മദ്യം, സിഗരറ്റ് അടക്കമുള്ള സാധനങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കരുതെന്ന നിയമം ഉണ്ട്. എന്നാലിത്തരം ഉത്പന്നങ്ങളൊന്നും തന്‍റെ ഓര്‍ഡറില്‍ ഇല്ലായിരുന്നുവെന്നാണ് വില്യം പറയുന്നത്.

ഏത് തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളാണെങ്കിലും അവര്‍ക്ക് കച്ചവടത്തില്‍ ചില നിയമങ്ങളും നയങ്ങളുമെല്ലാം സ്വന്തമായിത്തന്നെ ഉണ്ടാകും. എന്നാല്‍ ഇങ്ങനെയുള്ള നിയമങ്ങളോ നയങ്ങളോ ഒന്നും ഉപഭോക്താവിനെ മോശമായി ബാധിക്കുന്നതാകരുത്. കാരണം, അത് സ്ഥാപനത്തിന്‍റെ നല്ല പേരിനെയും കച്ചവടത്തെയും ഒരുപോലെ ബാധിക്കുന്നതാണ്. 

ഇവിടെയിതാ ഒരു കമ്പനിയുടെ നയം ഉപഭോക്താവിനെ കാര്യമായ രീതിയില്‍ തന്നെ ബാധിച്ച സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇംഗ്ലണ്ടിലെ മിഡില്‍സ്ബര്‍ഗിലാണ് സംഭവം. 

രോഗബാധിതനായ മുപ്പത്തിയേഴുകാരനായ വില്യം വില്‍ഫ്രഡ‍് എന്നയാള്‍ യുകെയിലെ ഏറ്റവും വലിയ ഫുഡ് ചെയിനുകളിലൊന്നായ 'സെയിൻസ്ബറി'യില്‍ നിന്ന് കുറച്ചധികം ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. പ്രമേഹവും സിസ്റ്റിക് ഫൈബ്രോസിസുമുള്ള വില്യം പുറത്തുപോയി സാധനങ്ങള്‍ വാങ്ങാനുള്ള ബുദ്ധിമുട്ട് മൂലമാണ് ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍ ഓര്‍ഡറെത്തിയപ്പോള്‍ ഇത് വില്യമിന് കൈമാറാൻ ഡെലിവെറി ഏജന്‍റ് വിസമ്മതിക്കുകയായിരുന്നു. കാഴ്ചയില്‍ പ്രായം തോന്നിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ഡെലിവെറി നിഷേധിച്ചതത്രേ. ഐഡി കാര്‍ഡ് കാണിക്കാനും ഏജന്‍റ് ആവശ്യപ്പെട്ടു. ഐഡി കാര്‍ഡ് കാണിക്കാൻ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ഡെലിവെറി ക്യാൻസലായി. 

താൻ തന്‍റെ ജനന സര്‍ട്ഫിക്കറ്റ് കാണിക്കാമെന്ന് വരെ പറഞ്ഞുനോക്കിയെന്നാണ് വില്യം പറയുന്നത്. എന്നാല്‍ കമ്പനി നയം അനുസരിച്ച് ഐഡി കാര്‍ഡ് തന്നെ കാണിക്കണമെന്ന് ഏജന്‍റ് ഉറപ്പിച്ചുപറഞ്ഞു. ഇതോടെയാണ് സാധനങ്ങള്‍ മടക്കിയെടുക്കാൻ ഇദ്ദേഹം തീരുമാനിച്ചതത്രേ. 

ഡെലിവെറി ക്യാൻസലായതിനെ തുടര്‍ന്ന് കമ്പനി പണം തിരികെ നല്‍കി. എങ്കിലും അസാധാരണമായ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഇതോടെ സംഭവത്തില്‍ കമ്പനി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വില്യമിനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രോഖപ്പെടുത്തുന്നതായും കമ്പനി അറിയിച്ചു.

മദ്യം, സിഗരറ്റ് അടക്കമുള്ള സാധനങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കരുതെന്ന നിയമം ഉണ്ട്. എന്നാലിത്തരം ഉത്പന്നങ്ങളൊന്നും തന്‍റെ ഓര്‍ഡറില്‍ ഇല്ലായിരുന്നുവെന്നാണ് വില്യം പറയുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഓര്‍ഡര്‍ ക്യാൻസലായതെന്ന് അറിയില്ലെന്നും വില്യം പറയുന്നു. 

Also Read:- ബിരിയാണി ഓര്‍ഡര്‍ അനുഭവം പങ്കുവച്ച് ട്വീറ്റ് ; കമന്‍റ് ബോക്സ് നിറഞ്ഞ് ഫുഡ് ഓര്‍ഡര്‍ അനുഭവങ്ങള്‍