രണ്ട് വ്യക്തികള്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ യോജിപ്പുകള്‍ക്കൊപ്പം തന്നെ വിയോജിപ്പുകളും ഉണ്ടാകും. കാരണം, ഓരോ വ്യക്തിയും വരുന്നത് വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഒരുപോലെ ചിന്തിക്കുകയെന്നത് ഒരിക്കലും സാധ്യമല്ല. 

ഈ വിയോജിപ്പുകളെച്ചൊല്ലി പരസ്പരം വഴക്കുണ്ടാക്കുന്നതും സാധാരണമാണ്. എന്നാല്‍ വഴക്കിനിടെ എന്തെല്ലാമാണ് പറയുന്നത് എന്ന ധാരണ സ്വയം വേണം. ചില വാക്കുകള്‍, ചില കാര്യങ്ങളെല്ലാം ഒരിക്കല്‍ പറഞ്ഞുപോയാല്‍ പിന്നീട് നീണ്ടകാലത്തേക്ക് അതിന്റെ അലയൊലികള്‍ ജീവിതത്തില്‍ വന്നുപൊയ്‌ക്കൊണ്ടേയിരിക്കും. അത്തരത്തില്‍ പങ്കാളിയോട് പറയാന്‍ പാടില്ലാത്ത നാല് കാര്യങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. 

ഒന്ന്...

ചില കാര്യങ്ങളില്‍ പങ്കാളി 'സെല്‍ഫിഷ്' ആയി പെരുമാറുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അതൊരുപക്ഷേ വസ്തുകയുമാകാം. അതായത്, ശരി നിങ്ങളുടെ ഭാഗത്ത് തന്നെയായിരിക്കാം. എങ്കില്‍ പോലും വഴക്കിനിടെ 'നിങ്ങള്‍ സ്വാര്‍ത്ഥനാണ്' എന്ന വാചകം പറയാതിരിക്കുന്നതാണ് അഭികാമ്യം. കാരണം, നിങ്ങള്‍ക്ക് വേണ്ടി ചെയ്ത പല കാര്യങ്ങളും ആ സമയത്ത് അയാളുടെ മനസില്‍ വന്നേക്കാം. അത്രയെല്ലാം ചെയ്തിട്ടും എന്നെ സ്വാര്‍ത്ഥനായി/ സ്വാര്‍ത്ഥയായി കണക്കാക്കുന്നുവെന്ന് ആ വ്യക്തി ചിന്തിച്ചേക്കാം. ഇത് പിന്നീടും മാനസികമായി അയാളെ അലട്ടിക്കൊണ്ടിരിക്കും. 

 

 

അടുത്തൊരു വഴക്ക് വരുമ്പോള്‍ ഈ ആരോപണം എടുത്തുയര്‍ത്തി പങ്കാളി ചോദ്യം ചോദിച്ചേക്കാം. അതിനാല്‍, എപ്പോഴെങ്കിലും പങ്കാളിയില്‍ നിന്ന് സ്വാര്‍ത്ഥമായ പെരുമാറ്റം അനുഭവപ്പെട്ടാല്‍ അത് വഴക്ക് കൂടുന്നതിനിടെ പ്രതിപാദിക്കാതെ പകരം, മറ്റൊരു സമയത്ത് ശാന്തമായി 'എനിക്ക് അക്കാര്യത്തില്‍ വിഷമം നേരിട്ടു'വെന്ന് പറഞ്ഞറിയിക്കാം. 

രണ്ട്...

വിവാഹിതര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ ഏറ്റവുമധികം കേട്ടിട്ടുള്ള ഒരു വാചകമാണ്, 'നിന്നെ വിവാഹം കഴിച്ചത് തന്നെ തെറ്റായിപ്പോയി', അല്ലെങ്കില്‍ 'വിവാഹം കഴിച്ചത് തന്നെ തെറ്റായ തീരുമാനപ്പോയി' എന്നെല്ലാം. ഇത്തരം ചിന്തകളെല്ലാം മനുഷ്യസഹജമായി ഓരോ സാഹചര്യത്തിലും എല്ലാവരുടേയും മനസില്‍ വരുന്നതാണ്. 

എന്നാല്‍ ഒരു വഴക്കിനിടെ ഈ വാചകം പറയുമ്പോള്‍ അത് പങ്കാളിയുടെ മനസില്‍ എളുപ്പത്തില്‍ പതിഞ്ഞുപോയേക്കാം. ഈ വ്യക്തി എന്നില്‍ നിന്ന് അകലാനാഗ്രഹിക്കുന്നു, അല്ലെങ്കില്‍ എന്നോടുള്ള ഇഷ്ടമെല്ലാം ഇദ്ദേഹത്തില്‍ തീര്‍ന്നുപോയിരിക്കുന്നു എന്ന് തുടങ്ങിയ ചിന്തകളിലേക്ക് ഇത് പങ്കാളിയെ എത്തിക്കുന്നു. ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ എപ്പോള്‍ വേണമെങ്കിലും കുരുക്കിലാക്കാവുന്ന തരം ചിന്തകളാണിത്. വീണ്ടും വഴക്കുകളും വിയോജിപ്പുകളുമുണ്ടാവുമ്പോള്‍ ഇവയെല്ലാം ആയുധമായി എടുത്ത് പ്രയോഗിക്കാനും മതി. 

മൂന്ന്...

ദാമ്പത്യബന്ധത്തില്‍ പരസ്പര ബഹുമാനത്തിന് വലിയ പ്രാധാന്യമുണ്ട്. പലപ്പോഴും വിവാഹിതര്‍ക്കിടയില്‍ ഇത് കാണാറില്ലെന്നതാണ് സത്യം. 

 

 

പുരുഷന്‍ സ്ത്രീയോടും സ്ത്രീ പുരുഷനോടും ഈ ബഹുമാനം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ 'നിന്നെക്കാള്‍ കഷ്ടപ്പെടുന്നത് ഞാനാണ്, ഞാനാണ് കുടുംബം നയിക്കുന്നത്' എന്ന തരത്തിലുള്ള വാചകങ്ങള്‍ വഴക്കിനിടെ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. 

ഇത് പങ്കാളിയില്‍ 'കോംപ്ലക്‌സ്' ഉണ്ടാകാന്‍ ഇടയാക്കും. ദാമ്പത്യത്തില്‍ ആരെങ്കിലും ഒരാളില്‍ പോലും 'കോംപ്ലക്‌സ്' ഉണ്ടായാല്‍ അത് പല തരത്തിലാണ് പിന്നീട് ബന്ധത്തെ ബാധിക്കുക. സാമ്പത്തിക വിഷയങ്ങളില്‍ തൊട്ട്, ആത്മബന്ധത്തെ വരെ തകിടം മറിക്കാന്‍ ഈ 'സുപ്പീരിയോരിറ്റി' ഇടപെടല്‍ കാരണമായേക്കാം. 

നാല്...

മാതാപിതാക്കളോട് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. എന്ത് കുറവുണ്ടെങ്കിലും അവരെ സ്‌നേഹിക്കാതിരിക്കാന്‍ മക്കള്‍ക്കാവില്ല. മറ്റാരെങ്കിലും അവരെ കുറ്റപ്പെടുത്തുന്നത് സഹിക്കാനും അവര്‍ക്ക് കഴിയില്ല. അതിനാല്‍ത്തന്നെ, വഴക്കിനിടെ പങ്കാളിയുടെ മാതാപിതാക്കളുടെ പേര് വലിച്ചിഴക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. 

ഇത് പരസ്പരം 'ഈ ഗോ' സ്പര്‍ധ വളര്‍ത്താനേ ഉപകരിക്കൂ. അതുകൊണ്ട് ഒരിക്കലും പങ്കാളിയുമായുണ്ടാകുന്ന സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ഭാഗമായി മാതാപിതാക്കളെ കുറ്റപ്പെടുത്തുകയോ അവരെ ഇകഴ്ത്തി സംസാരിക്കുകയോ അരുത്. 

 

 

സ്‌നേഹത്തിനും പ്രണയത്തിനും കരുതലിനുമൊപ്പം തന്നെ വിയോജിപ്പുകളും വഴക്കുകളുമെല്ലാം അടങ്ങുന്നതാണ് ദാമ്പത്യം. ഇത് തീര്‍ച്ചയായും മനസിലുറപ്പിക്കേണ്ടതാണ്. പരമാവധി പങ്കാളിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനാണ് ശ്രമിക്കേണ്ടത്. അത് രണ്ട് പേരും നിര്‍ബന്ധമായി ചെയ്യേണ്ടതാണ്. അങ്ങനെ വരുമ്പോള്‍ ഒരു വഴക്കിന് അത് ആവശ്യപ്പെടുന്ന സമയത്തിലധികം ആയുസുണ്ടാകില്ല. പിന്നീട് മറ്റൊരു വഴക്കിലേക്ക് ഇതിന്റെ ബാക്കി കൂട്ടിച്ചേര്‍ക്കേണ്ട കാര്യവും വരില്ല. ആരോഗ്യകരമായ വഴക്കുകളും വാഗ്വാദങ്ങളും ദാമ്പത്യത്തിലും ഉണ്ടാകട്ടെ. എന്നാല്‍ നേരത്തേ പറഞ്ഞത് പോലെ, അത് ആവശ്യപ്പെടുന്ന ആയുസില്‍ ഒതുങ്ങണം.