'കടലിനെയും നല്ല സൗഹൃദങ്ങളേയും നെഞ്ചോടുചേര്‍ക്കുന്ന കോഴിക്കോട്ടുകാരനായ ഒരു മനുഷ്യസ്‌നേഹി'യെന്നാണ് റഫീഖ് തന്നെപ്പറ്റിത്തന്നെ ആമുഖമായി പറയുന്നത്. അത് സത്യമാണെന്ന് റഫീഖിന്റെ മരണം നിശബ്ദമായി സ്ഥാപിച്ചെടുക്കുകയാണിപ്പോള്‍. ജീവിതത്തില്‍ നല്ലൊരു പങ്കും കടലില്‍ ചിലവഴിച്ചു. അപ്രതീക്ഷിതമായി മരണം വന്നുവിളിച്ചപ്പോഴും റഫീഖ് കടലില്‍ത്തന്നെയായിരുന്നു. 

ഒരുപജീവനമാര്‍ഗമെന്നതിനെക്കാള്‍ മറ്റെന്തോ ഒന്ന് കടലിനുള്ളിലേക്കിറങ്ങാന്‍ എപ്പോഴും റഫീഖിനെ ഓര്‍മ്മപ്പെടുത്തുന്നത് പോലെ തോന്നും. ഓരോ തവണയും മുങ്ങിയെഴുന്നേല്‍ക്കുന്നത് മുത്തുപോലുള്ള ഓരോ കഥകളുമായിട്ടായിരിക്കും. നമുക്കറിയാത്ത, നമ്മള്‍ കാണാത്ത കാഴ്ചകളും അനുഭവങ്ങളും ആയതുകൊണ്ടാകണം ആ കഥകള്‍ ഓരോന്നും പുതുമയുള്ളതായത്. രസമുള്ള, ഏറ്റവും ലളിതമായ ഭാഷയില്‍ റഫീഖ് അതിനെ അക്ഷരങ്ങളാക്കും. അവയെല്ലാം കാത്തിരുന്ന് വായിക്കുന്ന എത്രയോ മനുഷ്യര്‍. 

പിന്നെയും പിന്നെയും എടുത്തുവായിക്കാന്‍ തോന്നിപ്പിക്കുന്ന ഒരിഷ്ടം റഫീഖിന്റെ എഴുത്തുകളോട് തോന്നും. കല്ലുമ്മക്കായ പറിക്കാന്‍ ആഴങ്ങളിലെ പാറക്കൂട്ടങ്ങളിലേക്ക് പറന്നുതാഴുന്നതും, അവിടെവച്ച് കാണുന്ന മറ്റൊരു ലോകവും, അതിസാഹസികമായ മീന്‍പിടുത്തവും, കൂട്ടം ചേര്‍ന്നുള്ള വെപ്പും, കഴിപ്പും... എല്ലാം റഫീഖ് വെറുതേയിരുന്ന് പറയും പോലെ, അത്രയും ലാളിത്യമുണ്ടായിരുന്നു ആ കഥകള്‍ക്ക്. 

 

സൗഹൃദങ്ങളുടെ ഒരു കടല്‍ റഫീഖ് ഉള്ളില്‍ കൊണ്ടുനടന്നിരുന്നു. മുഖപുസ്തകത്തിലെ സുഹൃത്തുക്കള്‍ക്ക് മുടങ്ങാതെ തന്റെ എഴുത്തുകളുടെ ലിങ്ക് മെസേജിടും. വായിച്ചില്ലെങ്കില്‍ വായിക്കണമെന്ന് പറയും. അഭിപ്രായമറിയിച്ചാല്‍ പെരുത്ത് സന്തോഷം തന്നെ. അത്രയും നിഷ്‌കളങ്കമായി ഒരു മനുഷ്യന് ഇടപെടാനാകുമോയെന്ന് ഒരു നിമിഷം ചിന്തിപ്പിക്കും. 

കല്ലുമ്മക്കായ സീസണാകുമ്പോള്‍ കേരളത്തിനകത്തും പുറത്തുമെല്ലാം യാത്ര ചെയ്ത് റഫീഖ് ജോലിയില്‍ സജീവമാകും. അതിന്റെ വിശേഷങ്ങളെല്ലാം ചിത്രങ്ങള്‍ സഹിതം ഒന്നൊഴിയാതെ പങ്കുവയ്ക്കും. ആ യാത്രയ്ക്കിടയില്‍ സുഹൃത്തുക്കളെയും കാണും. സ്വന്തം കൈ കൊണ്ട് പറിച്ചെടുത്ത കല്ലുമ്മക്കായ സമ്മാനമായി നല്‍കും. ആ സന്തോഷം തന്നെ ഏറ്റവും വലിയ സംതൃപ്തിയായി കരുതും. 

മുങ്ങല്‍ വിദഗ്ധനായതുകൊണ്ട് പലരുടെയും ജീവന്‍ രക്ഷിച്ച കഥകള്‍ റഫീഖ് എഴുതുമായിരുന്നു. കടലിലേക്കിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പോകരുതാത്ത ഇടങ്ങള്‍- എല്ലാം കരുതലോടെ റഫീഖ് പറയും. എവിടെയെങ്കിലും ആരെങ്കിലും മുങ്ങിമരിച്ചുവെന്നറിയുമ്പോള്‍ അവിടെയെത്താന്‍ തനിക്ക് നിയോഗമില്ലാതെ പോയല്ലോയെന്ന് സങ്കടപ്പെടും. കേരളം പ്രളയത്തിലായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി, അവരുടെ ജീവിതത്തെപ്പറ്റി റഫീഖ് എഴുതി. എത്ര അധിക്ഷേപിച്ചാലും അപമാനിച്ചാലും ആര്‍ക്കെങ്കിലും അപകടമുണ്ടായാല്‍ ഇനിയും വിളിക്കണം, ഞങ്ങള്‍ തീര്‍ച്ചയായും വരുമെന്ന് ഉറപ്പുനല്‍കി. 

 

ഒരിക്കല്‍ കടലിനടിയില്‍ വച്ച് മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെ കുറിച്ച് റഫീഖ് എഴുതിയിരുന്നു. അന്ന് ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചത്, ഒടുവില്‍ എങ്ങനെയോ കരയ്‌ക്കെത്തിയത്... എത്ര അതിസാഹസികനാണെങ്കിലും ചില നിമിഷങ്ങളെ അതിജീവിക്കാനാകില്ലെന്ന് അന്ന് റഫീഖെഴുതിയത് എത്ര സത്യമായിരുന്നു. ഇങ്ങനെയൊരു മരണം എപ്പോഴെങ്കിലും മനസിലുറപ്പിച്ചിരുന്നോ എന്നുപോലും തോന്നിപ്പോകും.

 

ഹൃദയം കൊണ്ട് ചേര്‍ത്തുപിടിച്ചിരിക്കുന്നുവെന്ന് റഫീഖ് പലതവണ പറയാറുള്ള ഓരോ സുഹൃത്തും ഇപ്പോള്‍ ഞെട്ടലോടെ ആ വാര്‍ത്ത കേള്‍ക്കുകയാണ്. 

കോഴിക്കോട് ചാലിയത്ത് പുളിമൂട്ടില്‍ കല്ലുമ്മക്കായ പറിക്കാന്‍ പോയതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. 

എത്രയോ പ്രതീക്ഷകളാണ് ബാക്കിവച്ചിരിക്കുന്നത്. പറയാനിനി എത്രയോ കഥകളായിരുന്നു റഫീഖ്. കാണാന്‍ വരുന്നു, വിളിക്കാം, വരാം എന്നെല്ലാം എത്ര പേര്‍ക്കാണ് വാക്കുകൊടുത്തിരിക്കുന്നത്. അവരില്‍ പലരും റഫീഖിനി ഇല്ലായെന്ന് വിശ്വസിക്കുന്നില്ല. മുമ്പ് ഏതോ കടലോര്‍മ്മയെഴുതിയപ്പോള്‍ ഒരു സുഹൃത്ത് തമാശയ്ക്ക് കമന്റിട്ടിരുന്നു, നീയിനിയും മുങ്ങിപ്പൊങ്ങിയില്ലേയെന്ന്...

റഫീഖറിനെ അറിയാവുന്നവര്‍ക്ക്, ഇത് മരണമല്ല. കഥകള്‍ തപ്പി, ആഴങ്ങളിലേക്ക് പാറക്കൂട്ടങ്ങളിലേക്ക്, റഫീഖ് ഊളിയിട്ട് പോയിരിക്കുകയാണ്. അതിശയക്കഥകളുടെ ഒരു ചാകരയോ, ഒരു കൂറ്റന്‍ സ്രാവോ, കറിവയ്ക്കാന്‍ രുചിയുള്ള കുറച്ച് ഇടത്തരം മീനുകളോ, കൊണ്ട് റഫീഖ് ചിരിയോടെ തിരിച്ചുവരും.