സൽവാർ കമ്മീസ് ധാരിയായ ഈ മുപ്പത്തഞ്ചുകാരി  ഒറ്റനോട്ടത്തിൽ മറ്റേതൊരു ഉത്തരേന്ത്യൻ വീട്ടമ്മയെപ്പോലെയും തന്നെയാണ് . ഹരിയാനയിലെ മേവാത്തിലെ കാമാ ഗ്രാമത്തിലാണ് ഇവരുടെ വീട്. തികഞ്ഞ ശാന്തപ്രകൃതം. എന്നാൽ, കയ്യിൽ ഒരു സ്മാർട്ട് ഫോൺ വന്നാൽ, ഞൊടിയിട കൊണ്ട് മേൽപ്പറഞ്ഞ ശാന്തതയും സൗമ്യതയുമൊക്കെ അപ്രത്യക്ഷമാകും. സോഷ്യൽ നെറ്റ്‌വർക്കിൽ അവരുടെ പേര് 'നാസ് ഖാൻ' എന്നാണ്. ജാട്ട് ബെൽറ്റിലെ ഹണി ട്രാപ്പിങ് ക്രിമിനലുകളിൽ ഏറ്റവും കുപ്രസിദ്ധയാണ് ഈ യുവതി. 

ആരെയും മയക്കുന്ന ശബ്ദം, സാമൂഹ്യമാധ്യമങ്ങളിൽ പുരുഷന്മാരെ വളച്ചെടുക്കാനുള്ള കഴിവ് എന്നിവയാണ് നാസ് ഖാന്റെ  സവിശേഷതകൾ. ആൾ ചില്ലറക്കാരിയല്ല. പ്രൊഫഷണൽ ഹണി ട്രാപ്പറാണ് ഇവർ. കൊട്ടേഷൻ എടുത്താണ് പലപ്പോഴും  പ്രവർത്തനം. അല്ലാത്തപ്പോൾ പണത്തിന് ആവശ്യമുള്ളപ്പോൾ സ്വമേധേയാൽ ഉള്ള ആളെപ്പറ്റിക്കലും ഉണ്ട്. പുരുഷന്മാരോട് സോഷ്യൽ മീഡിയയിൽ അടുത്തിടപഴകുക, അവരുമായി ചിത്രങ്ങളും വീഡിയോയും മറ്റും കൈമാറുക, അതിനു ശേഷം നേരിൽ കാണുക, ബന്ധപ്പെടുക, ഏറ്റവുമൊടുവിൽ, ഇതിന്റെയൊക്കെ തെളിവുകൾ കാണിച്ചുകൊണ്ട് പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടുക. ഇതാണ് നാസിന്റെ സ്ഥിരം പ്രവർത്തനശൈലി. ബലാത്സംഗം ചെയ്തു എന്ന് പോലീസിൽ പരാതി നൽകും എന്ന ഭീഷണി പലരെയും നാസ് ചോദിക്കുന്ന പണം കൊടുക്കാൻ നിർബന്ധിതരാക്കും. 

കഴിഞ്ഞ മാസം ഒരു ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട്  രാജസ്ഥാൻ പൊലീസിന്റെ അതിഥിയായി ഒരു മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നതോടെയാണ് നാസ് ഖാൻ പ്രശസ്തയാകുന്നത്. എന്നാൽ, പൊലീസ് പിടിച്ചതോ, ജയിലിൽ ആയതോ ഒന്നും തന്നെ നാസിനെ ഒട്ടും തളർത്തിയിട്ടില്ല. പുറത്തിറങ്ങി അടുത്ത ദിവസം മുതൽ തന്നെ അവർ വീണ്ടും കളത്തിലിറങ്ങി അതേ പരിപാടി തുടങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.  ഓൺലൈൻ ഫ്രോഡ് കഷ്ടപ്പാട് നിറഞ്ഞ പണിയാണ്, ഹണി ട്രാപ്പിങ്ങ് ആണ് കൂടുതൽ എളുപ്പവും, കൂടുതൽ ആദായകരവും എന്നാണ് നാസ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഇന്ത്യൻ പുരുഷന്മാർക്ക് അവരവരുടെ ഇമേജ് വലിയ കാര്യമാണെന്നും, എന്തൊക്കെ തട്ടിപ്പുകൾ പ്രവർത്തിച്ചാലും ഇമേജ് തകരാതിരിക്കാൻ എത്ര പണം വേണമെങ്കിലും ഇറക്കാൻ അവർക്ക് ഒരു മടിയുമില്ല എന്നും നാസ് ഖാൻ പറഞ്ഞു .

ദിവസേന ഏഴുമണിക്കൂറോളം ഇരകളെ തപ്പി ഓൺലൈൻ ഇരിക്കാറുണ്ടെന്നാണ് നാസ് ഖാൻ ട്രിബ്യൂൺ പത്രത്തോട് പറഞ്ഞത്. ഫേസ്ബുക്കും വാട്ട്സാപ്പുമാണ് പ്രധാന മേച്ചിൽപ്പുറങ്ങൾ. നാല്പതുകളിലുള്ള മധ്യവയസ്കരായ പുരുഷന്മാരാണ് സ്ഥിരമായി കെണിയിൽ എളുപ്പത്തിൽ വന്നു ചാടാറുള്ളതത്രേ. രാജസ്ഥാനിളെയും ഹരിയാനയിലെയും പൊലീസ് സ്റ്റേഷനുകളിലാണ് പത്തിലധികം ബലാത്സംഗക്കേസുകൾ ഫയൽ ചെയ്തിട്ടുള്ള നാസ് പറയുന്നത്, ജീവിക്കാൻ   വേറെ നിവൃത്തിയൊന്നുമില്ലാത്തതുകൊണ്ട് മാത്രമാണ് ഈ പണി ചെയ്തു ജീവിക്കുന്നതെന്നാണ്. അധികം മിനക്കേടില്ലാതെ ഒരു സ്മാർട്ട് ഫോൺ വഴിക്കുതന്നെ വേണ്ടത്ര കാശുകിട്ടുമ്പോൾ എന്തിന് വേണ്ടെന്നു വെക്കണം എന്നാണ് നാസ് ഖാൻ ചോദിക്കുന്നത്. 

താൻ ഒറ്റയ്ക്കല്ല ഈ ബിസിനസ്സിൽ എന്നും നാസ് പറയുന്നുണ്ട്. മേവാത്തിന്റെ പരിസരത്തുള്ള രാം ഗഢ്, നൗഗാവ്, ഗോവിന്ദ് ഗഢ്, പഹാഡി, കൈത്ത് വാഡ എന്നിവിടങ്ങളിലായി തന്നെപ്പോലെ തന്നെ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന അമ്പതോളം പേരെങ്കിലും ഉണ്ടെന്ന് നാസ് വെളിപ്പെടുത്തി. രണ്ടോ മൂന്നോ പുരുഷന്മാരെക്കൂടി സംഘത്തിൽ കൂട്ടുന്ന ഈ സ്ത്രീകൾ ഒരു ഇരയിൽ നിന്ന് ചുരുങ്ങിയത് അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ നിഷ്പ്രയാസം ഊറ്റിയെടുക്കുമത്രേ. 

ഇരകളെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഈ സംഘങ്ങൾ ദിവസങ്ങളോളം വളരെ ക്ലോസായി നിരീക്ഷിക്കാറുണ്ട്. ബന്ധങ്ങൾ ഉപയോഗിച്ച് നിയമപരമായോ, പൊലീസ് വഴിക്കോ അത്രയെളുപ്പത്തിൽ തങ്ങൾക്ക് പ്രയാസങ്ങളുണ്ടാക്കാൻ സാധ്യതയില്ലാത്ത ആളുകളെയാണ് അവർ കുടുക്കാൻ വേണ്ടി തെരഞ്ഞെടുക്കുന്നത്. പണം കൈമാറിക്കഴിഞ്ഞാൽ അതുവരെ ചാറ്റിങ്ങിനും മറ്റും ഉപയോഗിച്ച  സിം കാർഡുകളും ഫോണുകളും മറ്റും ഉടനടി നശിപ്പിക്കുന്ന പതിവും ഈ സ്ത്രീകൾക്കും അവരുടെ കൂട്ടാളികൾക്കുമുണ്ട്. നഗരങ്ങളിൽ നിന്നു മാറിയുള്ള പട്ടണങ്ങളിലെ ചെറു ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് ഹരിയാനയിൽ ഇപ്പോൾ ഈ ഹണി ട്രാപ്പിങ്ങ് തട്ടിപ്പുകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.