ഒരുപാട് ഇഷ്ടത്തോടെ, കാലങ്ങളായി നമ്മള്‍ സൂക്ഷിക്കുന്ന എന്തെങ്കിലും സാധനം മോഷണം പോയാല്‍ നമുക്കത് സഹിക്കാനാവില്ല, അല്ലേ? എന്നാല്‍ മോഷണം പോയത് ജീവനെപ്പോലെ കാത്തുസൂക്ഷിക്കുന്ന, അത്രയും പ്രധാനപ്പെട്ട എന്തെങ്കിലുമാണെങ്കിലോ! 

അത്തരമൊരു കഥയാണ് കാനഡയിലെ വെസ്റ്റ് എന്‍ഡില്‍ നിന്ന് പുറത്തുവരുന്നത്. മാര സൊറിയാനോ എന്ന ഇരുപത്തിയെട്ടുകാരിയുടെ ഒരു കരടിപ്പാവ നഷ്ടപ്പെട്ടിരിക്കുന്നു. വീട് മാറുന്നതിനിടെ മറ്റ് പല വിലപിടിപ്പുള്ള സാധനങ്ങള്‍ക്കൊപ്പം ബാഗോടുകൂടിയാണ് കരടിയെ ആരോ മോഷ്ടിച്ചത്. 

ഇപ്പോള്‍ അവള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. ആ പാവ, ആരുടെ കയ്യിലാണെങ്കിലും അത് സൊറിയാനോയ്ക്ക് തിരികെ കൊടുക്കണമെന്നാണ് എല്ലാവരുടേയും ആവശ്യം. 

പാവയെ തിരികെ നല്‍കുന്നയാള്‍ക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ചു ഹോളിവുഡ് നടനായ റയാന്‍ റെയ്‌നോള്‍ഡ്‌സ്. അതിനുമാത്രം എന്താണ് ആ പാവയിലുള്ളതെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. സൊറിയാനോയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവളുടെ ജീവന്‍ തന്നെയാണ് അതിലുള്ളത്. 

 

 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയ ഫിലിപ്പീന്‍ കുടുംബത്തിലെ അംഗമാണ് സൊറിയാനോ. അന്ന് സൊറിയാനോ കുട്ടിയാണ്. പിന്നീട് പഠിച്ചതും വളര്‍ന്നതുമെല്ലാം അമ്മയുടെ തണലിലാണ്. ആ അമ്മ, കഴിഞ്ഞ വര്‍ഷം ജൂണില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. 

അമ്മ മരിക്കും മുമ്പ് റെക്കോര്‍ഡ് ചെയ്ത ശബ്ദം ആ കരടിപ്പാവയ്ക്കകത്ത് പിടിപ്പിച്ചിരിക്കുകയാണ് സൊറിയാനോ. പണ്ടുതൊട്ടേ വീട്ടിലുണ്ടായിരുന്ന പാവയാണത്. താന്‍ ഇരുപത്തിയേഴ് വര്‍ഷമായി കാണാത്ത അമ്മയെ ആണ്- ആ ശബ്ദം കേള്‍ക്കുമ്പോള്‍ കാണാനാകുന്നത് എന്നാണ് സൊറിയാനോ പറയുന്നത്. 

 

 

'എന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നുവെന്നും ഞാന്‍ മകളായതില്‍ അമ്മയ്ക്ക് അഭിമാനമുണ്ടെന്നും അമ്മ എന്നെന്നും എന്റെ കൂടെ ഉണ്ടായിരിക്കുമെന്നുമാണ് ആ റെക്കോര്‍ഡിലുള്ളത്. സത്യത്തില്‍ ഞാനെന്റെ അമ്മയെ അതിന് മുമ്പൊന്നും ഇത്രയും മനോഹരമായി കേട്ടട്ടില്ല. അത്രയും സ്‌പെഷ്യലാണ് എനിക്കാ വോയിസ് ക്ലിപ്പ്. അത് ആ പാവയ്ക്കുള്ളിലാണുള്ളത്. മാത്രമല്ല, ഞങ്ങളുടെ ഫിലിപ്പീന്‍ ഭാഷയില്‍ ഐ ലവ് യൂ എന്ന് ആ പാവ പറയും. അത് കേള്‍ക്കുമ്പോഴും അതിനെ കാണുമ്പോഴുമൊക്കെ എനിക്ക് വീടോര്‍മ്മ വരും. കുടുംബവുമായി എനിക്ക് ഇന്ന് നിലനില്‍ക്കുന്ന ഏക ബന്ധം- കണ്ണി - ഒക്കെ ആ പാവയാണ്. ഐ പോഡടക്കം വില പിടിപ്പുള്ള പലതും ആ ബാഗിലുണ്ടായിരുന്നു. എനിക്കതൊന്നും വേണ്ട. പകരം ആ പാവയെ കിട്ടിയാല്‍ മതി, അതില്ലാതെ എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയില്ല...'- സൊറിയാനോയുടെ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

പങ്കാളിക്കൊപ്പം പുതിയ വീട്ടില്‍ താമസം തുടങ്ങുമ്പോള്‍ കൂടെ അമ്മയില്ലാത്ത ദുഖത്തിലാണ് സൊറിയാനോ. അത് മോഷ്ടിച്ചത് ആരാണെങ്കിലും തിരികെ നല്‍കുമെന്ന് തന്നെയാണ് അവളിപ്പോഴും പ്രതീക്ഷിക്കുന്നത്. അവള്‍ക്കൊപ്പം പ്രതീക്ഷകള്‍ പകര്‍ന്ന് നിരവധി പേരാണ് പാവയ്ക്കായി കാത്തിരിക്കുന്നത്.

Also Read:- ഉടമസ്ഥയായ സ്ത്രീ മരിച്ചു, സങ്കടം സഹിക്കാനാവാതെ വളർത്തുപട്ടി നാലാം നിലയിൽ നിന്ന് ചാടി മരിച്ചു...