കേംബ്രിഡ്ജ്ഷെയർ : ഇക്കഴിഞ്ഞ ഫെബ്രുവരി 14 , കാനഡയിലെ വാൻകൂവർ സ്വദേശിയായ ഇസബെല്ലിന് വാലന്റൈൻസ് ഡേ മാത്രമായിരുന്നില്ല. അവളുടെ പതിനെട്ടാം പിറന്നാൾ കൂടിയായിരുന്നു. അവൾക്ക് പ്രായപൂർത്തി ആകുന്ന ദിവസം. പാശ്ചാത്യരാജ്യങ്ങളിലെ കൗമാരക്കാർ യൗവ്വനത്തിലേക്ക് കാലെടുത്തുവെക്കുന്ന ഈ നിർണായക ദിനം അവരുടെ നിയമാനുസൃതമായ ആദ്യ പെഗ്ഗിന് ചിയേർസ് പറഞ്ഞുകൊണ്ട് ആഘോഷിക്കുക പതിവുണ്ട്. എന്നാൽ, ഇസബെല്ലിനെ സംബന്ധിച്ചിടത്തോളം അവളുടെ ഈ പിറന്നാൾ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായി മാറി. 2002 ഫെബ്രുവരി 14 -ന് അവളെ അമ്മ നിക്കോള പെറ്റിട്ടത് ഒരു ബാറിന്റെ മേശപ്പുറത്തേക്കാണ്. 

 


സംഭവം നടക്കുമ്പോൾ അവർ ലണ്ടനിലുള്ള കേംബ്രിഡ്ജ്ഷെയർ എന്ന സ്ഥലത്തായിരുന്നു താമസം. അവിടത്തെ  പാപ്പ് വർത്ത് ആശുപത്രിയിലെ നഴ്‌സായിരുന്നു ഇസബെല്ലിന്റെ അമ്മ. നിറഗർഭിണിയായിരുന്ന അവർ തന്റെ സുഹൃത്തുക്കളോടൊപ്പം വൈറ്റനിലുള്ള ഹാർട്ട്ഫോർഡ് മിൽ പബ്ബിൽ ഇരിക്കുമ്പോഴാണ് അവർക്ക് പ്രസവവേദന അനുഭവപ്പെടാൻ തുടങ്ങിയത്. ഉടനെ തന്നെ ഭർത്താവ് നീലിനെ വിളിച്ചു വരുത്തി ആശുപത്രിയിലേക്ക് പോകാൻ വേണ്ടി കാറിൽ കയറിയെങ്കിലും അപ്പോഴേക്കും കുഞ്ഞ് പുറത്തുവരും എന്ന അവസ്ഥയായി. ആശുപത്രിയിലേക്ക് എത്തിക്കാൻ വേണ്ട സമയം അവശേഷിക്കുന്നില്ല എന്നുകണ്ട നീൽ തന്റെ ഭാര്യയെ തിരികെ പബ്ബിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. അങ്ങനെ തികച്ചും അപ്രതീക്ഷിതമായി ആ പബ്ബിനുള്ളിൽ തയ്യാറാക്കിയ താത്കാലിക പ്രസവമുറിയിൽ നിക്കോള അന്ന് ഇസബെല്ലിന് ജന്മം നൽകി. 


 

അതിനു ശേഷം നീലും നിക്കോളയും കുഞ്ഞിനോടൊപ്പം കാനഡയിലേക്ക് കുടിയേറി. അതിനു ശേഷം തിരികെ യുകെയിലേക്ക് വരാനുള്ള സാഹചര്യം ഒരിക്കലും ഉണ്ടായിരുന്നില്ല. എന്നാൽ, പ്രായപൂർത്തിയാകുന്ന ദിവസം തന്റെ മകളെയും കൊണ്ട് തിരിച്ചു വന്ന്, ഇതേ പബ്ബിൽ നിന്ന് അവൾക്കൊരു ഡ്രിങ്ക് വാങ്ങി അവളോടൊപ്പം ചിയേർസ് അടിക്കും എന്ന് അച്ഛൻ നീൽ ഹാർട്ട്ഫോർഡ് മിൽ പബ്ബ് അധികൃതർക്ക് നൽകിയ വാഗ്ദാനമാണ് വീണ്ടും അവരെ കഴിഞ്ഞയാഴ്ച അതേ പബ്ബിലേക്ക് തിരിച്ചെത്തിച്ചത്. നീൽ തന്റെ വാക്കുപാലിച്ചു. മകളുടെ പതിനെട്ടാം പിറന്നാൾ ദിവസം, അവളെയും കൊണ്ട് നീൽ വീണ്ടും അതേ പബ്ബിലെത്തി. അച്ഛനും മകളും കൂടി ഒന്നിച്ചിരുന്ന്, അവളുടെ ആദ്യത്തെ ലീഗൽ ഡ്രിങ്കിന് ചിയേർസ് അടിച്ചു. ഇസബെല്ലയ്ക്ക് അത് ഓർത്തിരിക്കാനുള്ള ഒരനുഭവമാക്കി മാറ്റാൻ വേണ്ടി പബ് അധികൃതർ അവളെ ബാർടെൻഡറുടെ റോൾ എടുത്തണിഞ്ഞ് തന്റെ അച്ഛനും തനിക്കുമുള്ള ഡ്രിങ്ക് തയ്യാറാക്കാൻ അനുവദിച്ചു.