വഡോദര: അടുക്കളയിൽ ശബ്ദം കേട്ട് പുലർച്ചെ ഞെട്ടിയുണർന്ന വീട്ടമ്മ മുതലയെ കണ്ട് ഭയന്നുവിറച്ചു. ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. നിമിഷ ഗോഹിൽ എന്ന 19 കാരിയായ പെൺകുട്ടിയാണ് അതിരാവിലെ മുതലയെ അടുക്കളയിൽ കണ്ട് ഞെട്ടിയത്. വനം വകുപ്പ് അധികൃതർ എത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് മുതലയെ പിടികൂടിയത്. 

ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ദാഹം തീർക്കാൻ വെള്ളം കുടിക്കാൻ വേണ്ടിയാണ് നിമിഷ എഴുന്നേറ്റത്. അടുക്കളയിൽ എത്തിയപ്പോൾ അവിടെ അപ്രതീക്ഷിതമായി മുതലയെ കണ്ടു. ഉടനെ തന്നെ അമ്മ രാധാബെൻ ഗോഹിലിനെ വിളിച്ചുണർത്തി. ആദ്യം നിമിഷ സ്വപ്നം കണ്ടതാവുമെന്നാണ് രാധാബെൻ കരുതിയതെങ്കിലും മുതലയെ നേരിട്ട് കണ്ടപ്പോൾ സംശയം മാറി.

അടുക്കളയിലെ തറയിൽ കിടക്കുകയായിരുന്നു മുതല. നാലര അടിയോളം നീളമുണ്ടായിരുന്നു മുതലയ്ക്ക്. അടുക്കളയിലെ പാത്രത്തിൽ നിന്ന് വെള്ളംകുടിക്കുകയായിരുന്നു മുതലയെന്ന് രാധാബെൻ പറഞ്ഞു.  മുതലയെ കണ്ടെന്ന് അറിഞ്ഞ് വീട്ടിലേക്ക് ഗ്രാമവാസികൾ ഒന്നടങ്കം എത്തി. നർമ്മദ നദിയുടെ അരികത്താണ് ഈ ഗ്രാമം. കടുത്ത വരൾച്ചയെ തുടർന്ന് വെള്ളം തേടിയിറങ്ങിയതാവും മുതലയെന്നാണ് കരുതുന്നത്.

വനം വകുപ്പ് അധികൃതരും ഒരു സർക്കാരിതര സംഘടനയുടെ പ്രതിനിധികളും ചേർന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് മുതലയെ പിടികൂടിയത്. വഡോദരയുടെ മധ്യഭാഗത്ത് കൂടി ഒഴുകുന്ന വിശ്വമിത്ര നദിയിൽ നിരവധി മുതലകളുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.