രാജ്യത്തെ ലോക്ഡൗണിനിടെ അഞ്ച് വയസ്സുകാരന്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് അമ്മയുടെ അരികിലെത്തി. മൂന്ന് മാസത്തിന് ശേഷമാണ് ദില്ലിയില്‍ നിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്ത് വിഹാൻ ശർമ ബംഗളൂരുവിൽ എത്തിയത്.

ലോക്ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചപ്പോഴാണ് പ്രത്യേക പരിഗണനയുള്ള ടിക്കറ്റുമായി വിഹാന് മടങ്ങാനായത്. ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിഹാനെ സ്വീകരിക്കാൻ അമ്മ കാത്തുനിന്നിരുന്നു. സ്പെഷൽ കാറ്റഗറി യാത്രക്കാരനായാണ് വിഹാൻ ദില്ലിയില്‍ നിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്തത്.

മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വിഹാൻ ദില്ലിയില്‍ നിന്ന്  ബംഗളൂരുവിലെത്തിയതെന്നും അമ്മ ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മഞ്ഞ ടീഷര്‍ട്ടും ഒപ്പം മഞ്ഞ മാസ്കും ധരിച്ചാണ് വിഹാൻ മാസങ്ങൾക്കുശേഷം അമ്മയുടെ അരികിലെത്തിയത്. നീല ഗ്ലൗസും വിഗാന്‍ ധരിച്ചിരുന്നു.

 

മാർച്ച് അവസാനം ആഭ്യന്തര വിമാന സർവീസുകൾ നിര്‍ത്തിവച്ചശേഷം തിങ്കളാഴ്ചയാണ് വീണ്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങൾ യാത്ര തുടങ്ങിയത്.

Also Read: ആഭ്യന്തര വിമാന സര്‍വീസ് നാളെ ആരംഭിക്കും; തിരുവനന്തപുരത്തേക്ക് മൂന്ന് വിമാനങ്ങള്‍...