ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യുസീലാന്‍ഡിലെ 'ഫ്രാങ്ക്‌ളിന്‍ വെറ്റ്‌സ് ലൈഫ്‌സ്റ്റൈല്‍ ഫാംസ്' അവരുടെ ഫേസ്ബുക്ക് പേജില്‍ ഒരു ചെമ്മരിയാടിന്റെ ചിത്രം പങ്കുവച്ചിരുന്നു. വെറും ചെമ്മരിയാടല്ല, ബ്രാ ധരിച്ച ചെമ്മരിയാടായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റിലെ താരം.

ഈ ചിത്രങ്ങള്‍ അടിക്കുറിപ്പില്ലാതെ കണ്ടിരുന്നെങ്കില്‍ ആരും ഒന്ന് സംശയിച്ചുപോയേനെ. ഇതെന്ത് കോലം എന്ന് അമ്പരന്നുപോവുകയും ചെയ്‌തേനെ. എന്നാല്‍ ഫാം അധികൃതര്‍ രസകരമായ ചിത്രങ്ങള്‍ക്കൊപ്പം തന്നെ അതിന് പിന്നിലെ രഹസ്യവും പങ്കുവച്ചിരുന്നു.

സംഗതി മറ്റൊന്നുമല്ല, മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിരിക്കുകയാണ് 'റോസ്' എന്ന ചെമ്മരിയാട്. പ്രസവശേഷം അതിന്റെ അകിട് അസാധാരണമാം വിധം തൂങ്ങിപ്പോയി. അകിടിന്റെ ഭാരം കൊണ്ട് ആടിന് വേദനയും പ്രയാസങ്ങളും തുടങ്ങി. ഇങ്ങനെ പോയാല്‍ ആടിന് അപകടമാകുമെന്ന് ഫാം അധികൃതര്‍ക്ക് മനസിലായി.

അങ്ങനെ അതിനൊരു പരിഹാരം കാണാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്ന് ആടിനെ 'മെറ്റേണിറ്റി ബ്രാ' ധരിപ്പിച്ചുനോക്കി. പരീക്ഷണാര്‍ത്ഥം ചെയ്തതാണെങ്കിലും സംഗതി വിജയം കണ്ടുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ബ്രാ ധരിച്ചുതുടങ്ങിയ ശേഷം ആട്, ഇപ്പോള്‍ സ്വസ്ഥമായി കഴിയുന്നുണ്ടത്രേ.