അമ്മമാര്‍ അടുത്തില്ലെങ്കില്‍ ഏറെ നേരമൊന്നും കുഞ്ഞുങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. അച്ഛനുള്‍പ്പെടെ മറ്റാര് കൂടെയുണ്ടെങ്കിലും അവര്‍ക്ക് അമ്മ കൂടിയേ തീരൂ എന്ന അരക്ഷിതാവസ്ഥയാണ്. പ്രധാനമായും മുലയൂട്ടുന്ന കാലം വരെയാണ് ഇത്രയും തീവ്രമായ ബന്ധം അമ്മയ്ക്കും കുഞ്ഞിനുമിടയില്‍ കാണുന്നത്. 

ഇക്കാലയളവില്‍ അമ്മയില്ലാതെ കുഞ്ഞുങ്ങളെ പാലൂട്ടുന്ന കാര്യവും വലിയ ബുദ്ധിമുട്ടുള്ള സംഗതിയാണ്. അമ്മയെ കാണാതെ ഭക്ഷണം കഴിക്കാന്‍ കുഞ്ഞുങ്ങള്‍ കൂട്ടാക്കുകയേ ഇല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരീക്ഷിക്കാനൊരു സൂത്രപ്പണി നിര്‍ദേശിക്കുകയാണ് ചൈനയില്‍ നിന്നും ഒരച്ഛന്‍. 

സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ രസകരമായ വീഡിയോ പ്രചരിച്ചത്. ഭാര്യയുടെ ചിത്രം ടാബില്‍ ഓണ്‍ ചെയ്ത്, ആ ടാബ് മുഖത്തോട് ചേര്‍ത്ത് വച്ച് റാപ്പ് ചെയ്തിരിക്കുകയാണ് അദ്ദേഹം. തുടര്‍ന്ന് പാല്‍ക്കുപ്പിയില്‍ കുഞ്ഞിനെ പാലൂട്ടിക്കൊണ്ടിരിക്കുന്നു. അമ്മയാണെന്ന് കരുതി കുഞ്ഞ്, ടാബില്‍ തൊടുകയും സമാധാനപൂര്‍വ്വം പാല്‍ കുടിക്കുകയും ചെയ്യുന്നുണ്ട്. 

കുഞ്ഞുങ്ങളുടെ മനശാസ്ത്രം വച്ചുകൊണ്ടുള്ളൊരു 'ടിപ്' ആണിത്. സംഭവം 'സക്‌സസ്' ആയിരിക്കുമെന്നാണ് ഈ അച്ഛന്റെയും അവകാശവാദം. നിരവധി പേരാണ് ഈ വീഡിയോയും ചിത്രങ്ങളുമെല്ലം പങ്കുവയ്ക്കുന്നത്. പലര്‍ക്കും പ്രയോജനപ്പെടുന്ന 'ടിപ്' കൂടിയാണിതെന്നാണ് എല്ലാവരുടേയും അഭിപ്രായം.

Also Read:- ഒറ്റ പ്രസവത്തില്‍ സമൃദ്ധിയ്ക്ക് പിറന്നത് അഞ്ച് കുഞ്ഞുങ്ങൾ; ചിത്രങ്ങൾ കാണാം...