ഒരു കുടുംബത്തിന്റെ ഏറ്റവും അടിസ്ഥാനതലതത്തിലുള്ള കാര്യമാണ് സാമ്പത്തികാവസ്ഥ. സാമ്പത്തികാവസ്ഥ ഭദ്രമായില്ലെങ്കില്‍ പിന്നെ കുടുംബത്തിന്റെ താളം തന്നെ തെറ്റുന്ന സാഹചര്യമാണുണ്ടാവുക. പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായി ഭാര്യയും ഭര്‍ത്താവും ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്ന കുടുംബങ്ങളുടെ എണ്ണം ഇപ്പോള്‍ താരതമ്യേന വളരെ കൂടുതലാണെന്ന് പറയാം. 

എങ്കില്‍ക്കൂടി, ചിലവുകള്‍ ഏറെ വര്‍ധിച്ചിരിക്കുന്ന ഈ കാലത്ത് ശരാശരി ശമ്പളം വാങ്ങിക്കുന്ന ദമ്പതിമാര്‍ പോലും കുടുംബകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണ്. അതിനാല്‍ തന്നെ സാമ്പത്തികകാര്യങ്ങളില്‍ ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ രഹസ്യങ്ങളില്ലാതിരിക്കുക എന്നതാണ് ആരോഗ്യകരമായ അവസ്ഥ. 

ഇനി ഏതെങ്കിലും കാരണങ്ങള്‍ മൂലം ഭാര്യയോ ഭര്‍ത്താവോ സാമ്പത്തിക കാര്യങ്ങളില്‍ പരസ്പരം കള്ളം കാണിച്ചാലോ? ഭര്‍ത്താവ് അറിയാതെ ഷോപ്പിംഗ് നടത്തുകയും ബില്ലില്‍ കളവ് കാണിക്കുകയും ചെയ്യുന്ന ഭാര്യമാരും, ഭാര്യ അറിയാതെ പണം ധൂര്‍ത്തടിക്കുന്ന ഭര്‍ത്താക്കന്മാരുമെല്ലാം നമുക്കിടയില്‍ തീര്‍ച്ചയായും ഉണ്ട്. അത്തരക്കാര്‍ അറിയാനിതാ ഒരു പഠനം. 

 

 

യുഎസിലെ നാല് യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഗവേഷകരുടെ സംഘമാണ് പഠനത്തിന് പിന്നില്‍. സാമ്പത്തിക കാര്യങ്ങളില്‍ ഭാര്യയോ ഭര്‍ത്താവോ കള്ളം കാണിക്കുന്നത് ലൈംഗികജീവിതത്തിലുണ്ടാകുന്ന അവിശ്വാസ്യതയോളം തന്നെ പ്രധാനമായ പ്രശ്‌നമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക വിഷയങ്ങള്‍ക്ക് മുകളില്‍ പരസ്പരം വിശ്വാസം നഷ്ടപ്പെട്ട്, അത് ഒടുവില്‍ വിവാഹമോചനം വരെയെത്തിയ എത്രയോ കേസുകള്‍ നമുക്ക് മുമ്പിലുണ്ടെന്നും പഠനം പറയുന്നു.

പലപ്പോഴും ദമ്പതികള്‍ക്കിടയിലെ സാമ്പത്തിക കാര്യങ്ങളിലെ ധാരണയില്ലായ്മ മൂന്നാമതൊരാള്‍ അറിയുന്നില്ല. അത്തരത്തില്‍ പുറത്തറിയുന്നത് മോശമാണെന്ന ചിന്തയാണ് പൊതുവിലുള്ളത്. ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയുടെ പ്രധാന കാരണമാണെങ്കില്‍ കൂടി, ഒരു കൗണ്‍സിലറോട് പോലും പലരും ഇത് തുറന്ന് പറയില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് വളരെ അനാരോഗ്യകരമായ പ്രവണതയാണെന്നും പഠനം പറയുന്നു. 

ആദ്യം സൂചിപ്പിച്ചത് പോലെ ബില്ലില്‍ കളവ് നടത്തി ഭര്‍ത്താവിനെ പറ്റിക്കുന്നതും, ഭാര്യയറിയാതെ പണം ധൂര്‍ത്തടിക്കുന്നതും മാത്രമല്ല സാമ്പത്തിക കാര്യങ്ങളിലെ കളവുകള്‍. പങ്കാളിക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുകയും അത് പങ്കാളിയോട് മറച്ചുവയ്ക്കുകയും ചെയ്യുന്ന ഏതൊരു സാഹചര്യത്തേയും കള്ളമായി കണക്കാക്കാമെന്ന് പഠനം പറയുന്നു. ഭാര്യയറിയാതെ ഭര്‍ത്താവോ, ഭര്‍ത്താവറിയാതെ ഭാര്യയോ സ്വകാര്യ സേവിംഗ് സൂക്ഷിക്കുന്നത് പോലും പ്രശ്‌നമാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

 

 

കഴിയുന്നതയത്രയും സുതാര്യത സാമ്പത്തികവിഷയങ്ങളില്‍ പങ്കാളിയുമായി കാത്തുസൂക്ഷിക്കുന്നത് തന്നെയാണ് ബന്ധത്തിന്റെ ദൃഢതയ്ക്ക് ഗുണകരമെന്ന് പഠനം ഓര്‍മ്മിപ്പിക്കുന്നു. അല്ലാത്ത പക്ഷം ദമ്പതികള്‍ക്കിടയിലെ എല്ലാ കാര്യങ്ങളേയും ഈ രഹസ്യം പരോക്ഷമായി ബാധിച്ചുകൊണ്ടേയിരിക്കാം. സ്വതന്ത്രമായ സ്‌പെയ്‌സാണ് രണ്ട് വ്യക്തികള്‍ക്കിടയിലെ ബന്ധത്തിന് ഏറ്റവുമധികം വേണ്ടതെന്നും അത് നിലനിര്‍ത്താന്‍ തുറന്ന സമീപനം നിര്‍ബന്ധമാണെന്നും പഠനം പറഞ്ഞുവയ്ക്കുന്നു.