ലോകമെമ്പാടും ആരാധകലക്ഷങ്ങളെ സൃഷ്ടിച്ച ടിവി സീരീസ് ആണ് 'ഗെയിം ഓഫ്‌ത്രോണ്‍സ്'. സീരീസ് ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തന്നെ ഇതിലെ താരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓരോരുത്തര്‍ക്കും അനേകം ആരാധകരുണ്ടായി. 

പ്രശസ്തിയുടെ നെറുകിലെത്തി നില്‍ക്കുമ്പോള്‍ വ്യക്തിപരമായ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് 'ഗെയിം ഓഫ് ത്രോണ്‍സ്' താരം സോഫി ടേണര്‍. താന്‍ വര്‍ഷങ്ങളോളം വിഷാദരോഗവുമായി പോരാടിയെന്നാണ് സോഫിയുടെ വെളിപ്പെടുത്തല്‍. വിഷാദരോഗവുമായി മല്ലിട്ട് മടുത്തപ്പോള്‍ സ്ഥിരമായി താന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമായിരുന്നുവെന്നും സോഫി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 

'ആത്മഹത്യയെപ്പറ്റി അത്രമാത്രം ചിന്തിച്ചുവെന്നത് എനിക്ക് തന്നെ വിചിത്രമായിട്ടാണ് തോന്നുന്നത്. പക്ഷേ അന്ന് അങ്ങനെയൊക്കെ ചിന്തിക്കാനുള്ള പാകതയേ ഉണ്ടായിരുന്നുള്ളൂ. അഞ്ചോ ആറോ വര്‍ഷത്തോളം ഞാന്‍ കടുത്ത ഡിപ്രഷന്‍ നേരിട്ടു. വീടിന് പുറത്തിറങ്ങാന്‍ മടിച്ച ദിവസങ്ങളായിരുന്നു അത്. സ്വയം സ്‌നേഹിക്കാന്‍ പഠിക്കുകയെന്നതാണ് ഇതിനെ മറികടക്കാനുള്ള വഴിയെന്ന് പിന്നീട് ഞാന്‍ പഠിച്ചു'- ഇരുപത്തിമൂന്നുകാരിയായ സോഫി പറയുന്നു. 

വിഷാദരോഗത്തില്‍ നിന്ന് കരകയറാന്‍ തന്നെ സഹായിച്ചത് പങ്കാളിയും ഗായകനുമായ ജോ ജൊനാസ് ആണെന്നും സോഫി അഭിമുഖത്തിനിടെ പറഞ്ഞു. തന്നിലുണ്ടായിരുന്ന കഴിവുകളെ പുറത്തേക്കെടുക്കാന്‍ ജോ സഹായിച്ചില്ലെങ്കില്‍ ഒരിക്കലും കഴിയുകയില്ലായിരുന്നുവെന്നും അങ്ങനെയുള്ള പങ്കാളിയെ ലഭിച്ചത് ഭാഗ്യമാണെന്നും സോഫി കൂട്ടിച്ചേര്‍ത്തു.