുംബം സമ്മാനവും പ്രഖ്യാപിച്ചിരുന്നു. എന്തായാലും പോസ്റ്റ് ഒടുവില്‍ ഫലം കണ്ടിരിക്കുകയാണ്. കാറപകടത്തിന്റെ ആഘാതത്തില്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ ടിലിയെ സമീപപ്രദേശത്ത് തന്നെ ഫാം നടത്തുന്ന കുടുംബത്തിനാണ് ലഭിച്ചത്. ഫാമിലെ ആടുകള്‍ക്കൊപ്പമാണ് അവര്‍ ടിലിയെ കണ്ടത്. 

അതിനോടകം തന്നെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നതിനാല്‍ നായയെ തിരിച്ചറിയാന്‍ കുടുംബത്തിന് പെട്ടെന്ന് കഴിഞ്ഞു. തുടര്‍ന്ന് തദ്ദേശഭരണ പ്രതിനിധികളെ ബന്ധപ്പെട്ട് അവര്‍ക്ക് നായയെ കൈമാറി. 

 

 

ടിലി തിരിച്ചെത്തിയ സന്തോഷവും വീട്ടുകാര്‍ പങ്കുവച്ചിട്ടുണ്ട്. ക്ഷീണിതനായിട്ടായിരുന്നു മടക്കമെന്നും വന്ന ദിവസം നീണ്ട ഉറക്കത്തിലും വിശ്രമത്തിലുമായിരുന്നു ടിലിയെന്നും വീട്ടുകാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നു. ഏതാണ്ട് മൂവ്വായിരത്തിലധികം പേരായിരുന്നു ടിലിയെ അന്വേഷിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചിരുന്നത്. ഇപ്പോള്‍ ടിലിയെ തിരിച്ചുകിട്ടിയെന്ന് അറിയിക്കുന്ന പോസ്റ്റും അത്ര തന്നെ ആളുകള്‍ പങ്കുവച്ചിട്ടുണ്ട്. 

Also Read:- മകനുമായി നിരന്തരം വഴക്ക്; സ്വത്ത് വളര്‍ത്തുപട്ടിയുടെ പേരില്‍ എഴുതിവച്ച് അച്ഛന്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona