പരദൂഷണം പറയുന്നവരെ നിയന്ത്രിക്കാന്‍ ഒരു സംവിധാനം ഉണ്ടെങ്കിലോ? ഫിലിപ്പീന്‍സിലെ ബിനാലോനാന്‍ എന്ന പട്ടണത്തില്‍ പക്ഷേ, പരദൂഷണം നിയന്ത്രിക്കാന്‍ പുതിയൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മുനിസിപ്പാലിറ്റി

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും കൊള്ളാം, ആരെയെങ്കിലും എന്തെങ്കിലും കുറ്റം പറയാതെ ജീവിക്കാനാകില്ലെന്ന അവസ്ഥയിലുള്ള എത്ര പേരെ നമ്മള്‍ നിത്യവും കാണുന്നു. മറ്റുള്ളവരുടെ പോരായ്മകളും കഴിവുകേടുകളും പിന്നെയും പിന്നെയും ചര്‍ച്ച ചെയ്ത് സന്തോഷം കണ്ടെത്തുന്ന ഇക്കൂട്ടരെ പക്ഷേ, നിയന്ത്രിക്കാന്‍ നമുക്ക് തല്‍ക്കാലം സംവിധാനങ്ങളൊന്നുമില്ലതാനും. 

എന്നാല്‍ ഇങ്ങനെ പരദൂഷണം പറയുന്നവരെ നിയന്ത്രിക്കാന്‍ ഒരു സംവിധാനം ഉണ്ടെങ്കിലോ? ഫിലിപ്പീന്‍സിലെ ബിനാലോനാന്‍ എന്ന പട്ടണത്തില്‍ പക്ഷേ, പരദൂഷണം നിയന്ത്രിക്കാന്‍ പുതിയൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മുനിസിപ്പാലിറ്റി. 

മറ്റൊന്നുമല്ല, പുതിയൊരു നിയമം തന്നെയാണ് മുനിസിപ്പാലിറ്റി ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. ആരും തമ്മില്‍ പരദൂഷണം പറയാന്‍ പാടില്ല, അഥവാ പരദൂഷണം പറഞ്ഞതായി തെളിഞ്ഞാല്‍ അതിന് ശിക്ഷയുമുണ്ട്. പിഴയും മൂന്ന് മണിക്കൂര്‍ നേരത്തെ സാമൂഹികസേവനവുമാണ് ആദ്യഘട്ടത്തില്‍ ശിക്ഷ. വീണ്ടും ഇതാവര്‍ത്തിച്ചാല്‍ കൂടുതല്‍ തുക പിഴയും എട്ട് മണിക്കൂര്‍ സാമൂഹിക സേവനവും!

പരദൂഷണം പറയുന്നത് ഒരു സമൂഹത്തെ മോശം നിലയിലെത്തിക്കുമെന്നും അത് നിരോധിക്കുന്നതിലൂടെ ആര്‍ക്കും മാതൃകയാക്കാവുന്ന തരത്തില്‍ ആ സമൂഹം ഉയരുമെന്നുമാണ് പുതിയ നിയമം കൊണ്ടുവന്ന മേയര്‍ വിശദീകരിക്കുന്നത്. പലരെയും ഇത്തരത്തില്‍ പരദൂഷണം പറഞ്ഞുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ശിക്ഷിച്ചതായും മേയര്‍ അറിയിച്ചു.