പ്രണയമായാലും ദാമ്പത്യമായാലും പങ്കാളികള്‍ തമ്മിലുള്ള പരസ്പര ധാരണയും സൗഹൃദവും തന്നെയാണ് ബന്ധത്തെ കൂറെക്കൂടി സുദൃഢമാക്കുന്നത്. 'ജേണല്‍ ഓഫ് പേഴ്‌സണാലിറ്റി ആന്റ് സോഷ്യല്‍ സൈക്കോളജി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പറയുന്നത്, പങ്കാളികള്‍ക്കിടയിലെ സൗഹൃദമാണത്രേ ബന്ധം നീണ്ടുനില്‍ക്കുന്നതിനും ബന്ധം ഊഷ്മളമാകുന്നതിനും കാരണമാകുന്നത്.

പരസ്പരം തുറന്ന് സംസാരിക്കുന്നതാണ് സൗഹൃദത്തിന്റെ മുഖ്യമായ സ്വഭാവം. എന്നാല്‍ ചില കാര്യങ്ങള്‍ പങ്കാളികള്‍ക്കിടയില്‍ പറയപ്പെടാതെയും പോകാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇതില്‍ അല്‍പം മുന്നില്‍ നില്‍ക്കുന്നത്. തന്റെ കാമുകനില്‍ നിന്ന്, അല്ലെങ്കില്‍ ഭര്‍ത്താവില്‍ നിന്ന് ഒരു പെണ്‍കുട്ടി പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അത് ഒരുപക്ഷേ അവള്‍ ചോദിച്ചെന്ന് വരില്ല. അത്തരത്തിലുള്ള അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്...

അവള്‍ ജീവനോളം തന്നെ പ്രധാനമായിരിക്കും. പക്ഷേ, അക്കാര്യം അവളോട് ഇടയ്‌ക്കെങ്കിലും വാക്കുകളിലൂടെ അറിയിക്കണം. ഒരുപാടിഷ്ടമാണെന്ന് അവളോട് പറയണം. ആ വാക്കുകള്‍ കേള്‍ക്കാന്‍ പ്രണയിനിയോ ഭാര്യോ കൊതിക്കുന്നുണ്ട്. എന്നാല്‍ അവരങ്ങനെ പറയുമോയെന്ന് പങ്കാളിയോട് ആവശ്യപ്പെട്ടേക്കില്ല.

 


2011ല്‍ നടന്ന ഒരു പഠനത്തിന്റെ വിശദാംശങ്ങള്‍ 'ജോണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജി'യില്‍ വന്നിരുന്നു. അതില്‍പ്പറയുന്നത് സ്ത്രീകള്‍ വാക്കുകളിലൂടെ തന്നെ പങ്കാളിയുടെ ഇഷ്ടം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ്.

രണ്ട്...

ഇഷ്ടം പ്രകടിപ്പിക്കാന്‍ പലപ്പോഴും വാക്കുകളെക്കാള്‍ ഉപയോഗപ്രദമാകുന്നത് സ്പര്‍ശനങ്ങള്‍ തന്നെയാണ്. ലൈംഗികച്ചുവയോടെയുള്ള സ്പര്‍ശനങ്ങളെക്കുറിച്ചല്ല പറയുന്നത്. മറിച്ച്, രണ്ടുപേരും ഒരുമിച്ച് നടന്നുപോകുമ്പോള്‍ അവളുടെ കയ്യില്‍ ഒന്ന് ചേര്‍ത്തുപിടിക്കുക, ഒരുമിച്ച് സിനിമ കാണുമ്പോള്‍ അവളുടെ തോളില്‍ ചാഞ്ഞുകിടക്കുക- അങ്ങനെ ഊഷ്മളമായ ചെറി സ്പര്‍ശനങ്ങളാകാം.

അത്തരം ഊഷ്മളമായ സ്പര്‍ശനങ്ങള്‍ സ്ത്രീ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. ഒരുപക്ഷേ ഉള്ളിലുള്ള പ്രണയത്തെക്കാളുപരി അരക്ഷിതമായ മനസിന്റെ ആവശ്യം കൂടിയാകാം അത്. എന്തായാലും ഒരു സ്പര്‍ശനത്തിലൂടെ മാത്രം വലിയൊരു വൈകാരികാവസ്ഥയുടെ കൈമാറ്റം നടത്താന്‍ മനുഷ്യന് ജന്മനാ കഴിവുണ്ടെന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

മൂന്ന്...

അവളെക്കുറിച്ച് നിങ്ങള്‍ ഒരുപാട് ചിന്തിക്കുന്നുണ്ടാകാം. അവളുടെ സാമീപ്യവും കരുതലും നിങ്ങളെ ഒരുപാട് പിന്തുണയ്ക്കുന്നുണ്ടാകാം. ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടാകാം. പക്ഷേ ഇക്കാര്യങ്ങളെല്ലാം നിങ്ങളുടെ മനസിനകത്തല്ലേ ഇരിക്കുന്നത്. ഇതെല്ലാം ഒരുമിച്ചുള്ള സ്വകാര്യനിമിഷങ്ങളില്‍ അവളോട് പറയാം. അവള്‍ അത് ആഗ്രഹിക്കുകയും എന്നാല്‍ ചോദിക്കുന്ന കാര്യത്തില്‍ പിശുക്ക് വയ്ക്കുന്നതുമാകാം.

 

 

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ രസകരമായൊരു പഠനമുണ്ട്. അതിന്റെ നിഗമനം ദാ ഇങ്ങനെയാണ്- ഒരാള്‍ അയാളുടെ 'ഫീലിംഗ്' വാക്കുകളിലൂടെ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു തെറാപ്പിയുടെ ഗുണമാണ് കേള്‍ക്കുന്നയാള്‍ക്ക് ഉണ്ടാകുന്നത്. അത്രയും ആരോഗ്യകരം എന്ന് സാരം. ബന്ധത്തെ സുദൃഢമാക്കാന്‍ ഇത്തരം സംസാരങ്ങളെല്ലാം വലിയ രീതിയില്‍ സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

നാല്...

ഭാര്യയോ കാമുകിയോ ആകട്ടെ, എല്ലായ്‌പോഴും അവളോട് ഒരുപോലെത്തന്നെ പെരുമാറാന്‍ ശ്രമിക്കുക. ചില പുരുഷന്മാരുണ്ട്, പങ്കാളിക്കൊപ്പം തനിച്ചാകുമ്പോള്‍ വളരെ മൃദുലമായി പെരുമാറുകയും സുഹൃത്തുക്കളോ ബന്ധുക്കളോ വരുമ്പോള്‍ അവരുടെ സാന്നിധ്യത്തില്‍ പരുഷമായി പെരുമാറുകയും ചെയ്യുന്നവര്‍.

സത്യത്തില്‍ ഈ സ്വഭാവമാറ്റം പങ്കാളിയില്‍ മാനസികപ്രശ്‌നമുണ്ടാക്കും. എന്നാല്‍ എപ്പോഴും ഒരുപോലെ പെരുമാറണമെന്ന് ഒരുപക്ഷേ അവള്‍ ആവശ്യപ്പെട്ടേക്കില്ല. എങ്കിലും അറിഞ്ഞ്, അത് ചെയ്യുക എന്നത് ബന്ധത്തിന്റെ ആവശ്യകത കൂടിയായി പുരുഷന്‍ ഉള്‍ക്കൊള്ളേണ്ടതാണ്. എന്നുമാത്രമല്ല, അത് വ്യക്തിത്വത്തിന്റെ കൂടി ഭാഗമാണ്.

അഞ്ച്...

ഇടയ്ക്ക് ഒരു പുതുമയും ഉണര്‍വ്വും ബന്ധത്തില്‍ ആരും ആഗ്രഹിക്കും. അവള്‍ക്ക് 'സര്‍പ്രൈസ്' സമ്മാനങ്ങളോ, 'സര്‍പ്രൈസ്' പാര്‍ട്ടികളോ, യാത്രകളോ കൊടുക്കുന്നതിലൂടെ ഈ പുതുമയും ഉണര്‍വും ബന്ധത്തില്‍ ഉറപ്പിക്കാം.

 

 

അപ്രതീക്ഷിത സമ്മാനങ്ങള്‍ വളരെയധികം സന്തോഷമുണ്ടാക്കും. ആ സന്തോഷത്തിന് വേണ്ടി മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും അവരത് ആവശ്യപ്പെടില്ലെന്ന് മാത്രം. എങ്കിലും പങ്കാളികള്‍ക്ക് ഇത് മനസിലാക്കി ചെയ്യാവുന്നതാണ്. അവളെ സന്തോഷിപ്പിക്കുകയെന്നാല്‍ സത്യത്തില്‍ ബന്ധത്തെ തന്നെ ഒന്ന് പുതുക്കി, മിനുക്കിയെടുക്കുക എന്നത് കൂടിയല്ലേ അര്‍ത്ഥം!