കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ബുധനാഴ്ച ഒരു അത്ഭുതം നടന്നു, അഞ്ച് പര്‍വ്വത സിംഹങ്ങള്‍ ഒരുമിച്ച് ക്യാമറയില്‍ പതിഞ്ഞു.ഇആ ഡൊറാഡോ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ അപൂര്‍വ്വ ദൃശ്യം ലഭിച്ചത്. ഇതില്‍ എന്താണിത്ര ആശ്ചര്യപ്പെടാനെന്ന് കരുതുന്നുണ്ടാകും, എന്നാല്‍ അതിനൊരു കാരണമുണ്ട്...

ഈ പ്രദേശങ്ങളില്‍ പര്‍വ്വത സിംഹങ്ങളെ ഒറ്റയ്ക്ക് കാണാറുണ്ട്. എന്നാല്‍ ഇത്രയുമെണ്ണം ഒരേ ക്യാമറയില്‍ ഇതാദ്യമാണെന്നാണ് കാലിഫോര്‍ണിയയിലെ വന്യജീവി വകുപ്പ് വക്താവ് പീറ്റര്‍ ടിറ പറയുന്നത്. 

''വന്യജീവികളെക്കുറിച്ച് പഠനം നടത്തുന്നവരും ഫോട്ടോഗ്രാഫര്‍മാരും എടുത്ത ചിത്രങ്ങളും വീഡിയോകളും നേരത്തെയും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ പര്‍വ്വത സിംഹങ്ങളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമാണെന്നാണ് അവരെല്ലാം പറയുന്നത്. '' - പീറ്റര്‍ ടിറ വ്യക്തമാക്കി. 

പര്‍വ്വത സിംഹങ്ങള്‍ പൊതുവെ ഒറ്റയ്ക്ക് കഴിയുന്നവരാണ്. ഒരു വയസ്സാകുന്നതോടെ സിംഹക്കുട്ടികളെ അമ്മമാര്‍ അകറ്റും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്തോ കുട്ടികളെ വളര്‍ത്തുന്ന സമയത്തോ മാത്രമാണ് പര്‍വ്വത സിംഹങ്ങള്‍ ഒരുമിച്ചുണ്ടാകുക. 

സ്വന്തം പ്രദേശത്ത് മറ്റ് പര്‍വ്വത സിംഹങ്ങളെ പ്രവേശിക്കാന്‍ അനുവദിക്കുന്നവരുമല്ല ഇക്കൂട്ടരെന്നും ടിറ പറഞ്ഞു. അഞ്ച് സിംഹങ്ങളില്‍ ഒന്ന് മറ്റുള്ളവയില്‍ നിന്ന് വലുതാണ്. അതിനാല്‍ അത് അമ്മയും മറ്റുള്ളത് കുട്ടികളുമാകാമെന്നാണ് വിദഗ്ധാഭിപ്രായം. 

മനുഷ്യനെ അപൂര്‍വ്വമായി മാത്രം ആക്രമിക്കുന്ന നാണംകുണുങ്ങികളായിട്ടുള്ളവരാണ് പര്‍വ്വത സിംഹങ്ങള്‍. മാനുകളെയാണ് സാധാരണയായി ഇവര്‍ വേട്ടയാടിപ്പിടിക്കുന്നത്.