Asianet News MalayalamAsianet News Malayalam

Weight Loss Diet: വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ പഴങ്ങളും പച്ചക്കറികളും

വ്യായാമവും കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ  ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. 

Fruits and Veggies that Help to lose weight
Author
First Published Sep 23, 2022, 11:53 AM IST

ദിനംപ്രതി കൂടി വരുന്ന വണ്ണം നോക്കി നെടുവീർപ്പെടുകയാണ് പലരും. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. വ്യായാമവും കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും.

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ  ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. എന്ത് ഡയറ്റുകള്‍ പിന്തുടര്‍ന്നാലും പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ മറക്കരുത്. ഫൈബര്‍ ധാരാളം അടങ്ങിയ  പഴങ്ങളും പച്ചക്കറികളും വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം...

ഒന്ന്...

ആപ്പിൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിള്‍ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല, അമിത വിശപ്പിനെയും അകറ്റാം. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്ന് ശമിക്കും. അതിലൂടെ കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയാന്‍ കഴിയും. അതുവഴി ശരീരഭാരവും നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും. 

രണ്ട്...

തക്കാളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്.  വിറ്റാമിന്‍ സിയും ഫൈറ്റോന്യൂട്രിയന്‍റസും ധാരാളമുള്ള തക്കാളി ഒരു ഫാറ്റ് കില്ലര്‍ കൂടിയാണ്. ഫൈറ്റോന്യൂട്രിയന്റ്സ് ഒരു  ആന്‍റി ഓക്സിഡന്‍റ് കൂടിയാണ്. ഇത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്...

ബെറി പഴങ്ങള്‍ ആണ് ആടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും. 

നാല്...

വെണ്ടയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ ഇവ സഹായിക്കും. കൂടാതെ കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീൻ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. 

അഞ്ച്...

പേരയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ആവോളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്കയും ഡയറ്റില്‍ ഉള്‍‌പ്പെടുത്താം. 

ആറ്...

കോളിഫ്ളവര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഫോളേറ്റ്, വിറ്റാമിന്‍ കെ, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി് ഓക്സിഡന്‍റുകള്‍ തുടങ്ങിയ പോഷണങ്ങള്‍ ധാരാളം അടങ്ങിയതാണ് ഇവ. നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ഇവ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Fruits and Veggies that Help to lose weight

 

ഏഴ്...

അവക്കാഡോ  ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം.  ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കും.

എട്ട്...

തണ്ണിമത്തന്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിന് മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും.  ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. 

Also Read: ചർമ്മം സുന്ദരമാക്കണോ? കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍...


 

Follow Us:
Download App:
  • android
  • ios