ഡിജിറ്റൽ ലോകത്ത് ഒറ്റപ്പെട്ടുപോയ യുവതലമുറയായ ജെൻ സി, അവരുടെ ഏകാന്തത മറികടക്കാൻ പുതിയൊരു വഴി തേടുകയാണ്. അതിൻ്റെ ഭാഗമായി അവർ തെരഞ്ഞെടുക്കുന്നത് കമ്യൂണൽ ഡൈനിങ് എന്ന ആശയമാണ്.
ഡിജിറ്റൽ ലോകത്തിൻ്റെ സന്തതികളായ ജെൻ സി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഏകാന്തത . സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും, യാഥാർത്ഥ്യ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഈ തലമുറ, ഇപ്പോൾ ഇതിനൊരു വിചിത്രമായ പരിഹാരം കണ്ടെത്തിയിരിക്കുന്നു അതാണ്, കമ്യൂണൽ ഡൈനിങ്. ഓരോരുത്തരും സ്വന്തം മൊബൈലിൽ ഒതുങ്ങിക്കൂടിയിരുന്ന കാലം മാറി. 2010-കളിൽ മില്ലേനിയൽസിനിടയിൽ ഉണ്ടായിരുന്ന ഈ സാമൂഹിക കൂട്ടായ്മ വീണ്ടും വന്നിരിക്കുകയാണ്, അതും അങ്ങ് അമേരിക്കയിൽ.
എന്താണ് കമ്യൂണൽ ഡൈനിങ്?
പേര് സൂചിപ്പിക്കുന്നത് പോലെ, വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള ആളുകൾ ഒരു വലിയ മേശയ്ക്ക് ചുറ്റും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയാണിത്. പരിചയമില്ലാത്തവരുമായി സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനുമുള്ള ഒരു അവസരം കൂടിയാണിത്. ഒരുകാലത്ത് ഇത് വെറും ആശയമായിരുന്നെങ്കിലും, ഇന്ന് 'ഏകാന്തതായ്ക്കെതിരെ പോരാടാൻ ജെൻ സി തെരഞ്ഞെടുത്ത ഏറ്റവും മികച്ച പ്രതിവിധിയായി ഇതിനെ കണക്കാക്കുന്നു.
എന്തിനാണ് ഈ തിരിച്ചു വരവ്?
ഡിജിറ്റൽ സ്‌ക്രീനുകളിൽ മാത്രം ഒതുങ്ങിക്കൂടുന്ന ശീലം സാമൂഹിക ഇടപെടലുകൾ കുറച്ചു. ഇതാണ് ജെൻ സികളെ ഏകാന്തതയിലേക്ക് തള്ളിവിട്ട പ്രധാന കാരണം. ഈ ഏകാന്തതയെ തകർക്കാനാണ് അവർ തീൻമേശകളിലേക്ക് എത്തുന്നത്.
പുതിയ സൗഹൃദങ്ങൾ: അമേരിക്കയിലെ ഒരു ഓൺലൈൻ റിസർവേഷൻ സേവന കമ്പനി നടത്തിയ പഠനമനുസരിച്ച്, 63% പേരും പുതിയ ആളുകളെ പരിചയപ്പെടാൻ കമ്യൂണൽ ഡൈനിങ് മികച്ചതാണെന്ന് അഭിപ്രായപ്പെട്ടുന്നു. അപരിചിതരുമായി രസകരമായ സംഭാഷണങ്ങൾ നടത്താൻ ഇത് അവസരം നൽകുന്നു.
ജെൻ സികൾക്ക് താൽപ്പര്യം കൂടുതൽ: ഇതേ റിപ്പോർട്ട് പ്രകാരം, കമ്യൂണൽ ഡൈനിങ് അനുഭവം ഇഷ്ടപ്പെടുന്നവരിൽ 90% പേരും ജെൻ സികളാണ്. എന്നാൽ ബൂമർമാരിൽ ഇത് 60% മാത്രമാണ്. സോഷ്യൽ ഇന്ററാക്ഷനുകൾ തണുത്തുറഞ്ഞ ഈ കാലഘട്ടത്തിൽ, ഈ ട്രെൻഡ് ഒരു വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
ചെലവ് കുറവ്: സാമൂഹിക ബന്ധങ്ങൾക്ക് പുറമെ, കമ്യൂണൽ ഡൈനിങ്ങിന് സാമ്പത്തികപരമായ നേട്ടങ്ങളുമുണ്ട്. ഒന്നിലധികം വിഭവങ്ങൾ ഓർഡർ ചെയ്ത് പങ്കിട്ടെടുത്തു കഴിക്കുമ്പോൾ ഭക്ഷണത്തിൻ്റെ ചെലവ് കുറയുന്നു. മാത്രമല്ല, ഡ്രൈവ്-ത്രൂവിലൂടെ ഭക്ഷണം വാങ്ങുന്നതിനേക്കാൾ കൂടുതൽ മികച്ച 'ഇൻ-പേഴ്‌സൺ' ഡൈനിംഗ് അനുഭവവും ഇത് നൽകുന്നു.
ഏകാന്തതയുടെ മരുന്ന് പങ്കിട്ട ഭക്ഷണമായി മാറുമോ?
എഐ ചാറ്റ്‌ബോട്ടുകളിൽ വൈകാരിക അടുപ്പം തേടുന്നതിനെക്കുറിച്ച് അടുത്തിടെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, വെർച്വൽ ലോകത്തുനിന്നും യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങിയെത്തി, മനുഷ്യബന്ധങ്ങൾ സ്ഥാപിക്കാൻ ജെൻ സി ശ്രമിക്കുന്നതിൻ്റെ സൂചനയാണ് ഈ 'കമ്യൂണൽ ഡൈനിങ്' ട്രെൻഡ്.


