മുംബൈ: വൈല്‍ഡ് ലൈഫ് റിസോര്‍ട്ടില്‍ റിസപ്ഷന്‍, അവിടേക്കെത്തുന്ന നൂറുകണക്കിന് പേര്‍, രുചിയൂറുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍... ഇങ്ങനെ വലിയ സ്വപന്ങ്ങളായിരുന്നു സുഷെന്‍ ഡാംഗിനും കീര്‍ത്തി നരാംഗിനും തങ്ങളുടെ വിവാഹത്തെക്കുറിച്ച്. എന്നാല്‍ ഇരുവരുടെയും സ്വപ്നങ്ങളെ കൊവിഡ‍് തകിടം മറിച്ചു. ലോകം മുഴുവന്‍ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയും ലോക്ക്ഡൗണിലായതോടെ ഇരുവരും വീഡിയോ ആപ്പ് ആയ 'സൂം' ലൂടെയാണ് വിവാഹം കഴിച്ചത്. 

ജ്യോതിഷ പ്രകാരമാണ് സുഷെന്‍ ഡാംഗിന്‍റെയും കീര്‍ത്തി നരാംഗിന്‍റെയും വിവാഹ തീയതി ഉറപ്പിച്ചത്. മുംബൈയിലെ വീട്ടിലിരുന്ന 26കാരനായ ഡാംഗും കുടുംബവും ബറൈലിയില്‍ ഇരുന്ന് നരാംഗും കുടുംബവും സൂമിലൂടെ വിവാഹത്തില്‍ പങ്കെടുത്തു. വരനും വധുവും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം കഴിക്കുന്ന അപൂര്‍വ്വ നിമിഷങ്ങളിലൊന്നായിരുന്നു ഇത്. 

അമ്മയുടെ വിവാഹ ലഹങ്ക ധരിച്ചാണ് നാരാംഗ് എത്തിയത്. ഡാംഗും പാരമ്പര്യ വിവാഹവേഷത്തിലാണ് എത്തിയത്. വിവാഹത്തിന് മംഗളം ചൊല്ലിയ പുരോഹിതന്‍ റായ്പൂരിലായിരുന്നു.  അദ്ദേഹം അവിടെ വച്ച് ആചാരങ്ങള്‍ നടത്തി. അഗ്നി പൂജ ചെയ്തു. തുടര്‍ന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കന്യാദാനം നടത്താന്‍ വധുവിന്‍റെ പിതാവിനോട് ആവശ്യപ്പെട്ടു. നൂറോളം പേര്‍ സൂമിലൂടെ തന്നെ വധൂവരന്മാര്‍ക്ക് മംഗളം ആശംസിച്ചു. സ്വപ്നങ്ങളില്‍ നിന്ന് മാറി ഇങ്ങനെയൊരു വിവാഹം ഞങ്ങള്‍ പ്രതിക്ഷിച്ചതേയല്ലെന്ന് ഡാംഗ് പറ‌ഞ്ഞു. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് വിവാഹ തീയതി തീരുമാനിച്ചവര്‍ ലളിതമായി വിവാഹം നടത്താന്‍ നിര്‍ബന്ധിതരാകുകയാണ്. ഇതോടെ  വിവാഹത്തിലൂടെയുള്ള ആര്‍ഭാടം കുറയ്ക്കുക എന്ന സര്‍ക്കാറിന്‍റെ കാലങ്ങളായുള്ള ആവശ്യവും നടക്കുന്നുവെന്നത് മറ്റൊരു വസ്തുതയാണ്.