താലികെട്ടിന് അല്‍പസമയം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. വധുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മണ്ഡപത്തിലേക്കാനയിച്ച് ഇരുത്തി. തുടര്‍ന്ന് വരന്റെ ഊഴമായിരുന്നു. ചില സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കുകയായിരുന്ന വരന്‍ പതിയെ എഴുന്നേറ്റ് മണ്ഡപം ലക്ഷ്യമാക്കി നടന്നു
ഛപ്ര: വിവാഹദിവസം പട്ടുസാരിയും ആഭരണങ്ങളും പൂവുമെല്ലാം അണിഞ്ഞ് മണ്ഡപത്തിലെത്തിയ വധുവിന് നിരാശയോടെ മടക്കം. ബീഹാറിലെ ഛപ്രയിലാണ് വരന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വിവാഹം അലങ്കോലമായത്.
ഇരുപതുകാരിയായ റിങ്കി കുമാരിയുടെയും ബബ്ലു കുമാറിന്റെയും വിവാഹ ദിവസം. താലികെട്ടിന് അല്‍പസമയം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. വധുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മണ്ഡപത്തിലേക്കാനയിച്ച് ഇരുത്തി. തുടര്‍ന്ന് വരന്റെ ഊഴമായിരുന്നു. ചില സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കുകയായിരുന്ന വരന്‍ പതിയെ എഴുന്നേറ്റ് മണ്ഡപം ലക്ഷ്യമാക്കി നടന്നു.
ഒരടി പോലും ബബ്ലു കുമാറിന് വൃത്തിയായി വയ്ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആദ്യം ഇതെന്താണ് സംഭവമെന്ന് ആര്‍ക്കും മനസ്സിലായില്ല. പിന്നെയാണ് മദ്യപിച്ച് സമനില തെറ്റിയതാണ് സംഗതിയെന്ന് മനസ്സിലായത്. ചുറ്റും എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ബബ്ലുവിനുണ്ടായിരുന്നില്ലയെന്നാണ് വധുവിന്റെ പിതാവ് പ്രതികരിച്ചത്.
വരന്‍ ബോധമില്ലാതെ നടന്നുവരുന്നത് കണ്ട വധു ഉടന്‍ തന്നെ, മണ്ഡപത്തില്‍ നിന്നെഴുന്നേറ്റ് മാതാപിതാക്കളോട് വിവാഹം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇരുകുടുംബങ്ങളും വധുവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റിങ്കി തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു.
'എന്താണ് നടക്കുന്നത് എന്നുപോലും അയാള്‍ നിശ്ചയമില്ലായിരുന്നു. മണ്ഡപത്തില്‍ കയറി അയാള്‍ വളരെ മോശമായാണ് പെരുമാറിയത്. അതുകൊണ്ടുതന്നെ എന്റെ മകള്‍ക്ക് ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടിവന്നു'- വധുവിന്റെ അച്ഛന്‍ ത്രിഭുവന്‍ ഷാ പറഞ്ഞു.
വിവാഹം നിര്‍ത്തിവച്ചതിന് പിന്നാലെ നല്‍കിയ സ്ത്രീധനം മുഴുവന്‍ തിരിച്ചുവാങ്ങിച്ച ശേഷം മാത്രമേ വരന്റെ വീട്ടുകാരെ റിങ്കിയുടെ വീട്ടുകാര്‍ തിരിച്ചയച്ചുള്ളൂ.
ബീഹാറില്‍ സമാനമായ സംഭവങ്ങള്‍ മുമ്പും പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016ല്‍ മദ്യനിരോധനം നടപ്പിലാക്കിയെങ്കിലും ബീഹാറില്‍ നിയമവിരുദ്ധമായി മദ്യവില്‍പന വ്യാപകമായി നടക്കുന്നുണ്ടെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. ധാരാളം യുവാക്കളാണ് ഇവിടെ മദ്യത്തിന് അടിമകളായിത്തീര്‍ന്നിരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ജനുവരിയിലും സമാനമായൊരു സംഭവം നളന്ദയില്‍ നടന്നിരുന്നു. അന്നും വരന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വധു വിവാഹം നിര്‍ത്തിവയ്ക്കുകയായിരുന്നു.
