കൊറോണക്കാലം പരമ്പരാഗത വിവാഹസങ്കല്‍പങ്ങളെ മാറ്റിമറിച്ചൊരു കാലം കൂടിയായിരുന്നു. ആളും ബഹളവും ആഘോഷങ്ങളുമെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് ലളിതമായ ചടങ്ങുകളിലേക്ക് വിവാഹങ്ങള്‍ ചുരുങ്ങുന്നത് നമ്മള്‍ കണ്ടു. സാമൂഹികാകലം പാലിക്കേണ്ട ആവശ്യകതയുള്ളതിനാലാണ് വിവാഹങ്ങള്‍ ഇത്തരത്തില്‍ പരിമിതപ്പെടുത്തേണ്ടിവന്നത്. 

സാമൂഹികാകലത്തിനൊപ്പം പ്രാധാന്യമുള്ള മറ്റൊരു പ്രതിരോധ മാര്‍ഗമാണ് മാസ്‌ക് ധരിക്കല്‍. ഇക്കാര്യത്തില്‍ വരനെന്നോ വധുവെന്നോ വ്യത്യാസമില്ല. എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധം തന്നെ. 

എന്നാല്‍ ഭംഗിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുമ്പോള്‍ എല്ലാത്തിനും മുകളിലായി മാസ്‌ക് ധരിക്കുന്നത് ഒരഭംഗിയായിത്തന്നെയാണ് മിക്കവരും കണക്കാക്കുന്നത്. അതിനാല്‍ വധുവും വരനും വിവാഹവസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്‌കുകള്‍ ധരിക്കുന്നത് പുതിയ ട്രെന്‍ഡ് ആയി മാറുകയാണിപ്പോള്‍. 

ഇതിന് ഉദാഹരണമാണ് തെലുങ്കിലെ സൂപ്പര്‍ താരം റാണ ദഗുബാട്ടിയുടെ ഭാവിവധു പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍. ഒരു മാസം മുമ്പാണ് യുവസംരംഭകയായ മിഹീക ബജാജുമായുള്ള റാണയുടെ വിവാഹനിശ്ചയം നടന്നത്. പ്രണയവിവാഹമാണ് ഇരുവരുടേതും. 

 

 
 
 
 
 
 
 
 
 
 
 
 
 

🥰😍

A post shared by Miheeka 💙 (@miheekabajaj) on Jun 21, 2020 at 7:23pm PDT

 

ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹത്തിന് മുമ്പായുള്ള ആഘോഷങ്ങളുടെ ചില ചിത്രങ്ങള്‍ മിഹീക പങ്കുവച്ചിരിക്കുകയാണ്. സൂക്ഷ്മമായ എംബ്രോയ്ഡറി വര്‍ക്കില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന 'റോയല്‍' ലെഹങ്കയ്‌ക്കൊപ്പം അതേ മെറ്റീരിയലില്‍ തയ്യാറാക്കിയിരിക്കുന്ന മാസ്‌കും മിഹീക ധരിച്ചിരിക്കുന്നു. പ്രമുഖ ഡിസൈനറായ ജയന്തി റെഡ്ഡിയാണ് ലെഹങ്കയും മാസ്‌കും ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ചിത്രങ്ങള്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മിഹീകയുടെ 'മാച്ചിംഗ് മാസ്‌ക്' സമൂഹമാധ്യങ്ങളില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഭംഗിയായി ഒരുങ്ങിനില്‍ക്കുമ്പോള്‍ മാസ്‌ക് ധരിച്ച് അതിന്റെ മാറ്റ് കുറയുമെന്ന പേടി ഇനി വധൂവരന്മാര്‍ക്ക് വേണ്ടെന്നാണ് മിഹീകയുടെ ചിത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. വിവാഹവസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മാസ്‌ക് തയ്യാറാക്കല്‍ അത്ര വലിയ പാടുള്ള ജോലിയും അല്ല. അപ്പോള്‍ ഇനി വിവാഹങ്ങള്‍ക്ക് ഇതാകാം ശീലം അല്ലേ?

Also Read:- നടന്‍ റാണ ദഗ്ഗുബതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു...