വളരെ അസാധാരണമായി കണ്ടുവരുന്ന ഇനമാണ് ഇരുതലയുള്ള പാമ്പുകള്‍. കാട്ടില്‍ പോലും അത്ര സാധാരണമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ ഇനത്തിലും വിഷമുള്ളവയും ഇല്ലാത്തവയും ഉള്‍പ്പെടും. ഇഴഞ്ഞുനീങ്ങുമ്പോള്‍ മറ്റ് പാമ്പുകളെ അപേക്ഷിച്ച് വേഗത വളരെ കുറവായതിനാല്‍ ഇവ പെട്ടെന്ന് അക്രമികളുടെ പിടിയിലാകും. അതിനാല്‍ത്തന്നെ ഇവയ്ക്ക് ആയുസും കുറവായിരിക്കുമെന്നാണ് പറയപ്പെടുന്നത്. 

എന്തായാലും നാട്ടിലൊന്നും, അങ്ങനെ ഇരുതലയുള്ള പാമ്പുകളെ കണ്ടെത്താറില്ല. അഥവാ, കണ്ടാല്‍ത്തന്നെ അത് വലിയ വാര്‍ത്തയുമാണ്. ഇങ്ങനെയൊരു വാര്‍ത്തയ്ക്ക് വേണ്ടി ശ്രമിച്ചതാണ് ചൈനയിലെ ഹെബെയിലുള്ള ഒരു കര്‍ഷകന്‍. 

അവിചാരിതമായാണ് വീട്ടുമുറ്റത്ത് നിന്ന് ഇദ്ദേഹം ഇരുതലയുള്ള ഒരു പാമ്പിനെ കാണുന്നത്. ഈ കൗതുകകരമായ കാഴ്ച നാട്ടുകാരെ കൂടി കാണിക്കാമെന്ന ലക്ഷ്യത്തില്‍ കര്‍ഷകന്‍ പാമ്പിനെ കഷ്ടപ്പെട്ട് പിടികൂടി ഒരു മണ്‍കുടത്തിലാക്കി. തുടര്‍ന്ന് നാട്ടുകാരെ വീട്ടിലേക്ക് വിളിച്ചുകൂട്ടി പാമ്പിനെ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. 

എന്നാല്‍ ഇതിനിടെ വീട്ടിലെത്തിയ ആളുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ കൈ തട്ടി കുടം വീണുപൊട്ടി. വീടനകത്താകെ ബഹളമായി, പാമ്പിനെ കാണാനെത്തിയവരെല്ലാം നാലുപാടും ഓട്ടമായി. എന്തായാലും ഈ തിരക്കിനിടെ പാമ്പ് അതിന്റെ ജീവനും കൊണ്ട് രക്ഷപ്പെട്ടു. 

പാമ്പിന്റെ ചിത്രങ്ങളും, വീട്ടിനകത്ത് അത് ഇഴയുന്നതിന്റെ ചെറുവീഡിയോയുമാണ് ഇപ്പോള്‍ കര്‍ഷകന്റെ കയ്യില്‍ ആകെ ബാക്കിയുള്ളൂ. വിഷമുള്ള ഇനത്തില്‍ പെട്ട പാമ്പാണിതെന്നാണ് ചിത്രങ്ങളും വീഡിയോയും കണ്ട ചില വിദഗ്ധരായ ആളുകള്‍ സോഷ്യല്‍ മീഡിയിലൂടെ പറയുന്നത്. എന്തായാലും ജീവന്‍ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലാണ് കര്‍ഷകന്‍. ഒപ്പം പ്രശസ്തനാകാമെന്ന സ്വപ്‌നം ഉടഞ്ഞുപോയ സങ്കടവും കാണാതിരിക്കില്ലല്ലോ!