ലോകരാജ്യങ്ങളെ ആകെമാനം ആശങ്കയിലാക്കി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ വൈറസ് സ്ഥിരീകരിച്ച രോഗികളുമായി ബന്ധുക്കള്‍ സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഓരോ രാജ്യങ്ങളിലും ഏര്‍പ്പെടുത്തുന്നത്. മുഴുവനായി അടച്ചിട്ട മുറികളിലാണ് മിക്കവാറും സ്ഥലങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചവരെ താമസിപ്പിക്കുന്നത്. 

ഇത്തരത്തില്‍ അടച്ചിട്ട മുറികളുടെ ജനാലയ്ക്ക് പുറത്തുനിന്ന് ചില്ലിലൂടെ പ്രിയപ്പെട്ടവരെ കാണുന്നവരുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പലയിടത്ത് നിന്നും പുറത്തുവന്നിരുന്നു. അതിനിടെ യുഎസില്‍ നിന്ന് ഹൃദയം തൊടുന്ന ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. 

വിവാഹമുറപ്പിച്ച കാര്യം പ്രിയപ്പെട്ട മുത്തച്ഛനോട് പറയാനെത്തിയതായിരുന്നു കാര്‍ലി ബോയ്ഡ് എന്ന യുവതി. എന്നാല്‍ കൊവിഡ് ബാധിതനായ വൃദ്ധന്‍ മുഴുവനായി അടച്ചിട്ട മുറിയിലാണുള്ളതെന്നും അങ്ങോട്ട് പോകാനാവില്ലെന്നും അറിഞ്ഞതോടെ കാര്‍ലി നിരാശയായി. തുടര്‍ന്നാണ് ജനാലച്ചില്ലിനപ്പുറം നിന്ന് കാണാമെന്ന് നഴ്‌സിംഗ് ഹോം അധികൃതര്‍ അറിയിച്ചത്. 

എണ്‍പത് പിന്നിട്ട, കാര്‍ലിയുടെ മുത്തച്ഛന് മറവിരോഗമുള്ളതിനാല്‍ തന്നെ അദ്ദേഹത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ വശമില്ല. അതുകൊണ്ട് ഫോണിലൂടെ കാര്യം പറഞ്ഞ് മനസിലാക്കാനാകുമില്ല. ഒടുവില്‍ ജനാലയ്ക്കപ്പുറത്ത് നിന്ന് ചില്ലിന് മുകളില്‍ കാര്‍ലി തന്റെ കൈ വച്ചുനിന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ അകത്ത് നിന്ന് മുത്തച്ഛനും കൈ എടുത്തുവച്ചു. 

ഹൃദ്യമായ ഈ നിമിഷം പകര്‍ത്തിയത് നഴ്‌സിംഗ് ഹോം അധികൃതര്‍ തന്നെയായിരുന്നു. പിന്നീട് കാര്‍ലി, കയ്യിലെ മോതിരം കാണിച്ചുകൊണ്ട് എങ്ങനെയൊക്കെയോ മുത്തച്ഛനെ കാര്യം ബോധിപ്പിച്ചു മടങ്ങി. തുടര്‍ന്ന് നഴ്‌സിംഗ് ഹോം അധികൃതര്‍ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ ചിത്രങ്ങള്‍ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് പേര്‍ കമന്റും നല്‍കിയിട്ടുണ്ട്. ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്ത് ഷെയറും ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.