കേരളത്തെ മയക്കുമരുന്ന് മുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പെരുമ്പാവൂരിൽ പോലീസ് മിന്നൽ പരിശോധന നടത്തി. സ്പെഷ്യൽ ഡ്രൈവിൽ കേരളത്തിൽ 296 പേർ അറസ്റ്റിലാവുകയും എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.
തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന വലിയ ദൗത്യത്തോടെ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പെരുമ്പാവൂരിൽ ആഞ്ഞടിച്ചു. അതിഥി തൊഴിലാളികൾ കൂടുതലായിട്ടുള്ള മേഖലയിൽ മിന്നൽ വേഗത്തിലായിരുന്നു പൊലീസിന്‍റെ നടപടി. പൊലീസ് നടത്തിയ പരിശോധനകളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുക്കും മൂലയും അരിച്ചുപെറുക്കുന്നതും ലഹരി പദാര്‍ത്ഥങ്ങൾ കൈവശം വച്ചതിന് ആളുകളെ അറസ്റ്റ് ചെയ്യുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോയക്ക് താഴെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറിച്ച കമന്‍റും ഇപ്പോൾ വൈറലാണ്. പെരുമ്പാവൂർ തൂഫാനടിച്ചോ? എന്നാണ് ആഭ്യന്തര മന്ത്രി കുറിച്ചത്. മന്ത്രിയുടെ പുതിയ പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം, ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 270 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 296 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എംഡിഎംഎ (0.3565 കിലോ ഗ്രാം), കഞ്ചാവ് (10.893 കിലോ ഗ്രാം), കഞ്ചാവ് ബീഡി (157 എണ്ണം) എന്നിവ പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ തൂഫാൻ ഇൻ്റലിജൻസ് എന്ന പേരിൽ ഒരു സംഘത്തെ മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്താനായി മാത്രം നിയോഗിച്ചിട്ടുണ്ട്. മയക്കമരുന്നിൻ്റെ ഉറവിടം കണ്ടെത്തിയാൽ മാത്രമേ അത് നശിപ്പിക്കാൻ കഴിയൂ. മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ആർക്ക് വേണമെങ്കിലും പൊലീസിന് കൈമാറാം. 9497979794, 9497927797 എന്നീ നമ്പരുകളിലേക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം. 9995966666 എന്നീ വാട്സ്ആപ്പ് നമ്പരിലേക്കും വിവരങ്ങൾ നൽകാം. രഹസ്യവിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.


