വിസ്കോൻസിൻ: മരണക്കിടക്കയില്‍ ഓരോരുത്തർക്കും ഓരോ ആ​ഗ്രഹങ്ങളുണ്ടാകും. ആ ആ​ഗ്രഹങ്ങൾ സാധിച്ച് കൊടുക്കുക എന്നതാണ് ജീവിച്ചിരിക്കുന്ന നമ്മൾ ചെയ്യേണ്ടത്. അത്തരത്തിൽ തങ്ങളുടെ അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം സാധിപ്പിച്ച് കൊടുത്തിരിക്കുകയാണ് നാല് മക്കൾ. അവസാനമായി മക്കൾക്കൊപ്പം ബിയർ കുടിക്കണമെന്നായിരുന്നു അച്ഛന്റെ ആ​ഗ്രഹം. അങ്ങനെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനൊപ്പം, ഡോക്ടർമാരുടെ അനുവാദത്തോടെ മക്കൾ ബിയർ പങ്കിട്ടു.

മക്കൾക്കൊപ്പം അവസാനമായി ബിയർ പങ്കിടുന്ന മുത്തച്ഛന്റെ ചിത്രങ്ങൾ‌ കൊച്ചുമകനായ ആഡം സ്കീം ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 'എന്റെ മുത്തച്ഛൻ ഇന്ന് മരിച്ചു. മക്കളോടൊപ്പം അവസാനമായി ഒരു ബിയർ കുടിക്കുക എന്നത് മാത്രമാണ് കഴിഞ്ഞ രാത്രി അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നത്', എന്ന അടിക്കുറിപ്പോടെയായിരുന്നു ആഡം മുത്തച്ഛന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. ആശുപത്രി കിടക്കയിൽ മക്കൾക്കൊപ്പം ബിയർ കുപ്പിയും പിടിച്ച് വളരെ സന്തോഷവാനായി ക്യാമറയിൽ നോക്കി കിടക്കുന്ന മുത്തച്ഛന്റെ ചിത്രങ്ങൾ ഇരുകയ്യുംനീട്ടിയാണ് സോഷ്യൽമീഡിയ സ്വീകരിച്ചിരിക്കുന്നത്.

നവംബർ 21ന് ആഡം പങ്കുവച്ച ചിത്രങ്ങൾക്ക് ഇതുവരെ മൂന്ന് ലക്ഷം പേരാണ് ലെക്ക് അടിച്ചിരിക്കുന്നത്. 28000 പേരാണ് ചിത്രത്തിന് റിട്വീറ്റ് ചെയ്തിരിക്കുന്നത്. ആഡമിന്റെ മുത്തച്ഛന് ആദരാജ്‍ലികൾ നേർന്നുള്ള കമന്റുകളായിരുന്നു കൂടുതലും. അവസാനമായി തന്റെ അച്ഛന്റെയും 
മുത്തശ്ശിയുടെയും മുത്തച്ഛന്റെയും മറ്റ് ബന്ധുക്കളുടെയുമൊക്കെ ആ​ഗ്രഹങ്ങൾ സാധിപ്പിച്ചുകൊടുത്തതായുള്ള അനുഭവങ്ങളും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്.

ബെയ്ലി ഐസ്ക്രീം കഴിക്കണമെന്ന മുത്തശ്ശിയുടെ ആ​ഗ്രഹം സാധിപ്പിച്ചു കൊടുത്ത അനുഭവമാണ് ഒരു ട്വിറ്റർ ഉപയോക്താവ് പങ്കുവച്ചത്. മുത്തശ്ശിക്കൊപ്പം ആശുപത്രി കിടക്കയിൽ ഐസ്ക്രീം കഴിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന അച്ഛനൊപ്പം തണുത്ത ബിയറും യാങ്കി ​ഗെയിമും കളിച്ച അനുഭവം പങ്കിടുകയാണ് മറ്റൊരു ഉപയോക്താവ്. കണ്ണീരണിയിക്കുന്ന ചിത്രങ്ങളാണ് ആഡം പങ്കുവച്ചതെന്നും സോഷ്യൽമീഡിയ പറയുന്നു.