Asianet News MalayalamAsianet News Malayalam

ഒന്നൊന്നര പുരികം; 'ചേട്ടന്മാരുടെ' മെസേജുകള്‍ വന്ന് നിറയുകയാണെന്ന് യുവതി

സോഷ്യല്‍ മീഡിയയിലൂടെ കണ്ട ഒരു വീഡിയോ ആണ് ഇതിന് പ്രചോദനമായതെന്ന് സാറ പറയുന്നു. അസാധാരണമായ വിധത്തില്‍ പുരികത്തില്‍ കട്ടിയില്‍ മേക്കപ്പിടുന്നതായിരുന്നു വീഡിയോ. അന്ന് വെറുതെ, തമാശയ്ക്ക് വീട്ടിലിരുന്ന് കൊണ്ട് അങ്ങനെയൊന്ന് മേക്കപ്പ് ചെയ്തുനോക്കി. പക്ഷേ വീടിന് പുറത്തിറങ്ങാന്‍ പേടിയായിരുന്നുവെന്ന് സാറ പറയുന്നു

girl becomes star after she let her unibrow grow
Author
Copenhagen, First Published Jan 9, 2020, 11:51 PM IST

ഈ പുതിയകാലത്ത് പുരികം ത്രെഡ് ചെയ്ത് ഭംഗിയാക്കാത്തതായ പെണ്‍കുട്ടികള്‍ ഇല്ലെന്ന് തന്നെ പറയാം. അല്ലെങ്കില്‍ അത്രയും എണ്ണത്തില്‍ കുറവാണ് പുരികം ത്രെഡ് ചെയ്യാത്തവര്‍ എന്ന് പറയേണ്ടിവരും. ഇനി അഥവാ ത്രെഡ് ചെയ്തില്ലെങ്കിലും പരമാവധി എത്ര രോമം വളരും, ഒരു പുരികത്തിന്മേല്‍?

ഡെന്മാര്‍ക്കിലെ കോപെന്‍ഹേഗന്‍ സ്വദേശിയായ സാറ മേരി ക്ലാര്‍ക്കിനെ ഒരുനോക്ക് കണ്ടാല്‍ ഈ ചോദ്യത്തില്‍ വലിയ കഴമ്പൊന്നുമില്ലെന്ന് മനസിലാകും. ഇക്കഴിഞ്ഞ മെയ് വരെ പതിവായി പുരികം ത്രെഡ് ചെയ്തിരുന്നയാളാണ് സാറ. മെയ് തൊട്ടിങ്ങോട്ട് അതിലൊരു 'ചെയ്ഞ്ച്' ആകാമെന്ന് സാറ കരുതി.

സോഷ്യല്‍ മീഡിയയിലൂടെ കണ്ട ഒരു വീഡിയോ ആണ് ഇതിന് പ്രചോദനമായതെന്ന് സാറ പറയുന്നു. അസാധാരണമായ വിധത്തില്‍ പുരികത്തില്‍ കട്ടിയില്‍ മേക്കപ്പിടുന്നതായിരുന്നു വീഡിയോ. അന്ന് വെറുതെ, തമാശയ്ക്ക് വീട്ടിലിരുന്ന് കൊണ്ട് അങ്ങനെയൊന്ന് മേക്കപ്പ് ചെയ്തുനോക്കി. പക്ഷേ വീടിന് പുറത്തിറങ്ങാന്‍ പേടിയായിരുന്നുവെന്ന് സാറ പറയുന്നു.

എന്നാല്‍ പിന്നീടിത് സ്വയം പരീക്ഷിച്ചുനോക്കിയാലോ എന്ന ചിന്ത വന്നു. അങ്ങനെയാണ് ത്രെഡ് ചെയ്യുന്നത് നിര്‍ത്തിയത്. സംഗതി സാറ വിചാരിച്ചതിനേക്കാള്‍ കളറായി. സാറയുടേത് കൂട്ടുപുരികം കൂടിയാണ്. ഇത് കട്ടിയില്‍ ഇടതൂര്‍ന്ന്, കേറിയങ്ങ് വളരാന്‍ തുടങ്ങി. പതിനെട്ടുകാരിയായ സാറയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് അമ്മ നല്‍കുന്നത്.

എന്നാല്‍ കൂട്ടുകാരൊക്കെ ഇടയ്ക്ക് കളിയാക്കുമെന്ന് സാറ പറയുന്നു. ചിലപ്പോഴൊക്കെ പൊതു സ്ഥലങ്ങളില്‍ വച്ചും കളിയാക്കപ്പെടാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സാറ താരമാണ്. ധാരാളം 'ചേട്ടന്മാരുടെ' മെസേജുകള്‍ വന്ന് ഇന്‍ബോക്‌സ് നിറയാറുണ്ടെന്നാണ് സാറ പറയുന്നത്.

'പല പുരുഷന്മാര്‍ക്കും ഇങ്ങനെ കട്ടിയുള്ള പുരികം ഭയങ്കര ദൗര്‍ബല്യമാണെന്നാണ് തോന്നുന്നത്. അങ്ങനെ കുറേയധികം പേര്‍ എന്നെ ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ തന്നെ ഇതിനോട് ഇഷ്ടക്കേടുള്ളവരും ഉണ്ട്. പക്ഷേ എനിക്കിപ്പോള്‍ എന്റെ പുരികം കാരണം മോഡലിംഗില്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. ഞാനെന്ന വ്യക്തിയുടെ ഒരടയാളമായി പുരികം മാറിക്കഴിഞ്ഞു. എനിക്കാണെങ്കില്‍ എന്റെ ഈ ലുക്ക് തന്നെയാണിഷ്ടം. തല്‍ക്കാലം ഇങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് തീരുമാനം...'- സാറ പറയുന്നു.

തന്റെ സ്റ്റൈല്‍ കണ്ട് ആകൃഷ്ടരായ പല പെണ്‍കുട്ടികളും ഇത് അനുകരിച്ച് കണ്ടുവെന്നും എന്നാല്‍ സ്വയം ഇഷ്ടപ്പെട്ടാല്‍ മാത്രം ഇങ്ങനെ ചെയ്താല്‍ മതി- അതാണ് മാനസികമായ ആനന്ദം നല്‍കുകയെന്നും സാറ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ മോഡലിംഗില്‍ സജീവമാവുകയാണ് സാറ. ധാരാളം ഫോട്ടോഗ്രാഫര്‍മാര്‍ സാറയുടെ ഡേറ്റിനായി കാത്തുനില്‍ക്കുന്നുണ്ടെന്നുമാണ് കേള്‍വി. എന്തായാലും അല്‍പം വ്യത്യസ്തമായ ഒരു രൂപം തന്നെയാണ് സാറയുടേതെന്ന് പറയാതെ വയ്യ. അതിനെ ഇഷ്ടപ്പെടുന്നതോ ഇഷ്ടപ്പെടാതിരിക്കുന്നതോ ഓരോരുത്തരുടേയും സൗന്ദര്യസങ്കല്‍പങ്ങള്‍ പോലെയിരിക്കുമെന്ന് മാത്രം.

Follow Us:
Download App:
  • android
  • ios