സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ എത്തിയ ഗേ ദമ്പതികളാണ് നിവേദും അബ്ദുല്‍ റഹീമും. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇരുവരും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയുണ്ടായി.

സെക്ഷ്വല്‍ ജീവിതത്തെ കുറിച്ച് സ്ത്രീകള്‍ പോലും തങ്ങളോട് ചോദിക്കാറുണ്ടെന്ന് നിവേദ് പറയുന്നു. 'ഞാന്‍ എന്തും  തുറന്നുസംസാരിക്കാറുണ്ട്. എല്ലാ ബന്ധങ്ങളെയും പോലെയാണ് ഗേ ബന്ധങ്ങളും. അദ്ദേഹം എന്നെ തൃപ്ത്തിപ്പെടുത്തുന്നു. അതുപോലെ തന്നെ ഞാനും അദ്ദേഹത്തെ തൃപ്ത്തിപ്പെടുത്തുന്നാണ് എന്നാണ് കരുതുന്നതെന്ന് നിവേദ് പറയുന്നു. 

തങ്ങളുടെ 'സെക്ഷ്വാലിറ്റി' എപ്പോഴാണ് തിരിച്ചറിഞ്ഞത് എന്ന ചോദ്യത്തിന് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തിരിച്ചറിഞ്ഞത് എന്നായിരുന്നു നിവേദിന്‍റെ മറുപടി. പത്രണ്ടാം ക്ലാസ്സിന് ശേഷമാണ് താനും ഇത് തിരിച്ചറിഞ്ഞത്  എന്ന് റഹീം പറയുന്നു. ബാല്യകാലാനുഭവങ്ങള്‍ ഒരാളുടെ 'സെക്ഷ്വാലിറ്റി' നിര്‍ണ്ണയിക്കുന്നതിന് കാരണമാകുമോ എന്ന ചോദ്യത്തിന് അങ്ങനെ പറയാന്‍ കഴിയില്ല എന്നായിരുന്നു രണ്ടുപേരുടെയും മറുപടി. എന്നാല്‍ തനിക്ക് ചെറുപ്പത്തിലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് നിവേദ് പറയുന്നു. 

 

കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്ന് തന്നെ ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് താന്‍ തുറന്നുപറഞ്ഞതിന് ശേഷം പലരും അത്തരത്തില്‍ തെറ്റിദ്ധരിച്ചും എന്നും നിവേദ് പറയുന്നു. ഗേ ആകാനുളള കാരണം അതാണെന്ന് പലരും വിചാരിച്ചു, എന്നാല്‍ അതൊരിക്കലും അല്ല.  അതൊരു പേടിപ്പെടുത്തുന്ന അനുഭവം ആയിരുന്നു. മാനസികമായി തളര്‍ത്തിയ അനുഭവം കൂടിയായിരുന്നു അത്.  അത്തരത്തിലൊരു പേടി ഉള്ളില്‍ കിടക്കുമ്പോള്‍ പോലും ഒരു ഗേയായി മാറിയെങ്കില്‍ അത് എന്നെ സംബന്ധിച്ച് ചലഞ്ചിങ് ആയിരുന്നു.  താന്‍ ഗേയായി മാറിയെങ്കില്‍ അത്തരം അനുഭവങ്ങള്‍ ഗേയാകുന്നതിന് കാരണം ആകുന്നില്ല എന്നും നിവേദ് പറഞ്ഞു.  

ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. 2014ലായിരുന്നു അത്. 'ഒരേ സ്ഥലത്തായിരുന്നു അന്ന് ഞങ്ങള്‍ ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് കാണുന്നതും സംസാരിക്കുന്നതും പിന്നീട് പ്രണയം പറയുന്നതും'- റഹീം പറഞ്ഞു. 

സ്വന്തം സെക്ഷ്വാലിറ്റിയെ കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെ കുറിച്ചും അവര്‍ മനസ്സുതുറന്നു. ഒറ്റയടിക്ക് അവരോട് ഇക്കാര്യം പറയുകയല്ലായിരുന്നു എന്ന് നിവേദ് പറയുന്നു. ഗേ എന്താണെന്ന് പോലും അവര്‍ക്ക് അറിയില്ലായിരുന്നു. കുറേയധികം കാലമെടുത്ത് പല ഘട്ടങ്ങളായാണ് ഇക്കാര്യം പറഞ്ഞത്. രണ്ടു വീട്ടുക്കാര്‍ക്ക് ഇപ്പോഴും ഇതൊന്നും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വിവാഹം അവരുണ്ടായിരുന്നില്ല എന്നും നിവേദ് കൂട്ടിച്ചേര്‍ത്തു. 

'വിവാഹം കഴിക്കാതെ നിങ്ങള്‍ക്കിത് രഹസ്യമാക്കി വെയ്ച്ചൂടേ എന്ന് ഒരുപാടുപേര്‍ പറഞ്ഞിരുന്നു. പ്രത്യേകിച്ച് കുടുംബത്തില്‍ നിന്നും അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഒരുപാടുപേര്‍ ഇപ്പോള്‍ ജീവിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അതിന് താല്‍പര്യമില്ലായിരുന്നു'- റഹീം പറഞ്ഞു. 

'വെറുതേ ഉപദേശിക്കാന്‍ വേണ്ടി മാത്രം കുറച്ച് കസിന്‍സുണ്ട്. നിങ്ങള്‍ക്കിത് നിങ്ങളില്‍ തന്നെ ഒതുക്കിയാല്‍ പോരേ എന്നായിരുന്നു അവരുടെ ചോദ്യം. അവരോടൊക്കെ എനിക്ക് ഇത്രേ പറയാനുളളൂ... ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാമെങ്കില്‍ എന്തുകൊണ്ട് എല്ലാവരെയും അറിയിച്ച് ജീവിച്ചൂടേ..'- നിവേദ് ചോദിക്കുന്നു. 

അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കാണാം