ശക്തമായ പ്രളയം നേരിട്ടുകൊണ്ടിരിക്കുന്ന അസമിലെ കസിരംഗ ദേശീയോദ്ധ്യാനത്തില്‍ നിന്ന് നാല് ദിവസം പ്രായമായ കാണ്ടാമൃഗക്കുഞ്ഞിനെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടില്‍ പെട്ട ഇതിനെ ദേശിയോദ്ധ്യാനത്തിലെ ജീവനക്കാര്‍ തന്നെയാണ് രക്ഷപെടുത്തിയത്. 

ഇന്ന് രാവിലെയോടെയാണ് ഒഴുക്കില്‍ പെട്ട കാണ്ടാമൃഗക്കുഞ്ഞ് ജീവനക്കാരുടെ കണ്ണില്‍ പെടുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തം തുടങ്ങുകയായിരുന്നു. ഇതിന്റെ അമ്മയെ എത്രയും പെട്ടെന്ന് കണ്ടെത്തി, അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജീവനക്കാര്‍ അറിയിച്ചു. 

കാണ്ടാമൃഗങ്ങളുടെ വാസകേന്ദ്രമാണ് കസിരംഗ ദേശീയോദ്ധ്യാനം. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിലും കാണ്ടാമൃഗങ്ങളുള്‍പ്പെടെയുള്ള മൃഗങ്ങള്‍ കസിരംഗയില്‍ ഒഴുക്കില്‍ പെട്ടിരുന്നു. ഇപ്രാവശ്യവും സമാനമായ ദുരവസ്ഥയിലൂടെയാണ് ഇവര്‍ കടന്നുപോകുന്നത്. 

ഇതുവരെ 109 പേര്‍ അസമില്‍ പ്രളയത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുപ്പത് ജില്ലകളിലായി അയ്യായിരത്തിലധികം ഗ്രാമങ്ങളാണ് പ്രളയക്കെടുതി നേരിട്ടുകൊണ്ടിരിക്കുന്നത്. ബീഹാറിലെ അവസ്ഥയും മോശമായി തുടരുകയാണ്. ഇവിടെ ഇതുവരെ 12 പേരാണ് പ്രളയത്തില്‍പ്പെട്ട് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. 

Also Read:- അങ്ങനെ മരണത്തിന് വിട്ടുകൊടുക്കുന്നതെങ്ങനെ? ഹൃദയം തൊടുന്ന വീഡിയോ....