പതിനാറാം വയസ്സില്‍ അവള്‍ മരിക്കാന്‍ തീരുമാനിക്കുന്നു. പുറംലോകത്തിനറിയാത്ത, അവളുടേതായ കാരണങ്ങള്‍ കാണും അതിന് പിന്നില്‍. എന്നാല്‍ മരണത്തിലേക്ക് സ്വയം നടന്നുകയറാന്‍ അല്‍പം പേടിയായതിനാലോ എന്തോ, അക്കാര്യത്തില്‍ രണ്ടാമതൊരു അഭിപ്രായം തേടാന്‍ അവള്‍ തീരുമാനിച്ചു. 

മരിക്കാനുറച്ച ഒരാളെ സംബന്ധിച്ചിടത്തോളം രണ്ടാമതൊരു അഭിപ്രായം തേടുന്നത് വളരെ നല്ല തീരുമാനമാണ്. കാരണം മിക്കവാറും രണ്ടാമതൊരാളുടെ അഭിപ്രായം 'അരുത്' എന്നാകാനേ സാധ്യതയുള്ളൂ. എന്നാല്‍ ഇത് മറിച്ചായാലോ?

അതുതന്നെയാണ് അവള്‍ക്കും സംവിച്ചത്. മലേഷ്യയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ആത്മഹത്യയുടെ പിന്നാമ്പുറങ്ങള്‍ ആരെയും അമ്പരിപ്പിക്കും. പതിനാറുകാരിയായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ ഒരു വോട്ടിംഗ് നടത്തി. താന്‍ മരിക്കണോ അതോ ജീവിക്കണോ എന്നായിരുന്നു ചോദ്യം. 

ആ ചോദ്യത്തോട് നിരവധി പേര്‍ പ്രതികരിച്ചു. അതില്‍ 69 ശതമാനം പേരും മരണം തെരഞ്ഞെടുക്കാനായിരുന്നു അവളോട് ആവശ്യപ്പെട്ടത്. വൈകാതെ അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി അവള്‍ ആത്മഹത്യ ചെയ്തു. 

അവളുടെ മരണം ഇപ്പോള്‍ മലേഷ്യയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നത് നിയമപരമായി കുറ്റകൃത്യമായിട്ടാണ് മലേഷ്യയില്‍ കണക്കാക്കുന്നത്. അതിന് പ്രേരിപ്പിക്കുന്നതും കുറ്റകരം തന്നെ. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയോട് മരിച്ചോളാന്‍ പറഞ്ഞ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെതിരെ കേസെടുക്കണമെന്നാണ് ഒരു പക്ഷത്തിന്റെ വാദം.

അതേസമയം, ഈ സംഭവം വിരല്‍ചൂണ്ടുന്നത് കൗമാരക്കാരും സമൂഹമാധ്യമങ്ങളും തമ്മിലുള്ള അനാരോഗ്യകരമായ ബന്ധമാണെന്ന് വാദിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ഭൂരിഭാഗം ആളുകളും മരിക്കേണ്ടെന്ന് പറഞ്ഞിരുന്നുവെങ്കില്‍ അവള്‍ മരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുമായിരുന്നോ? ജിവിച്ചിരിക്കുമായിരുന്നോ? എന്നാണ് ഇവരുടെ ചോദ്യങ്ങള്‍. 

സമൂഹമാധ്യമങ്ങളും കൗമാരക്കാരും...

കൗമാരക്കാരില്‍ 90 ശതമാനവും സമൂഹമാധ്യങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ കാര്യമാണിത്. ഇതില്‍ 75 ശതമാനം പേര്‍ക്കും സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ സ്വന്തമായിട്ടുണ്ട്. 51 ശതമാനം പേരും ദിവസവും സമൂഹമാധ്യങ്ങളില്‍ കയറിനോക്കുന്നവരാണ്. മൂന്നില്‍ രണ്ട് വിഭാഗം കൗമാരക്കാര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ സ്വന്തമായി കയ്യിലുണ്ട്. 

സുഹൃത്തുക്കളുമായി നിരന്തരം ആശയവിനിമയം നടത്താം, വായന, എഴുത്ത് - എന്നിങ്ങനെയല്ലാമുള്ള ഗുണങ്ങളുണ്ടെങ്കിലും കൗമാരക്കാരില്‍ സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഉണ്ടാക്കുന്ന അപകടങ്ങളും നിരവധിയാണ്. അവയില്‍ പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങള്‍ പറയാം. 

1. തെറ്റായ വസ്തുതകള്‍ വിശ്വസിക്കാനും, അത് സത്യമാണെന്ന് മനസിലുറപ്പിക്കാനും കാരണമാകും.

2. അപകടകരമായ ബന്ധങ്ങളിലേക്ക് പോകാനും, അതുവഴി പല പ്രശ്‌നങ്ങളിലേക്കുമെത്താനുള്ള സാധ്യത.

3. സൈബറിടത്തിലെ അപമാനിക്കല്‍, ഒറ്റപ്പെടുത്തല്‍ ഇതെല്ലാം കൗമാരക്കാരെ എളുപ്പത്തില്‍ ബാധിക്കും. 

4. ജീവിതത്തിലെ സകല കാര്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ തോന്നും. അതായത് സ്വകാര്യത നഷ്ടമാകുന്ന അവസ്ഥയുണ്ടാകും.

5. ധാരാളം പരസ്യങ്ങള്‍ കാണാനുള്ള സാഹചര്യമുണ്ടാകുന്നു. അതുവഴി പല ഉത്പന്നങ്ങളിലും നിരന്തരം ആകൃഷ്ടരാവുകയും അത് വാങ്ങാന്‍ വാശി പിടിക്കുകയും ചെയ്യും. 

6. ജീവിതശൈലികളില്‍ വരുന്ന വ്യത്യാസം. ഉറക്കം, ഭക്ഷണം, വ്യായാമം, പഠനം, കുടുംബകാര്യങ്ങള്‍ മറ്റ് ജോലികള്‍ എല്ലാം താളം തെറ്റുന്ന അവസ്ഥ. 

സമൂഹമാധ്യമങ്ങള്‍ക്ക് കൗമാരക്കാരുടെ മനസ് എളുപ്പത്തില്‍ ആകര്‍ഷിക്കാനാവുമെന്ന് ചൈല്‍ഡ് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. എന്റെ ലോകം ഇതുതന്നെയാണ് ഇവര്‍ പറയുന്നത് പോലെയാണ് ഞാന്‍ ജീവിക്കേണ്ടത് എന്ന അപക്വമായ ബോധം അവരിലുണ്ടാകുന്നു.

ഇതൊക്കെത്തന്നെയായിരിക്കാം മലേഷ്യയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്കും സംഭവിച്ചത്. അല്ലെങ്കില്‍ ഭൂരിഭാഗം പേരും ശരിവച്ചു എന്നതുകൊണ്ട് ഒരു വ്യക്തി സ്വയം ഇല്ലാതാക്കാന്‍ തീരുമാനമെടുക്കില്ലല്ലോ! എന്തായാലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ ബോധവത്കരണമാണ് മലേഷ്യയില്‍ ആരംഭിച്ചിരിക്കുന്നത്.