മാഡ്രിഡ്: ജീവിതത്തില്‍ അത്ഭുതം സംഭവിക്കുന്നുവെന്ന് എപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ടാകും. കൊവിഡ് കാലം അത് നേരിട്ട് അനുഭവിക്കാന്‍ കൂടിയുള്ളതാണ്. കൊവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യത പ്രായമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ 106 വയസ്സുള്ള മുത്തശ്ശി കൊവിഡിനെ തോല്‍പ്പിച്ചിരിക്കുന്നു. ഇാതാദ്യമായല്ല, അന ഡെല്‍ വാല്ലെ എന്ന മുത്തശ്ശി മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുന്നത്. 

1918 ല്‍ ലോകത്തിന്‍റെ മൂന്നിലൊന്നിനെ ബാധിച്ച സ്പാനിഷ് ഫ്ലൂ എന്ന രോഗത്തെ തന്‍റെ നാലാം വയസില്‍ ചെറുത്തുതോല്‍പ്പിച്ചതാണ് അന. ലോകം കണ്ടതില്‍ വച്ച് എറ്റവും വലിയ മഹാമാരികളിലൊന്നായിരുന്നു സ്പാനിഷ് ഫ്ലൂ. 500 ദശലക്ഷം പേരെ ബാധിച്ച ഈ രോഗം 36 മാസമാണ് നീണ്ടുനിന്നത്. 1918 ജനുവരിയില്‍ ആരംഭിച്ച് 1920 ഡിസംബറിലാണ് ഈ മഹാമാരി ശമിച്ചത്. 

ഇന്ന് 102 വര്‍ഷങ്ങള്‍ക്കിപ്പുറം കൊവിഡ‍ിനെയും ഈ മുത്തശ്ശി തോല്‍പ്പിക്കുമ്പോള്‍ അത്ഭുതമെന്ന് പറയാനാകുമോ! അല്‍കല ഡെല്‍ വാല്ലെയിലെ നഴ്സിംഗ് ഹോമിലായിരുന്നു അന താമസിച്ചിരുന്നത്. രോഗബാധയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മുത്തശ്ശിയെ ലാ ലിനിയയിലെ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇപ്പോള്‍ അവര്‍ പൂര്‍ണ്ണമായും കൊവിഡിനെ തോല്‍പ്പിച്ചുകഴിഞ്ഞു. 

1913ലാണ് അന ജനിച്ചത്. ലോകത്തെ ഏറ്റവും പ്രായംകൂടിയ കൊവിഡ് രോഗമുക്തരില്‍ ഒരാളാണ് ഈ മുത്തശ്ശി. ഒന്നാം സ്ഥാനം 107കാരിയായ ഡച്ച് സ്വദേശി കൊര്‍ണേലിയ ആണ്. സ്പെയിനില്‍ 101 വയസ്സുള്ള രണ്ട് പേര്‍കൂടി കൊവിഡ് മുക്തി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.