ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി - ഇങ്ങനെ പോകുന്നു കൊതുകുകള്‍ പരത്തുന്ന പ്രധാനപ്പെട്ട രോഗങ്ങളുടെ പട്ടിക. ഇവയില്‍ പലതും മരണത്തിന് വരെ കാരണമാകുന്നയത്രയും ഗൗരവമുള്ളതാണ്

ഓരോ വര്‍ഷവും ലോകത്തിന്റെ പല ഭാഗങ്ങളിലായി പത്ത് ലക്ഷത്തോളം മരണമാണ് കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ മൂലമുണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ലക്ഷക്കണക്കിന് പേര്‍ അസുഖങ്ങള്‍ കൊണ്ട് വലയുകയും ചെയ്യുന്നു. 

ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി - ഇങ്ങനെ പോകുന്നു കൊതുകുകള്‍ പരത്തുന്ന പ്രധാനപ്പെട്ട രോഗങ്ങളുടെ പട്ടിക. ഇവയില്‍ പലതും മരണത്തിന് വരെ കാരണമാകുന്നയത്രയും ഗൗരവമുള്ളതാണ്. 

മഴക്കാലമെത്തുന്നതോടെയും, വേനലില്‍ ജലസ്രോതസുകള്‍ വറ്റുന്നതോടെയുമെല്ലാം കൊതുകുകള്‍ പെരുകുന്നതോര്‍ത്തും അവ പരത്തുന്ന രോഗങ്ങളെപ്പറ്റി ആശങ്കപ്പെട്ടുമെല്ലാമാണ് നമ്മള്‍ കഴിയാറ്. കൊതുകുകളെ തുരത്താന്‍ ഫലപ്രദമായ ഒരു മാര്‍ഗവും നമുക്ക് മുന്നില്‍ ഇതുവരെ തുറന്നുകിട്ടിയിട്ടില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പദ്ധതിയുമായി രംഗത്തെത്തിയരിക്കുകയാണ് 'ഗൂഗിള്‍'. 'ആല്‍ഫബെറ്റ്' എന്ന ഗൂഗിളിന്റെ മാതൃകമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'വെരിലി' റിസര്‍ച്ച് സെന്ററാണ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2017ലാണ് ഇതിന് തുടക്കമായത്. 

തങ്ങളുടെ ലാബില്‍ വച്ച് 'വൊല്‍ബാക്കിയ' എന്ന ബാക്ടീരിയത്തെ കയറ്റിവിട്ട പതിനഞ്ച് ലക്ഷം കൊതുകുകളെ അവര്‍ കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ നഗരത്തിലും പരിസരങ്ങളിലുമായി തുറന്നുവിട്ടു. മനുഷ്യനെ കടിക്കാത്ത നിരുപദ്രവകാരികളായ ആണ്‍കൊതുകുകളായിരുന്നു ഇവ. ഇവയുമായി ഇണ ചേരുന്ന മറ്റ് പെണ്‍കൊതുകുകള്‍ക്ക് മുട്ടയിട്ട് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടും. അങ്ങനെ കൊതുകുകള്‍ പെരുകുന്ന സാഹചര്യമുണ്ടാകാതെയാകും. 

ആദ്യശ്രമം വലിയ രീതിയില്‍ വിജയമായിരിക്കുന്നുവെന്നാണ് ഇപ്പോള്‍ 'ഗൂഗിള്‍' അറിയിക്കുന്നത്. ഏതാണ്ട് 95 ശതമാനത്തോളം കൊതുകുകളെയും തുരത്താന്‍ ഈ 'ഡീബഗ്' പദ്ധതി സഹായിച്ചുവത്രേ. പ്രസീല്‍, വിയറ്റ്‌നാം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും പദ്ധതി നടത്തിവരികയാണ്. ഇനി ലോകത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.