Asianet News MalayalamAsianet News Malayalam

ആഷ് മുതല്‍ ആലിയ വരെ; ആര്‍ക്കും പരീക്ഷിക്കാം ഈ നാല് 'ബ്യൂട്ടി ടിപ്‌സ്'

ബോളിവുഡ് സുന്ദരിമാരെ വച്ചാണോ, നമ്മള്‍ സാധാരണക്കാരെ ഉപദേശിക്കുന്നത് എന്ന് ചിന്തിച്ചെങ്കില്‍ തെറ്റി, ഓരോരുത്തര്‍ക്കും അവരവരുടേതായ നിലയില്‍ സൗന്ദര്യമുണ്ട്. ഇതിനെ വേണ്ടവിധത്തില്‍ പരിപാലിക്കുന്ന കാര്യത്തില്‍ നമ്മള്‍ അല്‍പം പിന്നിലാണെന്ന് മാത്രം. ചിലപ്പോഴൊക്കെ ജീവിതസാഹചര്യങ്ങളോ, മറ്റ് തിരക്കുകളോ ഒക്കെയാകാം നമ്മളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്

four beauty tips that anyone can do easily
Author
Trivandrum, First Published Dec 2, 2019, 11:07 PM IST

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പൊതുവായി ആരും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതിപ്പോള്‍ ഐശ്വര്യ റായിയോ, ആലിയ ഭട്ടോ മുതലുള്ള സന്ദരിമാര്‍ മുതല്‍ സാധാരണക്കാര്‍ക്ക് വരെ വളരെ ഈസിയായി ചെയ്യാവുന്ന ചില 'ബ്യൂട്ടി ടിപ്‌സ്' ആണത്. 

ബോളിവുഡ് സുന്ദരിമാരെ വച്ചാണോ, നമ്മള്‍ സാധാരണക്കാരെ ഉപദേശിക്കുന്നത് എന്ന് ചിന്തിച്ചെങ്കില്‍ തെറ്റി, ഓരോരുത്തര്‍ക്കും അവരവരുടേതായ നിലയില്‍ സൗന്ദര്യമുണ്ട്. ഇതിനെ വേണ്ടവിധത്തില്‍ പരിപാലിക്കുന്ന കാര്യത്തില്‍ നമ്മള്‍ അല്‍പം പിന്നിലാണെന്ന് മാത്രം. ചിലപ്പോഴൊക്കെ ജീവിതസാഹചര്യങ്ങളോ, മറ്റ് തിരക്കുകളോ ഒക്കെയാകാം നമ്മളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. 

എന്നാല്‍ അത്രയധികം സമയമോ, മെനക്കേടോ ഇല്ലാതെ ചിലത് നമുക്ക് വേണ്ടി നമുക്ക് ചെയ്യാവുന്നതാണ്. അത്തരത്തിലുള്ള നാല് 'ടിപ്‌സ്' ആണിവിടെ പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ധാരാളം വെള്ളം കുടിക്കുക. കേള്‍ക്കുമ്പോള്‍ ഇതെന്ത് 'ടിപ്' ആണെന്ന് ഒരുപക്ഷേ നിങ്ങള്‍ ചിന്തിച്ചേക്കും. പക്ഷേ വെള്ളം കുടിക്കുന്ന കാര്യം അത്ര നിസാരമായ ഒന്നല്ല. പലപ്പോഴും ആവശ്യമായ വെള്ളം പോലും മിക്കവരും ഒരുദിവസത്തില്‍ കുടിക്കുന്നില്ല. നമ്മള്‍ ഇതെക്കുറിച്ച് ബോധവാന്മാരോ ബോധവതികളോ ആകുന്നില്ലെന്ന് മാത്രം. 

ചര്‍മ്മം വരണ്ടുപോകാതിരിക്കാനും, അതുവഴി തിളക്കം നഷ്ടപ്പെടാതിരിക്കാനും ആദ്യം ചെയ്യേണ്ടത് മതിയായ വെള്ളം ശരീരത്തിലെത്തിക്കുക എന്നതാണ്. ദാഹിക്കുമ്പോള്‍ മാത്രമല്ല, ഇടയ്ക്കിടെ അല്‍പാല്‍പം വെള്ളമായി കുടിച്ച് എപ്പോഴും ശരീരത്തെ 'ഹൈഡ്രേറ്റ്' ശ്രദ്ധിക്കുക. കുടിക്കുമ്പോള്‍ ഒന്നിച്ച് കുടിക്കുകയും, അല്ലാത്തപ്പോള്‍ ഉണങ്ങിയിരിക്കുകയും ചെയ്യരുത്. അത് ശരിയായ മാര്‍ഗമല്ലെന്ന് മനസിലാക്കുക. 

രണ്ട്...

സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിന് പ്രായം തോന്നിക്കുകയും, അതിന്റെ തിളക്കം കെടുത്തുകയും ചെയ്യും. അതിനാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ പതിവാക്കുക. 

മൂന്ന്...

ഏതെങ്കിലും ഒരു മോയിസ്ചറൈസറും പതിവായി ഉപയോഗിക്കുക. ചര്‍മ്മം വിണ്ട് വരളാനും, നശിച്ചുപോകാനും ഇടയാക്കാതെ കാത്തുസൂക്ഷിക്കാന്‍ ഇതുപകരിക്കും. മാത്രമല്ല, കാലിലും കൈകളിലുമെല്ലാം ഞരമ്പ് തെളിഞ്ഞ് കാണുന്നത് ഒഴിവാക്കാനും ഇത് ഏറെ ഫലപ്രദമാണ്. 

നാല്...

ഓരോരുത്തരും അവരവരുടെ പ്രായത്തിനും ശാരീരികാവസ്ഥയ്ക്കും അനുസരിച്ച് മിതമായ വ്യായാമം എങ്കിലും ചെയ്യുക. വ്യായാമം ചെയ്യുന്നത് ശരീരത്തെ 'ഫിറ്റ്' ആക്കുമെന്ന് മാത്രമല്ല, സൗന്ദര്യം വര്‍ധിപ്പിക്കുകയും ചെയ്യും. 

Follow Us:
Download App:
  • android
  • ios