മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രമാണിത്. ഒരു കള്ളനും രണ്ട് പൊലീസുകാരും നില്‍ക്കുന്നതാണ് ചിത്രം. ആദ്യകാഴ്ചയില്‍ ഒരു പ്രത്യേകതയും തോന്നിക്കാത്തൊരു ചിത്രം. എന്നാല്‍ വീണ്ടും നോക്കുമ്പോഴല്ലേ ചിത്രത്തിലൊളിഞ്ഞിരിക്കുന്ന വമ്പന്‍ 'കോമഡി' വെളിവാകുന്നത്.

എന്താണ് സംഗതിയെന്ന് മനസിലായോ? ഇല്ലെങ്കില്‍ ചിത്രത്തിലേക്കൊന്ന് സൂക്ഷിച്ചുനോക്ക്. അതെ, കള്ളന്റെ ടീ ഷര്‍ട്ട് തന്നെയാണ് ഇതിലെ 'കോമഡി'. 'സഹീ പക്‌ഡേ ഹേ' എന്നാണ് എന്നാണ് ടീ ഷര്‍ട്ടിലെഴുതിയിരിക്കുന്ന വാചകം. 

അതായത്, 'ശരിയായ ആളെത്തന്നെ പിടിച്ചു' എന്നര്‍ത്ഥം. 'ഇങ്ങനെയും സംഭവിക്കാം' എന്ന അടിക്കുറിപ്പോടെയാണ് കൈഫ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ തമാശ മനസിലാക്കിയതിനെ തുടര്‍ന്ന് നിരവധി പേരാണ് കമന്റുകളുമായി കൈഫിന്റെ പോസ്റ്റിന് താഴെ വന്നത്. 

ടീ ഷര്‍ട്ടുകളില്‍ വാചകങ്ങളെഴുതുന്ന ട്രെന്‍ഡ് അടുത്ത കാലത്താണ് വ്യാപകമായത്. പ്രശസ്തമായ സിനിമായ ഡയലോഗുകളും, പ്രശസ്തരുടെ വാക്യങ്ങളുമെല്ലാം എഴുതുന്നതിനൊപ്പം തന്നെ ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യാര്‍ത്ഥം ഇഷ്ടപ്പെട്ട വാചകങ്ങള്‍ ടീ ഷര്‍ട്ടില്‍ പ്രിന്റ് ചെയ്‌തെടുപ്പിക്കാനും കഴിയും. 

സിനിമകളിലും സ്‌റ്റേജ് ഷോകളിലും മറ്റും തമാശയുണ്ടാക്കാനായി താരങ്ങള്‍ ഇത്തരം ടീ ഷര്‍ട്ടുകള്‍ ഉപയോഗിക്കാറുണ്ട്. ഡയലോഗുകളുടെയോ സംഭവവികാസങ്ങളുടേയോ ആവശ്യമില്ലാതെ തന്നെ കഥാപാത്രത്തിന്റെ സ്വഭാവം സ്ഥാപിക്കാനെല്ലാം ഇതുപയോഗപ്പെടാറുണ്ട്. എന്തായാലും അത്തരത്തില്‍ സന്ദര്‍ഭത്തിന് അനുയോജ്യമായ ടീ ഷര്‍ട്ടായിപ്പോയി കൈഫ് പങ്കുവച്ച ചിത്രത്തിലെ കള്ളന്റേതും. 

 

 
 
 
 
 
 
 
 
 
 
 
 
 

Aisa bhi hota hai :) #sundayfunday

A post shared by Mohammad Kaif (@mohammadkaif87) on Nov 3, 2019 at 4:35am PST