ലോകമൊന്നാകെ കൊറോണ വൈറസ് എന്ന മാരക രോഗകാരിയെ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ മറുവശത്ത് തികച്ചും അനാരോഗ്യകരമായ തരത്തില്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുകയാണ് മറ്റു ചിലര്‍. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ടിക് ടോക് വീഡിയോ. 

'കൊറോണ വൈറസ് ചലഞ്ച്' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചലഞ്ചിന്റെ ഭാഗമായി മിയാമി സ്വദേശിയായ ആവ ലൂയിസ് എന്ന ഇരുപത്തിരണ്ടുകാരി ചെയ്ത വീഡിയോയെ കുറിച്ചാണ് പറയുന്നത്. പലരും കൈ കഴുകി വൃത്തിയാക്കുന്നതും, മാസ്‌ക് ധരിച്ച് പുറത്തുപോകുന്നതുമെല്ലം വീഡിയോ എടുത്ത് 'ചലഞ്ച്' ചെയ്യുമ്പോള്‍ ആവ ചെയ്തത് ആരിലും അറപ്പുളവാക്കുന്ന ഒരു പ്രവര്‍ത്തിയായിരുന്നു. 

വിമാനത്തിലെ ടോയ്‌ലറ്റിനകത്ത് കുനിഞ്ഞിരുന്ന് ടോയ്‌ലറ്റ് സീറ്റ് നാക്ക് കൊണ്ട് വടിച്ച് കാണിച്ചുകൊണ്ടാണ് ആവ വീഡിയോ എടുത്തത്. പിന്നീട് ഇത് ടിക് ടോകിലൂടെയും ട്വിറ്ററിലൂടെയും പങ്കുവച്ചു. എന്താണ് ഈ വീഡിയോ കൊണ്ട് ആവ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ വ്യപകമായ വിമര്‍ശനമാണ് ഇന്റര്‍നെറ്റ് ലോകത്തില്‍ നിന്ന് യുവതിക്കെതിരെ വരുന്നത്. 

ട്വിറ്ററില്‍ മാത്രം ലക്ഷക്കണക്കിന് പേരാണ് ആവയുടെ വീഡിയോ കണ്ടത്. ശുചിത്വത്തിന്റെ കാര്യത്തില്‍ ഇത്രമാത്രം ശ്രദ്ധ പുലര്‍ത്തേണ്ട സമയത്ത് കേവലം ശ്രദ്ധ ലഭിക്കുക എന്ന ലക്ഷ്യത്തിന് മാത്രമായി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത് മോശമായിപ്പോയി എന്ന അഭിപ്രായമാണ് മിക്കവരും ഉയര്‍ത്തിക്കാട്ടിയത്. 

എന്തായാലും സംഗതി വിവാദമായതോടെ ട്വിറ്ററിലൂടെ ആവ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. താന്‍ ഒരു 'സോഷ്യല്‍ എക്‌സ്പിരിമെന്റ്' ആണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്നും മറ്റൊരു ലക്ഷ്യവും ഇതിന് പിന്നിലില്ലെന്നുമാണ് ആവയുടെ വിശദീകരണം.