ജെൻ സി സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ടിക്ടോക്കിൽ, ട്രെൻഡാക്കിയ പുതിയ ജീവിതശൈലിയാണ് ‘സോബർ ക്യൂരിയസ്’ മദ്യപാനം പൂർണ്ണമായി ഉപേക്ഷിക്കാതെ, അതിൻ്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച്……………
മദ്യത്തിന് അടിമപ്പെടാതെ ആഘോഷങ്ങളെന്തും ആസ്വദിക്കുക. അതായത്, മദ്യപാനം പൂർണമായി ഉപേക്ഷിക്കാതെ, അതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജിജ്ഞാസ കാണിക്കുക. ഇതാണ് ഇന്ന് സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ടിക്ടോക്കിൽ തരംഗമാകുന്ന 'സോബർ ക്യൂരിയസ്' എന്ന പുതിയ ജീവിതശൈലി. പുതിയ തലമുറയായ ജെൻ സി ഏറ്റെടുത്ത ഈ ട്രെൻഡ്, ലോകമെമ്പാടുമുള്ള മദ്യപാന രീതിയെ അടിമുടി മാറ്റുന്നു.
എന്താണ് 'സോബർ ക്യൂരിയസ്' ട്രെൻഡ്?
സോബർ ക്യൂരിയസ് എന്ന വാക്ക് സൂചിപ്പിക്കുന്നത് മദ്യപാനമില്ലാത്ത ജീവിതത്തെക്കുറിച്ച് ആകാംക്ഷയുള്ളവർ എന്നാണ്. ഇത് പൂർണ്ണമായി മദ്യം ഉപേക്ഷിക്കുന്ന രീതിയല്ല. മറിച്ച് മദ്യപാനം കുറയ്ക്കുന്നതിനും അല്ലെങ്കിൽ തൽകാലികമായി ഒഴിവാക്കുന്നതിനുമുള്ള ഒരു മൈൻഡ്ഫുൾ ഡ്രിങ്കിംഗ് രീതിയാണിത്. ഒരുകാലത്ത് വളരെ കൂളായി കാണ്ടിരുന്ന മദ്യപാന ശീലം, ഇന്ന് ജെൻ സി കളുടെ കണ്ണിൽ ആരോഗ്യത്തിനും മാനസികാവസ്ഥയ്ക്കും ഹാനികരമായ ഒന്നായി മാറുകയാണ്.
ടിക്ടോക്കിൽ എങ്ങനെ വൈറലായി ?
ആരോഗ്യപരമായ ഒരു ചർച്ച എന്നതിലുപരി, 'സോബർ ക്യൂരിയസ്' ഒരു സോഷ്യൽ മീഡിയ മൂവ്‌മെന്റായി മാറിയത് ടിക്ടോക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയാണ്. #SoberCurious എന്ന ഹാഷ്ടാഗ് ഈ യാത്രയിൽ പങ്കുചേരുന്ന ദശലക്ഷക്കണക്കിന് ആളുകളെ ഒരുമിപ്പിച്ചു. മദ്യപാനം ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് സഹായകമായ DIY മോക്ക്‌ടെയിൽ പാചകക്കുറിപ്പുകൾ, മോട്ടിവേഷണൽ വീഡിയോകൾ എന്നിവ ഈ കമ്മ്യൂണിറ്റി പങ്കുവെക്കുന്നു. സെൻഡായ, സാക് എഫ്രോൺ, ആൻ ഹാതവേ, ബ്രാഡ് പിറ്റ് തുടങ്ങിയ ലോകപ്രശസ്ത താരങ്ങൾ പോലും ഈ ഹാഷ്ടാഗിന് പിന്തുണയുമായി രംഗത്തുണ്ട്.
ജെൻ സി എന്തുകൊണ്ട് മദ്യം വേണ്ടെന്ന് വെക്കുന്നു?
പഴയ തലമുറയ്ക്ക് വിനോദത്തിന്റെ ഭാഗമായിരുന്നു മദ്യം, എന്നാൽ ജെൻ സികൾക്ക് ശാരീരികവും മാനസികവുമായ തിരിച്ചടിയാണിത്. ഇതിന് പിന്നിൽ ശക്തമായ ആരോഗ്യപരമായ കാരണങ്ങളുണ്ട്:
- ന്യൂറോസയൻസിന്റെ സ്വാധീനം: സമൂഹ മാധ്യമങ്ങളിൽ ഏറെ സ്വാധീനമുള്ള ആരോഗ്യ വിദഗ്ധരുടെ മദ്യപാനത്തിനെതിരായ പോഡ്കാസ്റ്റുകളും വീഡിയോകളും ജെൻ സി ഏറെ ഗൗരവപരമായി കാണുന്നുവെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. ന്യൂറോ സയൻസ് വിദഗ്ധനായ ഡോ. ആൻഡ്രൂ ഹ്യൂബർമാൻ പോലുള്ളവരുടെ പോഡ്കാസ്റ്റുകളിലെ നിർദ്ദേശങ്ങൾ ജെൻ സി അംഗികരിക്കുന്നതായാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.
- ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം: മദ്യപാനത്തിന്റെ അളവ് എത്ര കുറവായാലും അത് ഏഴ് തരം കാൻസറിന് വരെ കാരണമാകാമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
- കാനഡയിലെ ആരോഗ്യ ഉപദേശക സമിതി മുമ്പ് സ്ത്രീകൾക്ക് ആഴ്ചയിൽ 10, പുരുഷന്മാർക്ക് 15 എന്ന നിരക്കിൽ മദ്യപാനം അനുവദിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ ഇത് ആഴ്ചയിൽ 2 ഡ്രിങ്ക്‌സിൽ കൂടുതലാവരുത് എന്ന് മുന്നറിയിപ്പ് നൽകുന്നു. മദ്യപാനം വിഷാദരോഗം, ഉത്കണ്ഠ എന്നിവ വർദ്ധിപ്പിക്കുമെന്ന അവബോധം ജെൻ സികൾക്കുണ്ട്. അതിനാൽ, മനസ്സിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അവർ മദ്യം ഒഴിവാക്കുന്നു.
മദ്യപാന സംസ്കാരത്തിലെ മാറ്റം
കാനഡയിലെ കണക്കുകൾ പ്രകാരം, ആഴ്ചയിൽ ആറ് ഡ്രിങ്ക്സ് കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പുകൾ വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിലപാട് അനുസരിച്ച്, സുരക്ഷിതമായ മദ്യപാനത്തിന് അളവില്ല. പൂർണ്ണമായ മദ്യവിമുക്തിയിലേക്ക് നീങ്ങുന്നില്ലെങ്കിലും, 'സോബറിഷ്' എന്ന ഈ പുതിയ ശീലം കാരണം റെസ്റ്റോറന്റുകളിലും ബാറുകളിലും മദ്യമില്ലാത്ത കോക്ക്ടെയിലുകൾ ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ജെൻ സികളുടെ ഈ ട്രെൻഡ്, നിലവിലെ മദ്യപാന സംസ്കാരത്തിൽ മാറ്റങ്ങൾ വരുത്തുകയും, ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആളുകളെ കൂടുതൽ അടുപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.


