മാതാപിതാക്കളും മക്കളും തമ്മില്‍ അഭിപ്രായ വ്യത്യസങ്ങളുണ്ടാകുന്നതും ഒടുവില്‍ സ്വത്ത് വിഭജനത്തിന്റെ കാര്യത്തില്‍ വരെ ഈ പ്രശ്‌നങ്ങള്‍ സ്വാധീനം ചെലുത്തുന്നതുമെല്ലാം നമ്മള്‍ കാണാറുണ്ട്. മക്കളുടെ പേരിലേക്ക് സ്വത്ത് എഴുതിക്കൊടുക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കളും, സ്വത്ത് കൈവശപ്പെടുത്താന്‍ ഏതറ്റം വരെയും പോകുന്ന മക്കളും ഉണ്ട്. 

എന്നാല്‍ മക്കള്‍ക്ക് സ്വത്ത് നല്‍കാന്‍ മടിച്ച് അത് വളര്‍ത്തുമൃഗങ്ങളുടെ പേരില്‍ എഴുതിവച്ച മാതാപിതാക്കളെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരമൊരു വിചിത്ര സംഭവമാണ് മധ്യപ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

ഛിന്ദ്വാര ജില്ലയിലെ ഒരു ഗ്രാമത്തില്‍ കര്‍ഷകനാണ് ഓം നാരായണ്‍ വെര്‍മ. അമ്പതുകാരനായ വെര്‍മ മകനുമായി ഏറെ നാളായി പിണക്കത്തിലാണ്. ഒടുവില്‍ സ്വത്ത് ഭാഗിക്കുന്ന സന്ദര്‍ഭം വന്നപ്പോള്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിയായ ജാക്കിയുടെ പേരില്‍ പാതി സ്വത്ത് എഴുതിവച്ചിരിക്കുകയാണ് വെര്‍മ. ബാക്കി സ്വത്ത് ഭാര്യയുടെ പേരിലുമാണ് എഴുതിവച്ചിരിക്കുന്നത്. 

വിചിത്രമായ വില്‍പത്രത്തിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞതോടെ സംഭവം വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു. അതേസമയം ഈ വില്‍പത്രം നിനില്‍ക്കില്ലെന്ന് കാണിച്ച് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയതോടെ പുതിയ വില്‍പത്രം എഴുതാന്‍ തയ്യാറെടുക്കുകയാണ് വെര്‍മ എന്നാണ് പുതിയ വാര്‍ത്ത. 

ഭാര്യയും വളര്‍ത്തുപട്ടിയുമാണ് തന്നെ സ്‌നേഹിക്കുന്നുള്ളൂവെന്നും, തന്റെ കാലശേഷം അവര്‍ ഇരുവരും സുഖമായി ജീവിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്നും വെര്‍മ പറയുന്നു. പട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറാകുന്നത് ആരാണോ അവര്‍ക്ക് പില്‍ക്കാലത്ത് പട്ടിയുടെ പേരിലുള്ള സ്വത്ത് സ്വന്തമാക്കാം എന്നാണ് വില്‍പത്രം. എന്നാല്‍ വില്‍പത്രം മാറ്റിയെഴുതേണ്ട സാഹചര്യമാണിപ്പോള്‍ വന്നിരിക്കുന്നതെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വെര്‍മ പറയുന്നു. 

Also Read:- ശക്തിയില്‍ ഒന്ന് കുരച്ചതാ; പിന്നീട് വളര്‍ത്തുനായയ്ക്ക് സംഭവിച്ചത്...